തട്ടിമുട്ടി പന്തിന്റെ കളി, തകർത്തടിക്കുന്ന സഞ്ജുവിനെ എത്ര നാൾ മാറ്റിനിർത്തും? ഏകദിന ടീമിലേക്ക് സാധ്യതയേറുന്നു, മുന്നിലുണ്ട് ലോകകപ്പ്

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 25, 2026 07:19 PM IST

1 minute Read

 X@BCCI
സഞ്ജു സാംസൺ, ഋഷഭ് പന്ത്. Photo: X@BCCI

മുംബൈ∙ ട്വന്റി20 ലോകകപ്പില്‍ നിര്‍ണായക പ്രകടനം നടത്തി ഇന്ത്യയ്ക്കു കിരീടം നേടിക്കൊടുത്തതിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ അടുത്ത വർഷത്തെ ഏകദിന ലോകകപ്പിലും കളിപ്പിക്കണമെന്ന ആവശ്യം ശക്തം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി രണ്ടു സെ‍ഞ്ചറികൾ നേടിയ സഞ്ജു മികച്ച ഫോമിലാണ്. അതേസമയം ഇന്ത്യയുടെ ഏകദിന ഫോര്‍മാറ്റിലെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഫോം കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇതോടെയാണ് ഏകദിനത്തിൽ ഋഷഭിനു പകരം സഞ്ജു വരുമോയെന്ന ചോദ്യം സജീവമാകുന്നത്.

ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ ഋഷഭ് പന്ത് ഏഴു കളികളിൽനിന്ന് 147 റൺസാണു സ്വന്തമാക്കിയത്. 132.43 സ്ട്രൈക്ക് റേറ്റിലാണു താരം ബാറ്റു ചെയ്യുന്നത്. ഹൈദരാബാദിനെതിരെ അർധ സെഞ്ചറി (68) നേടിയത് മാറ്റിനിർത്തിയാൽ പന്തിന്റെ ഭാഗത്തുനിന്ന് മറ്റൊരു മികച്ച പ്രകടനം ഉണ്ടായിട്ടില്ല. അതേസമയം ചെന്നൈ സൂപ്പർ കിങ്സിലെ ആദ്യ സീസണിൽ രണ്ടു സെഞ്ചറികളുൾപ്പടെ 293 റൺസ് മലയാളി താരം സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാണ് ഏകദിന ലോകകപ്പ് ആതിഥേയർ. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളിൽ സഞ്ജു പുറത്തെടുത്ത ഗംഭീര പ്രകടനങ്ങളും താരത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്ക്കായി 16 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു, ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളുമുൾപ്പടെ 510 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ കളിച്ചിട്ടുള്ള രണ്ട് ഇന്നിങ്സുകളിൽ 120 റൺസ് സഞ്ജു അടിച്ചിട്ടുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുള്ള പന്തിന് 101 റൺസാണു നേടാനായത്. സഞ്ജുവിന് ഏകദിന ഫോർമാറ്റിലും ആവശ്യത്തിന് അവസരങ്ങൾ ഒരുക്കണമെന്നും ഈ പ്രകടനങ്ങൾ എത്ര നാൾ കണ്ടില്ലെന്നു നടിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നുകഴിഞ്ഞു. 

ഇന്ത്യൻ പ്രീമിയർ ലീഗിനു പിന്നാലെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര കളിക്കുന്നുണ്ട്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ തയാറെടുപ്പുകളും ഈ മത്സരങ്ങളോടെയാണു തുടങ്ങുക. ട്വന്റി20 ലോകകപ്പിൽ നിർണായക പ്രകടനങ്ങൾ നടത്തിയ സഞ്ജുവിനെ ഏകദിന ടീമിലേക്കും പരീക്ഷിക്കാൻ തീരുമാനിച്ചാൽ, സ്വാഭാവികമായും ഋഷഭ് പന്ത് ടീമിനു പുറത്തുപോകാൻ സാധ്യതയുണ്ട്. ഋഷഭ് പന്തിനു പുറമേ, കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ എന്നിവരും ഏകദിന ലോകകപ്പ് ടീമിന്റെ ‘റഡാറിലുള്ള’ വിക്കറ്റ് കീപ്പർ ബാറ്റർ‍മാരാണ്.

English Summary:

Sanju Samson's exceptional show successful the T20 World Cup has intensified calls for his inclusion successful the upcoming ODI World Cup

Read Entire Article