Published: August 19, 2026 04:26 PM IST
1 minute Read
തിരുവനന്തപുരം ∙ രാജ്യത്തെ പ്രധാന കായിക ബഹുമതിയായ അർജുന അവാർഡിന് അർഹനായതിന്റെ അഭിമാന വാർത്തയെത്തുമ്പോൾ വി.മുഹമ്മദ് അജ്മലിന്റെ മനസ്സ് നിറയെ മാതാവ് ആസിയയുടെ മുഖമാണ്. ഹൃദയാഘാതം മൂലം കഴിഞ്ഞമാസം 30നായിരുന്നു ആസിയയുടെ വിയോഗം. ചെറുപ്പത്തിൽ കായികരംഗത്തേക്ക് കാൽ എടുത്തുവച്ചതു മുതൽ കരിയറിലെ ഉയർച്ചതാഴ്ചകളിൽ അജ്‌മലിന് തണൽ മരമായി നിന്നത് ആസിയയാണ്. ഒടുവിൽ നാളിതുവരെ കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായി രാജ്യത്തിന്റെ ആദരം മകനെത്തേടിയെത്തുമ്പോൾ അത് കാണാൻ ഉമ്മ ഇല്ലല്ലോ എന്ന സങ്കടം മാത്രമാണ് അജ്‌മലിന്റെ മനസ്സിൽ. കാൽമുട്ടിനേറ്റ പരുക്കിനെ അതിജീവിച്ച് ശസ്ത്രക്രിയയ്ക്കുശേഷം നേട്ടങ്ങളിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുന്ന അജ്‌മലിന് ‘എനർജി ഡ്രിങ്ക്’ കൂടിയാണ് ഈ അർജുന ബഹുമതി.
കഠിനാധ്വാനത്തിലൂടെയും സ്ഥിരതയുള്ള പ്രകടനങ്ങളിലൂടെയും കൈവരിച്ച വിജയങ്ങളുടെ കരുത്തിലാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അജ്മൽ ഇന്ത്യൻ കായിക ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തത്. ഇന്ത്യൻ അത്‌ലറ്റിക്സിൽ പ്രതിഭകളുടെ കൂട്ടയിടിയുള്ള മത്സരയിനമാണ് പുരുഷൻമാരുടെ 4– 400 റിലേ. ഈ മത്സരയിനത്തിൽ രാജ്യം കൈവരിച്ച വലിയ വിജയങ്ങളുടെയെല്ലാം അമരത്ത് അജ്മലുമുണ്ടായിരുന്നു. 2023 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ റിലേ ടീം ഫൈനലിലെത്തിയപ്പോൾ ടീമിലെ ഫാസ്റ്റസ്റ്റ് അജ്മലായിരുന്നു. അതേ വർഷം ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 4–400 റിലേയിൽ സ്വർണവും മിക്സ്ഡ് റിലേയിൽ വെള്ളിയും നേടിയ താരം തന്റെ ആദ്യ ഏഷ്യൻ ഗെയിംസ് അവിസ്മരണീയമാക്കി. 2024 പാരിസ് ഒളിംപിക്സിലും അജ്മൽ ഇന്ത്യൻ ടീമിനായി ബാറ്റൺ പിടിച്ചു.
ഫുട്ബോള്‍ താരമായിരുന്ന അജ്മൽ, പ്ലസ് വൺ പഠനത്തിന് പാലക്കാട് കല്ലടി എച്ച്എസ്എസിൽ എത്തിയശേഷമാണ് അത്‌ലറ്റിക്സിലേക്കു ചുവടുമാറ്റിയത്. കാൽമുട്ടിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ അജ്മലിന് കഴിഞ്ഞവർഷം പൂർണമായി മത്സരക്കളത്തിന് പുറത്തുനിൽക്കേണ്ടിവന്നു. ഇതോടെ ഈ വർഷത്തെ ഏഷ്യൻഗെയിംസിനുള്ള ടീമിൽ ഇടംപിടിക്കാനായില്ല. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജനൽ സെന്ററിൽ പരിശീലനം നടത്തുന്ന താരം കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ഭാര്യയും ദേശീയ ഗെയിംസ് റിലേയിലെ മെഡൽ ജേതാവുമായ ടി.ജെ.ജംഷീല പിന്തുണയുമായി ഒപ്പമുണ്ട്.
English Summary:






English (US) ·