Published: March 17, 2026 07:55 AM IST Updated: March 17, 2026 08:02 AM IST
1 minute Read
തിരുവനന്തപുരം ∙ ഐപിഎലിൽ ‘തല’യും വാലുമൊന്നും ആകേണ്ടെന്നും തനിക്കു താനായി തുടർന്നാൽ മതിയെന്നും സഞ്ജു സാംസൺ. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിൽ ‘തല’ മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു, തിരുവനന്തപുരത്തെ മാധ്യമസമ്മേളനത്തിൽ സഞ്ജു സാംസൺ.
ഐപിഎലിൽ ചെന്നൈ ടീമിനൊപ്പം നന്നായി കളിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. മഹി ഭായിയുമായി (മഹേന്ദ്ര സിങ് ധോണി) പലവട്ടം സംസാരിച്ചിട്ടുണ്ട്. ആദ്യമായി 2 മാസം ഒന്നിച്ച് കളിക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ്. അദ്ദേഹത്തിന്റെ കളിയോടുള്ള സമീപനവും തയാറെടുപ്പുമെല്ലാം ഒപ്പം നിന്ന് കണ്ടു പഠിക്കാനുണ്ട്. എനിക്ക് ഞാനായി പോയാൽ മതി. ടീമിന്റെ തലയും വാലുമൊന്നും ആകേണ്ട. ഇതുവരെ കൂടെയുണ്ടായിരുന്ന രാജസ്ഥാൻ റോയൽസിനെതിരെ കളിക്കാൻ പോകുന്നതും ആദ്യമായാണ്. ഇപ്പോൾ, ലോകകപ്പ് നേട്ടത്തിന്റെ സന്തോഷം ആസ്വദിക്കുകയാണ്. ഏകദിന ടീമിൽ അവസരം കിട്ടുമോ എന്നതു പോലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല.
ന്യൂസീലൻഡിനെതിരായ പരമ്പര കഴിഞ്ഞപ്പോൾ സങ്കടവും ദേഷ്യവുമെല്ലാം തോന്നിയിരുന്നു. എന്റെ കരിയറിൽ വിജയങ്ങളെക്കാൾ കൂടുതലുണ്ടായിട്ടുള്ളത് പരാജയങ്ങളാണ്. അതുകൊണ്ടു തന്നെ അതിൽനിന്ന് എങ്ങനെ മടങ്ങി വരണമെന്നതിലും ധാരണയുണ്ടായിരുന്നു. ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിലാണ് കാര്യമായ മാറ്റം വരുത്തിയത്. വെറുതെ വലിച്ചടിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലായി.
എന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഭാര്യയും ഒരു സുഹൃത്തും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ആ സമയം ഞാൻ സ്വയം മനസ്സിലാക്കി കളിയോടുള്ള സമീപനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. കുറെ വർഷങ്ങളായി ഞാൻ ചെയ്ത കഠിനാധ്വാനത്തിനു ദൈവം അനുഗ്രഹം ചൊരിയുകയായിരുന്നു. ചിലപ്പോഴൊക്കെ ഞാനല്ല ബാറ്റ് ചെയ്യുന്നതെന്നു തോന്നിയിട്ടുണ്ട്. നിസ്വാർഥനായിരിക്കാനല്ല, ഞാനായിരിക്കാനാണ് ഗ്രൗണ്ടിലും ശ്രമിക്കുന്നത്. അതാണ് എന്റെ ശരിയായ സ്വഭാവം. ഗ്രൗണ്ടിൽ നമ്മൾ എന്ത് ചെയ്താലും അതു ടീമിനെ സഹായിക്കുന്നതാകണം. അണ്ടർ 13 ടീം മുതൽ എന്റെ സമീപനം ഇതാണ്.– സഞ്ജു പറഞ്ഞു.
∙ പ്രിയപ്പെട്ടത് ആ 97ലോകകപ്പിൽ സെമിയിലും ഫൈനലിലുമടക്കം 3 അർധസെഞ്ചറി നേടിയെങ്കിലും ഏറ്റവും പ്രിയപ്പെട്ടത് സൂൂപ്പർ 8 റൗണ്ടിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 97 റൺസാണ്. അവരുടെ സ്കോർ പിന്തുടർന്ന് ടീമിനെ ജയിപ്പിക്കാനായി എന്നതാണ് ഏറെ സന്തോഷകരം. ഒരു വശത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും അതു മാനേജ് ചെയ്യാനായി. വിജയറണ്ണും കുറിച്ചു.
English Summary:







English (US) ·