താങ്ക് യൂ ലിയോ, ഗ്രാസ്യാസ്! ആഗോള ഫുട്ബോളിന്റെ അധിപനായിരുന്ന മെസ്സിയെ ഇനി രാജ്യാന്തര ഫുട്ബോളിൽ കാണാനാകുമോ?

1 day ago 3

മനോരമ ലേഖകൻ

Published: July 20, 2026 09:07 AM IST

1 minute Read

ലയണൽ മെസ്സി (Photo by Jewel SAMAD / AFP)
ലയണൽ മെസ്സി (Photo by Jewel SAMAD / AFP)

ഭൂഗോളത്തിന്റെ കാൽപന്തു സ്വപ്നങ്ങളെ തന്റെ ഇടംകാലിൽ കാത്തുവച്ച ലയണൽ ആന്ദ്രെസ് മെസ്സി ലോകകപ്പിന്റെ ആരവങ്ങളിൽനിന്നു മടങ്ങുന്നു. ആഗോള ഫുട്ബോളിന്റെ അധിപനായിരുന്ന മെസ്സിയെ ഇനി രാജ്യാന്തര ഫുട്ബോളിൽ കാണാനാകുമോ എന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ല. തുടരെ രണ്ടാം കിരീടമെന്ന അർജന്റീന ജനതയുടെയും ലോകമെങ്ങുമുള്ള ആരാധകരുടെയും സ്വപ്നം സാക്ഷാത്കരിക്കാൻ ഇക്കുറി മെസ്സിക്കു കഴിഞ്ഞില്ല.

What you should work next

പക്ഷേ, ഫൈനൽ വരെയുള്ള അർജന്റീനയുടെ കുതിപ്പിനു ചാലകശക്തിയായത് ഈ നായകന്റെ മാന്ത്രികച്ചുവടുകളായിരുന്നു. തന്റെ ആറാമത്തെ ലോകകപ്പിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് മെസ്സി ഒരിക്കൽക്കൂടി തെളിയിച്ചു. 8 മത്സരങ്ങളിൽനിന്ന് 8 ഗോളും 4 അസിസ്റ്റുമായി ടൂർണമെന്റിലുടനീളം കളം നിറഞ്ഞു കളിച്ചു. 10 ഗോൾ നേട്ടവുമായി ടോപ് സ്കോറർ പദവി സ്വന്തമാക്കിയ ഫ്രഞ്ച് താരം കിലിയൻ എംബപെക്കു തൊട്ടുപിന്നിൽ രണ്ടാമതാണ് മെസ്സി. ഈ ലോകകപ്പിൽ മെസ്സി സൃഷ്ടിച്ചത് ഇരുപത്തഞ്ചോളം ഗോളവസരങ്ങളാണ്.

ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയയ്ക്ക് എതിരെ തകർപ്പൻ ഹാട്രിക് കുറിച്ചാണ് മെസ്സി കുതിപ്പിനു കളമൊരുക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായംകൂടിയ താരം (39 വയസ്സ്) എന്ന റെക്കോർഡ് മെസ്സി സ്വന്തം പേരിൽ എഴുതിച്ചേർത്തു. ഇംഗ്ലണ്ടിനെതിരെയുള്ള ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ 2-1നു ടീമിനെ വിജയത്തിലെത്തിച്ച 2 അസിസ്റ്റുകൾ മെസ്സിയുടെ കരിയറിലെ എക്കാലത്തെയും മികച്ച മാസ്റ്റർക്ലാസ് പ്രകടനങ്ങളിൽ ഒന്നായിരുന്നു.

What you should work next

കനലുകളിൽ പതറാത്ത നായകത്വമാണ് മെസ്സിയെ ഇക്കുറി ഏറെ വ്യത്യസ്തനാക്കിയത്. കളിക്കാരൻ എന്നതിനപ്പുറം, പ്രതികൂല സാഹചര്യങ്ങളിൽ ടീമിനെ തോളിലേറ്റിയ അമരക്കാരനായിരുന്നു മെസ്സി. എതിരാളികളുടെ കടുത്ത ഫൗളുകളെയും ശാരീരിക ബുദ്ധിമുട്ടുകളെയും മറികടന്നായിരുന്നു ഈ പോരാട്ടം. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിനു പിന്നിൽ പോയപ്പോഴും, ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരായ 120 മിനിറ്റ് നീണ്ട മാരത്തൺ മത്സരത്തിലും സഹതാരങ്ങളുടെ ആത്മവിശ്വാസം ചോരാതെ മെസ്സി കാത്തുസൂക്ഷിച്ചു.

2005ൽ അർജന്റീനയുടെ നീലയും വെള്ളയും കലർന്ന ആൽബിസെലസ്റ്റെ ജഴ്സിയിൽ അരങ്ങേറിയ മെസ്സി, 206 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 125 ഗോളുകൾ നേടി. രാജ്യാന്തര തലത്തിൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് ബൊളീവിയയ്ക്കെതിരെയാണ് (11 ഗോളുകൾ).

മെസ്സിയുടെ കളിശൈലി ലോകത്തിനു വെറുമൊരു കായികവിനോദമായിരുന്നില്ല, മൈതാനത്ത് വിരിയുന്ന ഒരു കലാരൂപമായിരുന്നു. പ്രതിരോധക്കോട്ടകളെ കാറ്റിൽപ്പറത്തി മുന്നേറുന്ന ആ ഇടംകാലിന്റെ മാന്ത്രികത വീണ്ടുമൊരു ലോകകപ്പിൽ കാണാനാകുമോയെന്ന് ഉറപ്പില്ല. നാലു വർഷത്തിനപ്പുറം പുതിയ താരോദയങ്ങൾ തേടി ലോകം വീണ്ടും പന്തിനു പിന്നാലെ പായുമ്പോൾ ഗാലറികളിൽ ‘ മിസ് യൂ മെസ്സി’ എന്ന ബാനർ ഉയരാതിരിക്കില്ല.

എക്കാലത്തേക്കും കാത്തുവയ്ക്കാനുള്ള ഓർമകൾ സമ്മാനിച്ച മജീഷ്യനോടു ലോകം കണ്ണീരണിഞ്ഞു പറയുന്നു: താങ്ക് യൂ ലിയോ, ഗ്രാസ്യാസ്...

English Summary:

Lionel Messi, the magician who carried the world's shot dreams connected his near foot, is departing from the World Cup fervor. It remains uncertain if we volition spot Messi, the planetary shot leader, successful planetary shot again, but his magical steps were the driving unit down Argentina's travel to the finals.

Read Entire Article