താങ്ക്യൂ സൗത്ത് ആഫ്രിക്ക, ഇന്ത്യക്കാരുടെ വക കോടി നന്ദി! ‘മാരകം’ മാർക്രം (46 പന്തിൽ 82*); വിൻഡീസിനെ ‘അടിച്ചു തൂക്കി’ ദക്ഷിണാഫ്രിക്ക

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: February 26, 2026 05:03 PM IST Updated: February 26, 2026 06:26 PM IST

2 minute Read

 ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും ബാറ്റർ ക്വിന്റൻ ഡികോക്കും.  (PTI Photo/Arun Sharma)
ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും ബാറ്റർ ക്വിന്റൻ ഡികോക്കും. (PTI Photo/Arun Sharma)

അഹമ്മദാബാദ് ∙ നന്ദി മാർക്രം, നന്ദി ഡിക്കോക്ക്, നന്ദി ദക്ഷിണാഫ്രിക്ക. ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെ തകർത്ത ദക്ഷിണാഫ്രിക്കൻ ടീമിനോട് ഇന്ത്യൻ ആരാധകർക്ക് നന്ദി മാത്രമേ പറയാനുള്ളൂ. നാല് ദിവസം മുൻപ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയോടെ തുലാസിലായ ഇന്ത്യയുടെ ലോകകപ്പ് സെമി സാധ്യത അതേ ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയുടെ മറ്റൊരു ജയത്തോടെ വീണ്ടും സജീവമായി. വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ തകർപ്പൻ ജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 16.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് നാലു പോയിന്റായി.

ഓപ്പണർമാരായ ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം (46 പന്തിൽ 82*), ക്വിന്റൻ ഡികോക്ക് (24 പന്തിൽ 47), മൂന്നാമനായി ഇറങ്ങിയ റയാൽ റിക്കൽറ്റൻ (28 പന്തിൽ 45*) എന്നിവരുടെ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ വിൻഡീസ് ബോളർമാരെ ദക്ഷിണാഫ്രിക്ക പ്രഹരിക്കുകയായിരുന്നു. ആദ്യ പന്തിൽ ഫോറടിച്ച് തുടങ്ങിയ മാർക്രം, ടീമിനെ വിജയത്തിലെത്തിച്ചശേഷമാണ് നിർത്തിയത്. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ദക്ഷിണാഫ്രിക്കൻ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസിൽ എത്തിയിരുന്നു.

എട്ടാം ഓവറിൽ, അർധസെഞ്ചറിക്ക് മൂന്ന് റൺസകലെ ക്വിന്റൻ ഡികോക്കിനെ റോസ്ടൻ ചേസ് വീഴ്ത്തിയത് മാത്രമാണ് ഇന്നിങ്സിൽ വിൻഡീസിന് ലഭിച്ച ഏക ആഹ്ലാദ നിമിഷം. പിന്നാലെയെത്തിയ റിക്കൽറ്റൻ അതേ ഗിയറിൽ തന്നെ ബാറ്റിങ് തുടർന്നതോടെ വിൻഡീസ് പൂർണമായും മത്സരം കൈവിട്ടു. നാല് സിക്സും ഏഴും ഫോറുമടക്കമാണ് മാർക്രം 82 റൺസെടുത്തത്. ക്വിന്റൻ ഡികോക്ക് 4 സിക്സും നാല് ഫോറും അടിച്ചപ്പോൾ റിക്കൽറ്റന്റെ ബാറ്റിൽനിന്ന് രണ്ടു സിക്സും നാലു ഫോറും പിറന്നു.

∙ ‘കം ബാക്ക്’

ട്വന്റി20യിൽ എങ്ങനെ വീണാലും നാലു കാലിൽ വീഴുന്ന കരീബിയൻ പാരമ്പര്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും വെസ്റ്റിൻഡീസ് കാത്തുസൂക്ഷിച്ചു. പത്ത് ഓവറിൽ 7ന് 83 എന്ന നിലയിൽ തകർന്ന വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവർ അവസാനിക്കുമ്പോൾ 8ന് 176 എന്ന ‘സേഫ്’ സ്കോറിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. എട്ടാം വിക്കറ്റിൽ ഒന്നിച്ച റൊമാരിയോ ഷെപ്പേർഡ് (37 പന്തിൽ 52*), ജയ്സൻ ഹോൾഡർ (31 പന്തിൽ 49) എന്നിവരാണ് വെസ്റ്റിൻഡീസിനു രക്ഷകരായത്. അവസാന ഒൻപത് ഓവറിൽ 90 റണ്‍സാണ് വെസ്റ്റിൻഡീസ് ഇന്നിങ്സിൽ പിറന്നത്.

ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡിന്റെ ബാറ്റിങ്  (PTI Photo/Kunal Patil)

ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡിന്റെ ബാറ്റിങ് (PTI Photo/Kunal Patil)

ടോസ് നേടി വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനു വിട്ട ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഏയ്ഡൻ മാർക്രത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബോളർമാരുടെ പ്രകടനം. പവർപ്ലേയ്ക്കുള്ളിൽ തന്നെ അവരുടെ ആദ്യ നാലു വിക്കറ്റുകളും വീണു. ബ്രൻഡൻ കിങ് (11 പന്തിൽ 21), ഷായ് ഹോപ് (6 പന്തിൽ 16), ഷിമ്രോൺ ഹെറ്റ്‌മെയർ (3 പന്തിൽ 2), റോസ്ടൻ ചേസ് (2 പന്തിൽ 2) എന്നിവരുടെ വിക്കറ്റുകളാണ് പവർപ്ലേയിൽ വീണത്. പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ ഷെർഫെയ്ൻ റൂഥർഫോർഡും (10 പന്തിൽ 12) യഥാക്രമം ഒൻപതാം ഓവറിലും 11–ാം ഓവറിലും റോവ്‌മൻ പവൽ (11 പന്തിൽ 9), മാത്യു ഫോർഡ് (9 പന്തിൽ 11) എന്നിവരുടെ വിക്കറ്റുകൾ കൂടി വീണതോടെ 10.2 ഓവറിൽ 7ന്83 എന്ന നിലയിലേക്ക് വെസ്റ്റിൻഡീസ് വീണു.

മൂന്നു വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിഡി, രണ്ടു വീതം വിക്കറ്റ് വീഴ്ത്തി കഗിസോ റബാദ, കോർബിൻ ബോഷ് എന്നിവരാണ് വെസ്റ്റിൻഡീസ് ടോപ് ഓർഡറിനെയും മധ്യനിരയെയും തകർത്തത്. എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച ഹോൾഡർ– ഷെപ്പേർഡ് സഖ്യം ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു. മുന്‍നിര തകർന്നതിന്റെ സമ്മർദമില്ലാതെ ബാറ്റു വീശിയ ഇരുവരും അതിവേഗം സ്കോർ ഉയർത്തി. ഹോൾഡർ 3 സിക്സും നാല് ഫോറും അടിച്ചപ്പോൾ ഷെപ്പേർഡ് നാല് സിക്സും മൂന്നു ഫോറും അടിച്ചു. അവസാന രണ്ട് ഓവറുകളിൽ എൻഗിഡിയും ബോഷും വീണ്ടും പിടിമുറുക്കിയതോടെയാണ് വെസ്റ്റിൻഡീസ് സ്കോർ 176ൽ ഒതുങ്ങിയത്. അവസാന ഓവറിൽ അർധസെഞ്ചറിക്ക് ഒരു റൺ അകലെ ഹോർഡർ റണ്ണൗട്ടാകുകയും ചെയ്തു.

English Summary:

T20 World Cup 2026: West Indies vs South Africa LIVE Score

Read Entire Article