Published: August 29, 2026 02:51 PM IST
1 minute Read
ഏഷ്യൻ ഗെയിംസാണെന്നു കരുതി ആളെക്കൂട്ടി വന്നാൽ താമസിക്കാൻ മുറിയുണ്ടാകില്ലെന്നു ജപ്പാനിലെ ഐച്ചി– നഗോയ ഏഷ്യൻ ഗെയിംസ് സംഘാടക സമിതി. അത്‌ലീറ്റുകളും ഒഫിഷ്യലുകളുമുൾപ്പെടെ 15,000 പേർക്കുള്ള താമസ സൗകര്യമാണു സംഘാടക സമിതി ഒരുക്കുന്നത്. എന്നാൽ പല രാജ്യങ്ങളും പട്ടിക നൽകിയപ്പോൾ ഈ കണക്കൊക്കെ തെറ്റി.
ടെക്‌ബോൾ, പാഡൽ തുടങ്ങി പുതിയ കായിക ഇനങ്ങൾ കൂട്ടിച്ചേർത്തതോടെ മൊത്തം അംഗസംഖ്യ 17,000 ആയി ഉയരുമെന്നാണ് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) കണക്ക്. എന്നാൽ അവരെപ്പോലും ഉൾക്കൊള്ളാനുള്ള താമസസൗകര്യം നിലവിലെ സാഹചര്യത്തിലില്ല. ‘‘15,000 പേർക്കു താമസ സൗകര്യമൊരുക്കാമെന്നാണ് ആതിഥേയ നഗരം ഉറപ്പു നൽകിയിട്ടുള്ളത്’’– സംഘാടക സമിതി പ്രസിഡന്റ് ഹിഡേകി ഒമുറ പറയുന്നു.
What you should work next
അത്‌ലീറ്റുകൾക്കും ഒഫിഷ്യലുകൾക്കും താമസിക്കാനായി പരമ്പരാഗത രീതിയിലുള്ള ഗെയിംസ് വില്ലേജ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസിനില്ല. ചെലവു ചുരുക്കാനാണു ഗെയിംസ് വില്ലേജ് വേണ്ടെന്നു വച്ചത്. പകരം നഗോയ തുറമുഖത്തു നങ്കൂരമിടുന്ന ആഡംബര ക്രൂസ് കപ്പൽ, മരം കൊണ്ടുള്ള കണ്ടെയ്നർ ഉപയോഗിച്ചു തയാറാക്കിയ താൽക്കാലിക ഹട്ടുകൾ, ഹോട്ടലുകൾ എന്നിവയിലാണു താമസം.
ഇറ്റാലിയൻ കപ്പലായ കോസ്റ്റ സെറീനയിൽ 5,000 പേർക്കു താമസ സൗകര്യമൊരുക്കും. 2000 പേർക്കു കണ്ടെയ്നർ ഹട്ടുകളിൽ താമസം. ബാക്കിയുള്ളവർക്കു ഹോട്ടലുകളിലും. ഇതാണു ഗെയിംസ് സംഘാടക സമിതിയുടെ പ്ലാൻ. ഈ സാഹചര്യത്തിൽ പല രാജ്യങ്ങളോടും ഒഫിഷ്യലുകളുടെ അംഗസംഖ്യ വെട്ടിക്കുറയ്ക്കാൻ ഒസിഎ നിർദേശിച്ചു കഴിഞ്ഞു.
അത്‌ലീറ്റുകളുടെ എണ്ണത്തിന്റെ 33% മാത്രമേ ഒഫിഷ്യലുകളുടെ എണ്ണമാകാവൂവെന്നാണു നിർദേശം. 492 അംഗ ടീമിനെയാണ് ഇന്ത്യ ഗെയിംസിന് അയയ്ക്കുന്നത്. ഒഫിഷ്യലുകളുടെ പട്ടികയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. വെറുതെ ടൂറിനു പോകുന്നവർ ജപ്പാനിലേക്കു പോകേണ്ടെന്ന കർശന നിലപാടിലാണു കായിക മന്ത്രാലയം.
English Summary:






English (US) ·