Published: July 29, 2026 09:28 AM IST
1 minute Read
മുംബൈ ∙ ഇംഗ്ലണ്ടിലും അയർലൻഡിലുമുണ്ടായ പരമ്പര തോൽവികളെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിസന്ധികൾ ആരംഭിച്ചോ? ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദൊഷാട്ടെ സ്ഥാനമൊഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ക്രിക്ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്വന്റി20, ഏകദിന പരമ്പരകൾ തോറ്റതിനു പിന്നാലെ യുകെയിൽ വച്ചാണ് ദൊഷാട്ടെ ബിസിസിഐ തന്റെ തീരുമാനം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചിങ് ചുമതലയിലേക്ക് റയാൻ ടെൻ ദൊഷാട്ടെ മടങ്ങും.
What you should work next
2024 ട്വന്റി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡിന് പകരക്കാരനായി ഗൗതം ഗംഭീർ മുഖ്യ പരിശീലകനായപ്പോഴാണ് നെതർലൻഡ്സ് മുൻ താരമായ റയാൻ ടെൻ ദൊഷാട്ടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമാകുന്നത്. ഗംഭീറിന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ദൊഷാട്ടെ, ബാറ്റിങ്, ഫീൽഡിങ് മേഖലകളിൽ ഒരുപോലെ സംഭാവനകൾ നൽകിക്കൊണ്ട് ടീമിന്റെ പരിശീലക സംഘത്തിൽ സജീവമായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ മികച്ച വിജയങ്ങൾ നേടി; 2025ലെ ഏഷ്യാ കപ്പ് നേടിയ ടീം, 2026 ട്വന്റി20 ലോകകപ്പും നേടി. എന്നാൽ, ഇതേ കാലയളവിൽ ടെസ്റ്റ് ടീം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ബോർഡർ-ഗാവസ്‌കർ ട്രോഫി നഷ്ടമായ ഇന്ത്യ, സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് 3-0 നും ദക്ഷിണാഫ്രിക്കയോട് 2-0 നും പരമ്പരകൾ തോറ്റു; ടെസ്റ്റ് ക്രിക്കറ്റിലെ തലമുറമാറ്റത്തിലൂടെ ടീം കടന്നുപോകുന്ന ഘട്ടത്തിലായിരുന്നു ഈ തിരിച്ചടികൾ.
ബിസിസിയുടെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ചാണ് ദൊഷാട്ടെയുടെ രാജിയെന്നും സൂചനയുണ്ട്. ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ടെൻ ദൊഷാട്ടെ ചുമതലയേൽക്കുമ്പോൾ, അദ്ദേഹത്തിന് ടീമിന്റെ ഫീൽഡിങ് കോച്ച് സ്ഥാനം കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മുൻ കോച്ച് രാഹുൽ ദ്രാവിഡിന് കീഴിൽ ഫീൽഡിങ് കോച്ചായി എത്തിയ ടി. ദിലീപ്, ഗംഭീർ കോച്ചായി ചുമതലയേറ്റ ശേഷവും ആ പദവിയിൽ തുടരുകയായിരുന്നു. ടീമിലെത്തി രണ്ടു വർഷം കഴിഞ്ഞിട്ടും തനിക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിൽ ടെൻ ദൊഷാട്ടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ടെൻ ദൊഷാട്ടെ രാജിവച്ചത്. എന്നാൽ കഴിഞ്ഞദിവസം ടി.ദിലീപും ഫിൽഡീങ് കോച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. ദിലീപുമായുള്ള കരാർ ബിസിസിഐ പുതുക്കാതിരുന്നതോടെയാണ് പടിയിറക്കം.
2012ലും 2014ലും ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ അംഗമായിരുന്ന യാൻ ടെൻ ദൊഷാട്ടെ, പിന്നീട് 2022ൽ ഫീൽഡിങ് കോച്ചായി ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്തി. മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെയും മെന്റർ ഗൗതം ഗംഭീറിന്റെയും കീഴിൽ കെകെആർ വീണ്ടും ഐപിഎൽ കിരീടം ചൂടിയ 2024 വരെ അദ്ദേഹം ആ പരിശീലക സംഘത്തിനൊപ്പമുണ്ടായിരുന്നു.
English Summary:






English (US) ·