തിലകിന്റെ സെഞ്ചറിക്കരുത്ത്, എറിഞ്ഞിട്ട് ബോളർമാർ, ഗുജറാത്ത് 100ന് ഓള്‍ഔട്ട്; മുംബൈ ഇന്ത്യൻസിനു വമ്പൻ വിജയം

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 20, 2026 09:35 PM IST Updated: April 20, 2026 11:26 PM IST

2 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.
സെഞ്ചറി നേടിയ തിലക് വർമയുടെ ആഹ്ലാദം. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

അഹമ്മദാബാദ്∙ ഇങ്ങനെ വേണം ജയിക്കാൻ... തുടർച്ചയായ നാലു തോൽവികൾക്കൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. നിർണായക മത്സരത്തിൽ 99 റൺസിനാണ് മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുവിട്ടത്. മുംബൈ ഉയര്‍ത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഹോം ഗ്രൗണ്ടിൽ 100 റൺസെടുത്തു പുറത്തായി. നാലോവറുകൾ പന്തെറിഞ്ഞ ഇന്ത്യൻ താരം അശ്വനി കുമാർ 24 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ നാലു പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തേക്കു കയറി. മൂന്നാം തോൽവി വഴങ്ങിയ ഗുജറാത്ത് ആറാമതുണ്ട്.

17 പന്തിൽ 26 റൺസെടുത്ത വാഷിങ്ടൻ സുന്ദറാണു മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന്റെ ടോപ് സ്കോറർ. 55 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ഗുജറാത്തിന് പിന്നീട് മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമായില്ല. ടോപ് ഓർഡറിൽ സായ് സുദർശന്‍ (പൂജ്യം), ജോസ് ബട്‍ലർ (അഞ്ച്), ശുഭ്മൻ ഗിൽ (14), ഗ്ലെൻ ഫിലിപ്സ് (ആറ്) എന്നിവർ അതിവേഗം മടങ്ങിയതാണ് ഗുജറാത്തിനെ കൂട്ടത്തകർച്ചയിലേക്കു തള്ളിവിട്ടത്. മറുപടി ബാറ്റിങ്ങിലെ ആദ്യ പന്തിൽ തന്നെ സായ് സുദർശന്റെ വിക്കറ്റു വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ഗുജറാത്തിന് ആദ്യ പ്രഹരമേൽപിച്ചത്. സീസണിൽ ബുമ്രയുടെ ആദ്യ വിക്കറ്റാണിത്. 

പിന്നാലെ ജോസ് ബട്‍ലറിനെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വിക്കറ്റിനു മുന്നിൽ കുടുക്കി. മധ്യനിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ച വാഷിങ്ടൻ സുന്ദറിനെ എട്ടാം ഓവറിലെ രണ്ടാം പന്തിൽ മിച്ചൽ സാന്റ്നർ നമൻ ധീറിന്റെ കൈകളിലെത്തിച്ചു. അശ്വനി കുമാർ തകർത്തെറിഞ്ഞതോടെ ഗുജറാത്ത് മധ്യനിരയും പോരാട്ടമില്ലാതെ കീഴടങ്ങി. മുംബൈയ്ക്കു വേണ്ടി അല്ലാ ഗസൻഫർ, മിച്ചൽ സാന്റ്നർ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും, ജസ്പ്രീത് ബുമ്രയും പാണ്ഡ്യയും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

തിലക് വർമയ്ക്ക് കന്നി സെഞ്ചറി, 45 പന്തിൽ 101

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. സെഞ്ചറി നേടി പുറത്താകാതെനിന്ന തിലക് വർമയാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. 45 പന്തുകൾ നേരിട്ട തിലക് വർമ ഏഴു സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെ 101 റൺ‍സെടുത്തു പുറത്താകാതെനിന്നു. ഐപിഎലിൽ തിലകിന്റെ ആദ്യ സെഞ്ചറിയാണിത്.

32 പന്തുകൾ നേരിട്ട നമൻ ധീർ 45 റൺസെടുത്തു പുറത്തായി. സീനിയർ താരം രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച മുംബൈ ഡാനിഷ് മലേവാറിനെ ഓപ്പണറാക്കിയാണ് നിർണായക മത്സരം കളിക്കാനിറങ്ങിയത്. എന്നാൽ കഗിസോ റബാദയുടെ രണ്ടാം ഓവറിൽ തന്നെ താരത്തിന് അടിതെറ്റി. നാലു പന്തുകൾ നേരിട്ട താരത്തിന് രണ്ടു റൺസ് നേടാൻ മാത്രമാണു സാധിച്ചത്. 13 റൺസെടുത്ത ക്വിന്റൻ‍ ഡികോക്കിനെയും സൂര്യകുമാർ യാദവിനെയും റബാദ വീഴ്ത്തിയതോടെ, മുംബൈ 44 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. 

പവർപ്ലേയിൽ 46 റൺസ് മാത്രം നേടിയ മുംബൈയ്ക്ക് തിലക് വർമയുടെ വരവോടെയാണ് സ്കോർ ഉയർത്താൻ സാധിച്ചത്. സ്കോർ 96ൽ നിൽക്കെ നമൻ ധീറിനെ പ്രസിദ്ധ് ക‍ൃഷ്ണ, കഗിസോ റബാദയുടെ കൈകളിലെത്തിച്ചു. ഹാർദിക് പാണ്ഡ്യയും (15 റണ്‍സ്) നിരാശപ്പെടുത്തി. പ്രസിദ്ധ് കൃഷ്ണയുടെ 20–ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് തിലക് സെഞ്ചറി തികച്ചത്. ഈ ഓവറിൽ രണ്ട് സിക്സുകളും ഫോറുകളുമാണ് തിലക് അടിച്ചുകൂട്ടിയത്. ഗുജറാത്തിനായി കഗിസോ റബാദ മൂന്നും, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

English Summary:

Indian Premier League, Gujarat Titans vs Mumbai Indians Match Live Updates

Read Entire Article