Published: March 30, 2026 09:41 AM IST
1 minute Read
ബെംഗളൂരു∙ 3 മാസം ക്രിക്കറ്റ് ഭൂപടത്തിൽ ഇല്ലാതിരുന്നൊരാൾ, ഒരു വർഷത്തിനിടെ ട്വന്റി20 ഫോർമാറ്റിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്തൊരാൾ, ഐപിഎൽ 19–ാം സീസണിലെ ഉദ്ഘാടന മത്സരം സ്വന്തം പേരിൽ എഴുതിച്ചേർക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. മികച്ച താരങ്ങൾ ഒട്ടേറെയുണ്ടാകാം, പക്ഷേ ഈ തലമുറയിലെ ഏറ്റവും കഠിനാധ്വാനിയായ കളിക്കാരൻ താൻ തന്നെയാണെന്നു മുപ്പത്തിയേഴുകാരൻ വിരാട് കോലി ഒരിക്കൽകൂടി പ്രഖ്യാപിച്ചിരിക്കുന്നു. അപരാജിത അർധ സെഞ്ചറിയുമായി (69*) കളംനിറഞ്ഞ കോലിയുടെ ബലത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നേടിയത് 6 വിക്കറ്റിന്റെ അനായാസ ജയം.
ഹൈദരാബാദ് മുന്നിൽവച്ച 202 റൺസ് വിജയലക്ഷ്യം അപ്രാപ്യമായ ഒന്നല്ലായിരുന്നു. എന്നാൽ, ഇന്നിങ്സിന്റെ തുടക്കത്തിൽ ഫിൽ സോൾട്ടിന്റെ (8) വിക്കറ്റ് നഷ്ടമായ ബെംഗളൂരു ചെറുതായൊന്നു വിറച്ചു. മൂന്നാമനായി എത്തി തകർത്തടിച്ച ദേവ്ദത്ത് പടിക്കലാണ് (26 പന്തിൽ 61) ആതിഥേയരുടെ കുതിപ്പിന് ഇന്ധനം നൽകിയത്. ഒരു എൻഡിൽ കരുതലോടെ വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിലായിരുന്നു കോലിയുടെ ശ്രദ്ധ. ഇതിനിടെ റൺനിരക്ക് കുറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഹൈദരാബാദ് പേസർ ഇഷാൻ മലിംഗയെറിഞ്ഞ ഫുൾ ലെങ്ത് പന്ത് ഒരു ലോഫ്റ്റഡ് സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ഗാലറിയിലെത്തിച്ച കോലി, തന്റെ പ്രതാപകാലത്തെയും ഓർമിപ്പിച്ചു.
ദേവ്ദത്ത് പുറത്തായതിനു പിന്നാലെ എത്തിയ ക്യാപ്റ്റൻ രജത് പാട്ടിദാറും (12 പന്തിൽ 31) തന്റെ ദൗത്യം ഭംഗിയാക്കിയതോടെ ടീം സ്കോർ കുതിച്ചു. എന്നാൽ രജത്തിനെയും ജിതേഷ് ശർമയെയും (0) അടുത്തടുത്ത പന്തുകളിൽ നഷ്ടപ്പെട്ട ബെംഗളൂരു സമ്മർദത്തിലായി. 33 പന്തിൽ 50 റൺസിലായിരുന്നു അപ്പോൾ വിരാട് കോലി. പിന്നാലെ, മത്സരം ഫിനിഷ് ചെയ്യേണ്ട ചുമതല സ്വയം ഏറ്റെടുത്ത കോലി, താൻ നേരിട്ട അടുത്ത 6 പന്തുകളിൽ 19 റൺസ് അടിച്ചെടുത്ത്, 15.4 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ ടീമിനെ വിജയത്തിലെത്തിച്ചു. 38 പന്തിൽ 5 വീതം ഫോറും സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. ഐപിഎൽ മത്സരങ്ങളിലെ റൺ ചേസുകളിൽ 4000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ ഇന്നിങ്സിൽ കോലി സ്വന്തമാക്കി.
കഴിഞ്ഞ വർഷത്തെ ഐപിഎൽ ഫൈനലായിരുന്നു എന്റെ അവസാന ട്വന്റി20 മത്സരം. അതിനു ശേഷം ഏകദിനത്തിൽ മാത്രമാണ് ഞാൻ കളിച്ചത്. കഴിഞ്ഞ 3 മാസക്കാലത്തെ ഇടവേള എന്നെ തീർച്ചയായും സഹായിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ഞാൻ എനിക്കു വിശ്രമം ലഭിച്ചു. സീസണിനു മുൻപു നല്ല രീതിയിൽ പരിശീലനം നടത്തി. ശരീരക്ഷമത വീണ്ടെടുത്താണ് ഐപിഎലിലേക്കു തിരിച്ചെത്തിയത്. മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിക്കാനാണ് ഞാൻ ആലോചിച്ചിരുന്നത്. എന്നാൽ ദേവ്ദത്തിന്റെ ബാറ്റിങ് കണ്ടപ്പോൾ, അദ്ദേഹത്തിനു പിന്തുണ നൽകിക്കൊണ്ട്, സ്ട്രൈക്ക് കൈമാറാമെന്നു തീരുമാനിച്ചു. ടീം ആവശ്യപ്പെടുന്ന രീതിയിൽ ബാറ്റ് ചെയ്യാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്.
English Summary:








English (US) ·