കാറ്റനാച്ചോ (Catenaccio) എന്ന ഇറ്റാലിയൻ വാക്കിനു വാതിൽ സാക്ഷ (വാതിൽപ്പൂട്ട്) എന്നാണർഥം. ഇറ്റലിയുടെ വിശ്വവിഖ്യാതമായ ഫുട്ബോൾ ശൈലിയെ വിശേഷിപ്പിക്കാൻ ലോകം ഉപയോഗിച്ചിരുന്ന വാക്കാണിത്. സ്വന്തം ഗോൾമുഖത്തിന്റെ വാതിൽ പൂട്ടിയിട്ട ശേഷം പ്രത്യാക്രമണം നടത്തുന്ന രീതിയാണു ‘കാറ്റനാച്ചോ’. 1960കളിൽ അവതരിപ്പിച്ച ഈ കളിയുമായി ഇറ്റലി 4 ലോകകപ്പ് കിരീടങ്ങളുയർത്തി; ഏറ്റവുമൊടുവിൽ 2006ൽ വരെ. എന്നാൽ, 2010ലും 2014ലും ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായ ഇറ്റലിക്കു പിന്നീടു 3 ലോകകപ്പുകൾക്കു യോഗ്യത നേടാനായില്ല. അതിനു കാരണങ്ങൾ പലതുണ്ട്.
കളമൊഴിഞ്ഞ കാറ്റനാച്ചോ
ലോകഫുട്ബോളിനു വേഗംകൂടിയപ്പോഴും ഇറ്റലി കാറ്റനാച്ചോയിൽ കറങ്ങിനിന്നു. ടോട്ടൽ ഫുട്ബോളും ടിക്കി ടാക്കയും കടന്ന് ഹൈപ്രസിങ് കളിയിലേക്കു ടീമുകൾ മാറിയപ്പോഴും ഇറ്റലി പഴഞ്ചൻ കളി തുടർന്നു. പ്രതിരോധത്തിൽ ശ്രദ്ധിച്ച് കൗണ്ടർ അറ്റാക്കിനു കാത്തിരിക്കുന്ന പഴയ ശൈലിയിൽനിന്ന് പൂർണമായി മാറാൻ ഇറ്റലിക്കു കഴിഞ്ഞില്ല. ഇതൂമൂലം എതിരാളികളുടെ കാലിൽനിന്നു പന്തു തട്ടിയെടുക്കുന്ന ഹൈപ്രസിങ് ഗെയിം കളിക്കുന്ന ടീമുകൾക്കെതിരെ ഇറ്റലി തകരുന്നതു പതിവായി.
എന്തിനിത്ര പന്തവകാശം
പ്രതിരോധ ഫുട്ബോളിന്റെ മറ്റൊരു പതിപ്പായിരുന്നു, റോബർട്ടോ മാൻചീനി പരിശീലകനായിരുന്ന കാലത്ത് ഇറ്റലി ശീലമാക്കിയ പൊസഷൻ ഫുട്ബോൾ. പന്തു കസ്റ്റഡിയിൽ വച്ചു കളിക്കുന്ന ടിക്കി ടാക്ക ശൈലി പോലും കാലഹരണപ്പെട്ടതിനു ശേഷമായിരുന്നു ഇത്. 2020ൽ ഇറ്റലി ഈ കളിയുമായി യൂറോകപ്പ് ജേതാക്കളായെങ്കിലും ദീർഘകാലത്തേക്ക് ഗുണം ചെയ്തില്ല. ബോസ്നിയയ്ക്കെതിരെ 60% പന്തവകാശം ഇറ്റലിക്കുണ്ടായിരുന്നു. എന്നാൽ ഈ പൊസഷൻ ഗെയിം മൈതാന മധ്യത്തിൽ മാത്രമായി ഒതുങ്ങുന്നു. പന്തു വശങ്ങളിലേക്കും പിന്നിലേക്കും കൈമാറുന്നതല്ലാതെ, പെട്ടെന്ന് എതിർ ഗോൾമുഖത്തേക്ക് എത്തിക്കുന്ന നീക്കങ്ങൾക്കു സാധിക്കുന്നില്ല.
ഹൈപ്രസ്, ഹൈടെൻഷൻ
ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത ഹൈപ്രസിങ് ശൈലിയെ പ്രതിരോധിക്കാൻ ഇറ്റാലിയൻ ഡിഫൻഡർമാർ കഷ്ടപ്പെടുന്ന കാഴ്ച കാലങ്ങളായി കളത്തിലുണ്ട്. പിൻനിരയിൽനിന്ന് പന്ത് പാസ് ചെയ്ത് കളി തുടങ്ങാൻ ശ്രമിക്കുമ്പോൾ എതിരാളികൾ ഹൈപ്രസിങ് നടത്തുന്നു. ഇതു പലപ്പോഴും മിസ് പാസുകൾക്കും ഫൗളുകൾക്കും കാരണമാകുന്നു. ബോസ്നിയയ്ക്കെതിരെ ബസ്റ്റോണിക്കു ചുവപ്പ് കാർഡ് ലഭിച്ച ഫൗളിന്റെ സാഹചര്യം ഇതിനുദാഹരണമാണ്.
പ്ലാൻ ബി ഇല്ല
കളി തുടങ്ങിയ ശേഷം നേരത്തേ തീരുമാനിച്ച പ്ലാൻ പൊളിഞ്ഞാൽ പകരമൊരു പ്ലാൻ ബി നടപ്പാക്കാൻ ഇറ്റലിക്കു സാധിക്കുന്നില്ലെന്നു സമീപകാലത്തെ കളികൾ തെളിയിക്കുന്നു. ഒരേ ശൈലിയിലുള്ള സബ്സ്റ്റിറ്റ്യൂഷനുകളും ടാക്ടിക്സും തന്നെ പിന്തുടരുന്നത് ഇറ്റലിയെ പ്രവചിക്കാൻ എളുപ്പമുള്ള ഒരു ടീമാക്കി മാറ്റി.
നമ്പർ 9 ദാരിദ്ര്യം
ഇതിനെല്ലാം പുറമേ, ഇറ്റലിയുടെ ഏറ്റവും വലിയ തിരിച്ചടി ഗോളടിക്കാൻ കെൽപുള്ള ഒരു ലോകോത്തര സ്ട്രൈക്കർ ഇല്ലെന്നതാണ്. ക്രിസ്റ്റ്യൻ വിയേരി, ലൂക്കാ ടോണി, ഫിലിപ്പോ ഇൻസാഗി, റോബർട്ടോ ബാജിയോ തുടങ്ങിയവർക്കു ശേഷം ഗോളടിക്കാൻ കെൽപുള്ള മിടുക്കനായ ഒരു സ്ട്രൈക്കറെ കണ്ടെത്താൻ ഇറ്റലിക്കായിട്ടില്ല. ഇതിനു കാരണം ‘സീരി എ’ ലീഗിലെ വിദേശാധിപത്യമാണ്. ലീഗിലെ ആകെ കളിക്കാരിൽ 68% പേരും വിദേശികളാണ്. ഇറ്റലിയിലെ യുവതാരങ്ങൾക്കു ക്ലബ്ബുകളിൽ അവസരം കുറഞ്ഞു. ഇറ്റാലിയിലെ ഫുട്ബോൾ അക്കാദമികൾ മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ വളരെ പിന്നിലാണിപ്പോൾ. ഫലമോ, തുരുമ്പിച്ച ശൈലികളിൽ ഇറ്റലി ഇപ്പോഴും തളച്ചിടപ്പെട്ടിരിക്കുന്നു.
English Summary:








English (US) ·