തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി ആലപ്പിക്ക് തുടർച്ചയായ രണ്ടാം ജയം; മുഹമ്മദ് അസ്ഹറുദ്ദീന് അർധസെഞ്ചറി

3 weeks ago 9

മനോരമ ലേഖകൻ

Published: August 23, 2026 07:21 AM IST Updated: August 23, 2026 10:21 AM IST

1 minute Read

തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ ആലപ്പി റിപ്പിൾസ് താരങ്ങൾ ബാറ്റിങ്ങിനിടെ (KCA)
തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ ആലപ്പി റിപ്പിൾസ് താരങ്ങൾ ബാറ്റിങ്ങിനിടെ (KCA)

തിരുവനന്തപുരം ∙ കെസിഎലിൽ വിജയക്കുതിപ്പു തുടർന്ന് ആലപ്പി റിപ്പിൾസ്. ഇന്നലെ തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ വിജെഡി മഴനിയമപ്രകാരം 10 റൺസിനായിരുന്നു ആലപ്പിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി, മുഹമ്മദ് അസ്ഹറുദ്ദീൻ (41 പന്തിൽ 73), സച്ചിൻ ബേബി (28 പന്തിൽ 41) എന്നിവരുടെ കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിടെ മഴമൂലം കളി തടസ്സപ്പെട്ടതോടെ തൃശൂരിന്റെ വിജയലക്ഷ്യം 15 ഓവറിൽ 148 റൺസായി പുനർനിശ്ചയിച്ചു. എന്നാൽ തൃശൂരിന് 15 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനേ സാധിച്ചുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പിയ്ക്ക് ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ജലജ് സക്സേനയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും ആഞ്ഞടിച്ചതോടെ അഞ്ചാം ഓവറിൽ തന്നെ ആലപ്പിയുടെ സ്കോർ 50 കടന്നു. രണ്ടാം വിക്കറ്റിൽ 67 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 41 റൺസെടുത്ത സച്ചിൻ ബേബിയെ പുറത്താക്കി ബിജു നാരായണൻ കൂട്ടുകെട്ടിന് അവസാനമിട്ടെങ്കിലും ആലപ്പിയുടെ റണ്ണൊഴുക്ക് തടയാനായില്ല.

ടി.കെ.അക്ഷയ് ഒരു റണ്ണുമായി മടങ്ങിയെങ്കിലും, അസ്ഹറുദ്ദീന് കൂട്ടായി കെ.എ. അരുൺ എത്തിയതോടെ സ്കോർ ബോർഡ് അതിവേഗം മുന്നോട്ടു നീങ്ങി. 25 റൺസെടുത്ത അരുൺ, എം.എസ്. അഖിലിന് വിക്കറ്റ് നൽകി മടങ്ങി. മറുവശത്ത് തകർത്തടിച്ച അസ്ഹറുദ്ദീൻ 30 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. 41 പന്തുകളിൽ 73 റൺസെടുത്ത അസ്ഹറുദ്ദീൻ ആദിത്യ വിനോദിന്റെ പന്തിൽ മൊഹമ്മദ് ഇനാൻ ക്യാച്ചെടുത്താണ് പുറത്തായത്. മൂന്ന് ഫോറും ആറ് സിക്സറും അടങ്ങുന്നതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിങ്സ്. 16 റൺസെടുത്ത അഭിജിത് പ്രവീണിന്റെയും 12 റൺസെടുത്ത സിബിൻ ഗിരീഷിന്റെയും പ്രകടനമാണ് ആലപ്പിയുടെ സ്കോർ 193ൽ എത്തിച്ചത്. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും എം.എസ്. അഖിലും ആദിത്യ വിനോദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസിന് അഹമ്മദ് ഇമ്രാനും കെ.ആർ. രോഹിതും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 4.2 ഓവറിൽ ഈ സഖ്യം 44 റൺസ് വാരിക്കൂട്ടി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും വീണത് ടൈറ്റൻസിന് തിരിച്ചടിയായി; ഇമ്രാൻ 25 റൺസും രോഹിത് 18 റൺസുമെടുത്ത് മടങ്ങി. പിന്നാലെയെത്തിയ നിഖിൽ തോട്ടത്തിനും (5) അധികനേരം പിടിച്ചു നിൽക്കാനായില്ല

ഇതിനിടെ വില്ലനായി മഴയെത്തിയതോടെ തൃശൂരിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 15 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. ഷോൺ റോജറും ക്യാപ്റ്റൻ എം.എസ്. അഖിലും കൂറ്റൻ സിക്സറുകളുമായി തൃശൂർ ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അധികനേരം ആയുസ്സുണ്ടായില്ല. ഷോൺ റോജർ 28ഉം അഖിൽ 15 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ കൗമാരതാരം മുഹമ്മദ് ഇനാൻ തകർത്തടിച്ചെങ്കിലും വിജയത്തിന് പത്ത് റൺസകലെ തൃശൂർ പൊരുതി വീണു. ഇനാൻ ഒൻപത് പന്തുകളിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 25 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ജലജ് സക്സേനയും അഭിജിത് പ്രവീണും അഖിൽദേവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

English Summary:

Alleppey Ripples continued their winning streak successful the KCL, securing a 10-run triumph against Thrissur Titans nether the VJD method. Key performances from Muhammad Azharuddeen and Sachin Baby powered Alleppey to a beardown total, and contempt a rainfall interruption, their bowlers held Thrissur to a little score.

Read Entire Article