Published: September 07, 2026 09:23 AM IST Updated: September 07, 2026 01:23 PM IST
2 minute Read
തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫൈനൽ മത്സരം കഴിഞ്ഞ് ചാംപ്യൻ പട്ടം ഏറ്റുവാങ്ങാനായി തൃശൂർ ടൈറ്റൻസ് ടീം ഗ്രൗണ്ടിലെത്തിയത് 'ചാംപ്യൻസ്' എന്നെഴുതിയ പുതിയ ടീം ജഴ്സി അണിഞ്ഞാണ് ! വെറ്ററൻസ് ക്രിക്കറ്റ് താരം കൂടിയായ ടീം ഉടമ സജാദ് സേഠ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ തയാറാക്കിയ സർപ്രൈസ് ആയിരുന്നു ആ ടീഷർട്ട്. ആരോടും വെളിപ്പെടുത്താതെയാണ് ടീം അംഗങ്ങൾക്കായി അദ്ദേഹം ചാംപ്യൻസ് ടീഷർട്ട് മുൻകൂട്ടി തയാറാക്കി സ്വന്തം കാറിൽ സൂക്ഷിച്ചത്. ടീം ജയിച്ചതിനു പിന്നാലെ അത് ഡ്രസിങ് റൂമിൽ എത്തിക്കുകയായിരുന്നു.
What you should work next
'താര ലേലം കഴിഞ്ഞപ്പോൾ ഏറ്റവും കരുത്തുള്ള ടീമായി തോന്നിയത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ആണ്. പക്ഷേ, ആദ്യ റൗണ്ടിൽ ടൈറ്റൻസ് അവരെ തോൽപിച്ചതോടെ നമ്മുടേത് ചാംപ്യൻ ടീമാണെന്ന് മനസ്സിലായി. ആ ഉറച്ച വിശ്വാസത്തിലാണ് ചാംപ്യൻമാരാകുമ്പോൾ അണിയാനുള്ള ടീം ജഴ്സി തയാറാക്കി രഹസ്യമായി സൂക്ഷിച്ചത് '-സജാദ് സേഠ് പറയുന്നു.
പേരുകേട്ട താരങ്ങൾ ഏറെയുണ്ടായിരുന്ന കാലിക്കറ്റിനെ ഫൈനലിൽ 4 വിക്കറ്റിന് തോൽപിച്ചാണ് തൃശൂർ ചാപ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം തൃശൂർ 6 വിക്കറ്റ് നഷ്ടത്തിൽ, 3 പന്ത് ബാക്കിനിൽക്കെ മറികടന്നു. അർധ സെഞ്ചറി നേടിയ 20 വയസ്സുകാരൻ അഹമ്മദ് ഇമ്രാന്റെ ഇന്നിങ്സ് (49 പന്തിൽ 69) ആണ് തൃശൂരിന് വിജയ വഴി ഒരുക്കിയത്. ഇമ്രാൻ തന്നെയായിരുന്നു കളിയിലെ താരവും.
ജെൻ സീ വൈബ്കെസിഎലിൽ ഇത്തവണ അക്ഷരാർഥത്തിൽ 'ജെൻ സീ" ഫൈനൽ ആയിരുന്നു. തൃശൂർ ടീമിലെ 11 പേരും 25 വയസ്സിൽ താഴെയുള്ളവർ. ഈ സീസണിൽ കളിച്ച 3 കൗമാരക്കാരും തൃശൂർ നിരയിലായിരുന്നു. അതിൽ ഇന്ത്യൻ അണ്ടർ 19 ടീമിൽ കളിച്ച മുഹമ്മദ് ഇനാൻ ടൂർണമെന്റിന്റെ ഭാവിതാരമായും തിരഞ്ഞെടുക്കപ്പെട്ടു. റണ്ണറപ്പായ കാലിക്കറ്റിൽ ആകട്ടെ മുഴുവൻ താരങ്ങളും 30 വയസ്സിൽ താഴെയുള്ളവരായിരുന്നു. പുതുതലമുറക്കാരുടെ ടീമിനെ മുന്നിൽ നിന്ന് പക്വതയോടെ നയിച്ച എം.എസ്.അഖിലിന്റെ ക്യാപ്റ്റൻസിയും തൃശൂരിൻ്റെ കിരീട നേട്ടത്തിൽ നിർണായകമായി.
ഓൾറൗണ്ടർ കാർത്തിക് ബി.നായർ, ബാറ്റർ കെ.എ.അരുൺ, ജോബിൻ ജോബി, പേസർമാരായ ശരത്ചന്ദ്ര പ്രസാദ്, ശ്രീഹരി നായർ, അബ്ദുൽ റമീസ്, ഇടംകൈ സ്പിന്നർ എം.യു.ഹരികൃഷ്ണൻ തുടങ്ങി കേരള ക്രിക്കറ്റിന് പ്രതീക്ഷ നൽകുന്ന ഒരുപിടി താരോദയങ്ങളുമായാണ് കെസിഎൽ മൂന്നാം സീസൺ അവസാനിച്ചത്.
കസറി അസ്ഹർആലപ്പി താരം മുഹമ്മദ് അസ്ഹറുദ്ദീൻ്റെ ബാറ്റിങ് മികവായിരുന്നു ഈ സീസണിലെ മറ്റൊരു ഹൈലൈറ്റ്. 3 വീതം സെഞ്ചറിയും അർധ സെഞ്ചറിയുമായി അസ്ഹർ സീസണിൽ ആകെ നേടിയത് 596 റൺസ്. കെസിഎലിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരവുമായി അസ്ഹർ. കെസിഎലിൽ നിന്ന് ഐപിഎലിലേക്ക് മികവുള്ള താരങ്ങളെ ‘തേടിയെത്തിയ’ മുംബൈ ഇന്ത്യൻസ് ടീം സ്കൗട്ട് പ്രവീൺ ആംറെ, അസ്ഹറുദ്ദീൻ്റ പ്രകടനത്തെ പുകഴ്ത്തിയാണ് മടങ്ങിയത്. മുൻ ഇന്ത്യൻ താരമായ അദ്ദേഹം ഉൾപ്പെടെ വിവിധ ഐപിഎൽ ടീമുകളുടെ സ്കൗട്ടുകൾ ഇത്തവണയും കെസിഎൽ വേദിയിൽ ഉണ്ടായിരുന്നു.
ടൂർണമെന്റ് പുരസ്കാരങ്ങൾഫെയർ പ്ലേ അവാർഡ്: ഏരീസ് കൊല്ലം സെയിലേഴ്സ്
പ്ലെയർ ഓഫ് ദ് ടൂർണമെന്റ്, ഓറഞ്ച് ക്യാപ് (കൂടുതൽ റൺസ്): മുഹമ്മദ് അസ്ഹറുദ്ദീൻ (ആലപ്പി)
പർപ്പിൾ ക്യാപ് ( കൂടുതൽ വിക്കറ്റ്): എം.നിഖിൽ (ട്രിവാൻഡ്രം)
മികച്ച യുവതാരം: മുഹമ്മദ് ഇനാൻ (തൃശൂർ)
മികച്ച ക്യാച്ച്: കാർത്തിക് ബി.നായർ (കൊച്ചി)
English Summary:






English (US) ·