ദാരിദ്ര്യത്തിന്റെ ഇരുട്ടിൽനിന്ന് നേട്ടങ്ങളുടെ അംബരചുംബികളായ കോർപറേറ്റ് കെട്ടിടങ്ങളിലേക്ക് ഒരു മനുഷ്യൻ നടത്തിയ അദ്ഭുത പ്രയാണത്തിന്റെ കഥയാണിത്. ഇത് കേവലം വിജയത്തിന്റെ മാത്രം കഥയല്ല, സ്നേഹത്തിന്റെയും നിസ്വാർഥതയുടെയും രണ്ടു മനുഷ്യർക്കിടയിൽ വളർന്നുപന്തലിച്ച ആത്മബന്ധത്തിന്റെയും ഒരു ജീവിതചരിത്രമാണ്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അരുൺ ലാലും, കൊൽക്കത്തയിലെ ഒരു സാധാരണ അലക്കുകാരന്റെ മകനായ ബികാശ് ചൗധരിയും തമ്മിലുള്ള ബന്ധം, ഒരു സാധാരണ മനുഷ്യന് മറ്റൊരാളുടെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
What you should work next
∙ തെരുവോരത്തുനിന്നു തുടങ്ങിയ സ്വപ്നങ്ങൾ
കൊൽക്കത്തയിലെ ഭവാനിപ്പൂരിലെ തെരുവോരത്ത്, നടപ്പാതയിലെ ചെറിയൊരു തുണിക്കടയ്ക്കരികിലുള്ള കുഞ്ഞു കുടിലിലാണ് ബികാഷ് ചൗധരി വളർന്നത്. അച്ഛൻ പകൽ മുഴുവൻ കഷ്ടപ്പെട്ട് തുണികൾ ഇസ്തിരിയിട്ട് സ്വരൂപിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആകെ സമ്പത്ത്. ആ ദാരിദ്ര്യത്തിനിടയിലും മകന് ഒരു നല്ല ഭാവി ഉണ്ടാകണമെന്ന ആഗ്രഹത്താൽ, പിതാവ് അവനെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ചേർത്തു. എന്നാൽ, അവിടെ പഠിക്കുക എന്നത് ആ കൊച്ചുകുട്ടിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. വീട്ടുസാഹചര്യങ്ങൾ കൊണ്ടും, ഇംഗ്ലിഷ് ഭാഷ സംസാരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടും അവൻ പതറി.
ഈ സമയത്താണ് വിധിയുടെ അപൂർവമായ ആ വഴിത്തിരിവ് സംഭവിക്കുന്നത്. ബികാശിന്റെ അച്ഛൻ ഇസ്തിരിയിടാൻ തുണികൾ വാങ്ങിയിരുന്നത് അന്നത്തെ പ്രശസ്ത ക്രിക്കറ്റ് താരമായിരുന്ന അരുൺ ലാലിന്റെ വീട്ടിൽ നിന്നായിരുന്നു. ഇംഗ്ലിഷ് പഠിക്കാൻ കഷ്ടപ്പെടുന്ന മകനെ സഹായിക്കണം എന്ന അഭ്യർഥനയുമായി ആ പിതാവ് അരുൺ ലാലിന്റെയും ഭാര്യയുടെയും മുന്നിലെത്തി. ആദ്യമൊക്കെ ‘ഇവൻ ഇന്ന് വരും, നാളെ പഠനം നിർത്തി പോകുമല്ലോ’ എന്ന ചിന്തയോടെയാണ് അവർ അതിനെ സമീപിച്ചതെങ്കിലും, അരുൺ ലാലും ഭാര്യയും (ആദ്യ ഭാര്യ ദേബ്ജാനി) ആ ദൗത്യം ഏറ്റെടുത്തു. ദിവസവും ഒരു മണിക്കൂർ ഇംഗ്ലിഷ് സംസാരിക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു തുടക്കം.
What you should work next
∙ ഓറഞ്ച് സ്‌ക്വാഷിന്റെ മധുരവും ഒരു രണ്ടാം കുടുംബവും
പന്ത്രണ്ടുകാരനായ ബികാഷിന് ആ വീട്ടിലേക്ക് പോകാൻ ഒരു വലിയ പ്രേരണയുണ്ടായിരുന്നു–അവിടെച്ചെന്നാൽ ലഭിക്കുന്ന തണുത്ത 'ഓറഞ്ച് സ്‌ക്വാഷ്' ഡ്രിങ്ക്! ആ ഒരു ഗ്ലാസ് ഷർബത്തിന്റെ മധുരം തേടിയാണ് അവൻ ദിവസവും അരുൺ ലാലിന്റെ വീട്ടിലേക്ക് പോയത്. എന്നാൽ, ദിവസങ്ങൾ കഴിയുംതോറും ആ ഇംഗ്ലിഷ് ട്യൂഷൻ കേവലം ഒരു പഠന ക്ലാസ്സ് മാത്രമായിരുന്നില്ല. മക്കളില്ലാതിരുന്ന അരുൺ ലാലും ഭാര്യയും ബികാഷിനെ സ്വന്തം മകനായിത്തന്നെ കാണാൻ തുടങ്ങി. ഇംഗ്ലിഷിനൊപ്പം മറ്റു വിഷയങ്ങളും അവർ പഠിപ്പിച്ചു. "ബികാഷിന് പരീക്ഷ വരുന്നുണ്ട്, അതുകൊണ്ട് ഇപ്പോൾ ഞങ്ങൾക്കൊരു യാത്ര പോകാൻ കഴിയില്ല" എന്ന് അരുൺ ലാലിന്റെ ഭാര്യ പറയുന്നിടത്തോളം ആ ബന്ധം ആഴമുള്ളതായി മാറി.
പകൽ മുഴുവൻ സ്കൂളിലും അരുൺ ലാലിന്റെ ബാലിഗഞ്ച് സർക്കുലർ റോഡിലെ ആഡംബര വീട്ടിലുമായി ചെലവഴിക്കുന്ന ബികാഷ്, രാത്രി ഭക്ഷണം കഴിഞ്ഞ് തന്റെ സ്വന്തം അച്ഛനമ്മമാർക്കൊപ്പം ആ നടപ്പാതയിലെ ചെറിയ കുടിലിൽ ഉറങ്ങാൻ തിരികെ പോകുമായിരുന്നു. പിന്നീട്, അരുൺ ലാലും ഭാര്യയും ബികാഷിന്റെ അച്ഛനമ്മമാരോട് സംസാരിച്ച് അവനെ ഔദ്യോഗികമായി ദത്തെടുത്ത് തങ്ങളോടൊപ്പം താമസിപ്പിച്ചു. എങ്കിലും, സ്വന്തം മാതാപിതാക്കളോടുള്ള സ്നേഹവും ബന്ധവും അവനിൽ ഒരിക്കലും കുറഞ്ഞില്ല.
What you should work next
∙ കായികരംഗത്തുനിന്നും ഐഐഎം കൊൽക്കത്തയിലേക്ക്
പഠനത്തോടൊപ്പം കായികരംഗത്തും ബികാഷ് മികവ് പുലർത്തിയിരുന്നു. സബ്‌ജൂനിയർ തലത്തിൽ ബംഗാളിനുവേണ്ടി ഫുട്ബോൾ കളിച്ച അവൻ ഒരു പ്രഫഷനൽ ഫുട്ബോളർ ആകാൻ പോലും ആഗ്രഹിച്ചിരുന്നു. എന്നാൽ അരുൺ ലാൽ അവന് കൃത്യമായൊരു ഉപദേശം നൽകി: "കായികരംഗത്ത് യാതൊരു ഗ്യാരണ്ടിയുമില്ല, അതുകൊണ്ട് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക."
ആ വാക്കുകൾ ബികാഷ് ശിരസ്സാവഹിച്ചു. അസംബ്ലി ഓഫ് ഗോഡ് ചർച്ച് സ്കൂളിൽ പ്ലസ് ടുവും, സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് ബി.കോമും അവൻ പൂർത്തിയാക്കി. മത്സരാധിഷ്ഠിത പരീക്ഷകളുടെ ലോകം പരിചയപ്പെടാൻ അരുൺ ലാൽ അവനെ സിഎടി പരീക്ഷയുടെ കോച്ചിങ്ങിന് ചേർത്തു. "തോറ്റാലും കുഴപ്പമില്ല, അതിൽനിന്ന് പരിചയം നേടുക" എന്നതായിരുന്നു ലാലിന്റെ നിലപാട്. ആദ്യശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാമത്തെ ശ്രമത്തിൽ ബികാഷ് തിളക്കമാർന്ന വിജയം നേടി. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഐഐഎം ബെംഗളൂരു, ഐഐഎം കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് അവന് പ്രവേശനം ലഭിച്ചു. അവൻ ഐഐഎം കൊൽക്കത്ത തിരഞ്ഞെടുത്തു.
കണക്കിൽ അൽപം പിന്നാക്കമായിരുന്നതിനാൽ തുടക്കത്തിൽ അവൻ ഏറെ പ്രയാസപ്പെട്ടു. എന്നാൽ, തന്റെ കഠിനാധ്വാനം കൊണ്ടും മുതിർന്ന വിദ്യാർഥികളുടെ സഹായം കൊണ്ടും അവൻ ആ പ്രതിസന്ധികളെല്ലാം തരണം ചെയ്തു. പഠനത്തിൽ മാത്രമല്ല, വ്യക്തിത്വത്തിലും അവൻ ഒന്നാമനായിരുന്നു. ആദ്യ വർഷം മുതിർന്ന വിദ്യാർഥികൾ അവനെ 'ലോർഡ്' ആയി തിരഞ്ഞെടുത്തു, രണ്ടാം വർഷം അവൻ കോളജ് യൂണിയൻ പ്രസിഡന്റായി മാറി.
∙ ലണ്ടൻ പ്രയാണവും കോർപറേറ്റ് ലോകത്തെ വിജയവും
ഐഐഎം പഠനകാലത്ത് പ്രശസ്തമായ 'ഡോയിഷ് ബാങ്ക്' സമ്മർ ട്രെയിനിങ്ങിനായി വിദ്യാർഥികളെ തിരഞ്ഞെടുക്കാൻ ക്യാംപസിലെത്തി. അപേക്ഷിച്ച നൂറുകണക്കിന് വിദ്യാർഥികളിൽ നിന്ന് ബാങ്ക് തിരഞ്ഞെടുത്തത് ബികാഷിനെയായിരുന്നു! ലണ്ടനിലെ സമ്മർ ട്രെയിനിങ്ങിന് ശേഷം, പഠനം പൂർത്തിയായപ്പോൾ ഡോയിഷ് ബാങ്ക് അവന് സ്ഥിരനിയമനം നൽകി. പിന്നീട് ബാങ്കിങ്, ഫിനാൻസ് മേഖലകളിൽ ബികാഷ് ഉയരങ്ങൾ കീഴടക്കി. 2008ൽ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടപ്പോൾ പോലും അവൻ തളർന്നില്ല. ഉടൻ തന്നെ അരുൺ ലാലിനെയും അമ്മയെയും വിളിച്ച്, താൻ മറ്റൊരു ജോലി കണ്ടെത്തുമെന്ന് ആശ്വസിപ്പിച്ചു. ആത്മവിശ്വാസം കൈവിടാതെ പോരാടിയ അവൻ വെറും ഒരഴ്ചയ്ക്കുള്ളിൽ 'ക്രഡിറ്റ് അഗ്രികോൾ' എന്ന സ്ഥാപനത്തിൽ ജോലി നേടി. ഇന്ന് ഇന്ത്യയിലെ വൻകിട കോർപറേറ്റ് സ്ഥാപനമായ ജെഎസ്ഡബ്ല്യു സ്റ്റീലിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ബികാഷ് ചൗധരി.
∙ കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും പൊരുൾ
വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും തന്നെ വളർത്തിയ അച്ഛനമ്മമാരെയും, വഴിവിളക്കായ അരുൺ ലാലിനെയും ബികാശ് മറന്നില്ല. "എനിക്ക് രണ്ട് ജോഡി അച്ഛനമ്മമാരുണ്ട് – എന്റെ സ്വന്തം മാതാപിതാക്കളും അരുൺ ലാൽ സാറും ഭാര്യയും," എന്ന് ബികാഷ് അഭിമാനത്തോടെ പറയും. തന്റെ കൃതജ്ഞത വാക്കുകളിൽ മാത്രം ഒതുക്കാൻ അവൻ തയാറായിരുന്നില്ല. അരുൺ ലാൽ പുതിയൊരു ബംഗ്ലാവിലേക്ക് മാറാൻ ആഗ്രഹിച്ചപ്പോൾ സാമ്പത്തികമായി വലിയൊരു തുക ആവശ്യമായി വന്നു. അന്ന് മുംബൈയിൽ നിന്നൊരു കൊറിയർ എൻവലപ്പ് അരുൺ ലാലിന് ലഭിച്ചു. തുറന്നു നോക്കിയപ്പോൾ, ബാക്കി തുക മുഴുവൻ അടയ്ക്കാവുന്ന തരത്തിലുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ബികാഷ് അയച്ചു കൊടുത്തതായിരുന്നു അത്.
മറ്റൊരു ദിവസം, വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു വെള്ള മെഴ്സിഡസ് ബെൻസ് കാർ കണ്ട അരുൺ ലാൽ അദ്ഭുതപ്പെട്ടു. തന്നെ ഇന്നത്തെ നിലയിലെത്തിച്ച രണ്ടാം അച്ഛന് ബികാഷ് നൽകിയ സമ്മാനമായിരുന്നു അത്. സ്വന്തം മകൾക്ക് 'അരുണിമ' എന്ന് പേരിട്ടുകൊണ്ട് ആ സ്നേഹബന്ധത്തെ അവൻ തന്റെ അടുത്ത തലമുറയിലേക്കും പകർന്നു."ഞങ്ങൾക്ക് ഒരു മകനെ ലഭിച്ചു, അവൻ ഒരു മികച്ച മനുഷ്യനാണ്. അവനെ ഞങ്ങൾക്ക് തന്നതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു," എന്നാണ് അരുൺ ലാൽ ബികാഷിനെക്കുറിച്ച് സംസാരിക്കുമ്പോൾ പറയാറുള്ളത്.
∙ അരുൺ ലാൽ: ജീവിതത്തിലെ യഥാർഥ പോരാളി
ക്രിക്കറ്റ് ഗ്രൗണ്ടിൽ 10,000-ത്തിലധികം ഫസ്റ്റ് ക്ലാസ് റണ്ണുകൾ നേടിയ ബാറ്റർ, ജനപ്രിയ കമന്റേറ്റർ, 2020-ൽ ബംഗാൾ ടീമിനെ രഞ്ജി ട്രോഫി ഫൈനലിൽ എത്തിച്ച പരിശീലകൻ... ഇവയ്ക്കുമപ്പുറം അരുൺ ലാൽ എന്ന വ്യക്തി ഒരു യഥാർഥ പോരാളിയാണ്. 2016-ൽ താടിയെല്ലിനെ ബാധിച്ച അപൂർവമായ ക്യാൻസർ രോഗത്തെ 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയും മനക്കരുത്തിലൂടെയും തോൽപ്പിച്ചവൻ! ഒരു മികച്ച കായികതാരത്തിനും പരിശീലകനും അപ്പുറം, പ്രകൃതിസ്നേഹിയും, ജീവകാരുണ്യപ്രവർത്തകനുമാണ് അദ്ദേഹം. സ്വന്തം ഫാമിൽ 4000-ത്തോളം മരങ്ങൾ വച്ചുപിടിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ, ലഹരിക്ക് അടിമപ്പെട്ട യുവാക്കൾക്ക് കൗൺസിലിങ് നൽകുന്ന ഉപദേശകൻ, തെരുവ് നായ്ക്കളെയും പക്ഷികളെയും സ്നേഹിക്കുന്ന കാരുണ്യവാൻ... അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ്.
പണം മാത്രം നൽകി ഒരു എൻജിഒ തുടങ്ങുന്നതിനേക്കാൾ, സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗവും, സമയവും, വികാരവും മറ്റൊരാൾക്ക് നൽകി അവരുടെ തലമുറകളുടെ വിധി മാറ്റിയെഴുതുന്നതാണ് യഥാർഥ കാരുണ്യം എന്ന് അരുൺ ലാൽ നമ്മെ പഠിപ്പിക്കുന്നു. തെരുവിൽ ഇസ്തിരിയിടുന്ന ഒരു പാവപ്പെട്ട മനുഷ്യന്റെ മകനിൽ നിന്ന്, ലണ്ടനിലെ ഇൻവെസ്റ്റ്മെന്റ് ബാങ്കറായും അറിയപ്പെടുന്ന കോർപറേറ്റ് ലീഡറായും മാറിയ ബികാഷ് ചൗധരിയുടെ കഥ, ഒരു മനുഷ്യന്റെ മനസ്സിൽ കരുണയും സ്നേഹവും ഉണ്ടായാൽ ഈ ലോകത്ത് ഏതൊരു സാധാരണക്കാരന്റെയും വിധി മാറ്റിമറിക്കാം എന്നതിന്റെ തിളങ്ങുന്ന തെളിവാണ്. അരുൺ ലാലിനെപ്പോലുള്ള മനുഷ്യരാണ് ഈ ലോകത്തെ ഇന്നും മനോഹരമായി നിലനിർത്തുന്നത്.
English Summary:






English (US) ·