Published: March 22, 2026 06:03 PM IST
1 minute Read
കൊൽക്കത്ത∙ ഐപിഎൽ പുതിയ സീസണിനു മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ ഞെട്ടിച്ച് അൺസോൾഡ് ആയ ഇന്ത്യൻ പേസർ. വെള്ളിയാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇൻട്രാ-സ്ക്വാഡ് മത്സരത്തിനിടെ, ന്യൂസീലൻഡ് വെടിക്കെട്ട് ബാറ്റർ ഫിൻ അലനെ പുറത്താക്കിയാണ് താരം ഞെട്ടിച്ചത്. ട്വന്റി20 ലോകകപ്പ് സെമിയിൽ തകർപ്പൻ സെഞ്ചറിയടക്കം കുറിച്ച് ഉഗ്രൻ ഫോമിലുള്ള ഫിൻ അലനെ, നവ്ദീപ് സെയ്നിയാണ് ക്ലീൻ ബോൾഡാക്കിയത്.
മത്സരത്തിൽ, റിങ്കു സിങ് നയിച്ച ഗോൾഡൻ നൈറ്റ്‌സ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അജിങ്ക്യ രഹാനെ നയിച്ച പർപ്പിൾ നൈറ്റ്‌സിന് ഫിൻ അലൻ മികച്ച തുടക്കമാണ് നൽകിയത്. വെറും 10 പന്തിൽ നിന്ന് 23 റൺസാണ് താരം അടിച്ചുകൂട്ടിയത്. എന്നാൽ കിടിലൻ ബോളിൽ അലന്റെ മിഡിൽ സ്റ്റംപ്, സെയ്നി പിഴുതെറിയുകയായിരുന്നു. സെയ്നിയുടെ പന്തിൽ പാഡിൽ സ്കൂപ്പിന് ശ്രമിക്കാനായി അലൻ ഓഫ് സൈഡിലേക്ക് നീങ്ങിയെങ്കിലും, പന്തിന്റെ വേഗതയിൽ പതറി. ബാറ്റിൽ തട്ടിയ പന്ത് സ്റ്റംപിലേക്ക് പതിക്കുകയായിരുന്നു.
ഐപിഎൽ 2026 ലേലത്തിൽ ആരും വാങ്ങാതിരുന്ന സൈനി, സീസണിന് മുന്നോടിയായി നെറ്റ് ബോളറായാണ് കൊൽക്കത്ത ടീമിനൊപ്പമുള്ളത്. ഐപിഎലിൽ ആർസിബി, ഡൽഹി, രാജസ്ഥാൻ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള സെയ്നി, 32 മത്സരങ്ങളിൽനിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ, മൂന്നു ഫോർമാറ്റുകളിലും കളിച്ചിട്ടുള്ള സെയ്നിക്ക് പക്ഷേ 2023നു ശേഷം ടീമിൽ ഇടംപിടിക്കാൻ സാധിച്ചിട്ടില്ല.
അതേസമയം, അംഗ്രിഷ് രഘുവംശിയുടെ സെഞ്ചറി മികവിൽ പർപ്പിൾ നൈറ്റ്‌സ് ആറു വിക്കറ്റിന് ഗോൾഡൻ നൈറ്റ്‌സിനെ പരാജയപ്പെടുത്തി. വെറും 55 പന്തിൽ പുറത്താകാത്ത 103 റൺസ് അടിച്ചുകൂട്ടിയ രഘുവംശി, നാല് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കാൻ ടീമിനെ സഹായിച്ചു. 29നു മുംബൈയ്ക്കെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.
English Summary:








English (US) ·