തോറ്റിട്ടും വിടാതെ പാക്കിസ്ഥാൻ, അംപയർക്കെതിരെ പരാതി; ഇതൊക്കെ കോമഡി സീരിയൽ അല്ലേ, അങ്ങനെ കണ്ടാൽ മതിയെന്ന് മുൻ താരം

6 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 16, 2026 01:24 PM IST Updated: March 16, 2026 01:32 PM IST

2 minute Read

പാക്കിസ്ഥാൻ– ബംഗ്ലദേശ് മൂന്നാം ഏകദിനത്തിൽ പാക്ക് ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയെ സ്റ്റംപ് ചെയ്യുന്ന ബംഗ്ലദേശ് വിക്കറ്റ് കീപ്പർ ലിറ്റൻ ദാസ്.  (Photo by MUNIR UZ ZAMAN / AFP)
പാക്കിസ്ഥാൻ– ബംഗ്ലദേശ് മൂന്നാം ഏകദിനത്തിൽ പാക്ക് ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയെ സ്റ്റംപ് ചെയ്യുന്ന ബംഗ്ലദേശ് വിക്കറ്റ് കീപ്പർ ലിറ്റൻ ദാസ്. (Photo by MUNIR UZ ZAMAN / AFP)

ധാക്ക ∙ ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിനു തൊട്ടു പിന്നാലെ ബംഗ്ലദേശിനോടുള്ള ഏകദിന പരമ്പര കൂടി കൈവിട്ടതിന്റെ ഇരട്ടിആഘാതത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 1–2നാണ് ഷഹീൻ അഫ്രീദിയും സംഘവും ബംഗ്ലദേശിനു മുന്നിൽ അടിയറവു വച്ചത്. ആദ്യത്തെയും അവസാനത്തെയും മത്സരത്തിൽ പാക്കിസ്ഥാനെ വീഴ്ത്തിയാണ് ബംഗ്ലദേശ് പരമ്പര നേടിയത്. ധാക്കയിൽ നടന്ന മൂന്നാം ഏകദിനത്തിൽ 11 റൺസിനാണ് പാക്കിസ്ഥാന്റെ തോൽവി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് നേടിയപ്പോൾ‌ പാക്കിസ്ഥാൻ 279 റൺസിന് ഓൾഔട്ടായി. തോൽവിക്കു പിന്നാലെ അംപയർ കുമാർ ധർമസേനയ്ക്കെതിരെ മാച്ച് റഫറി നീയാമൂർ റഷീദിന് പരാതി നൽകിയിരിക്കുകയാണ് പാക്കിസ്ഥാൻ.

പാക്കിസ്ഥാന്റെ മറുപടി ബാറ്റിങ്ങിൽ, റിഷാദ് ഹുസൈൻ എറിഞ്ഞ അവസാന ഓവറിൽ 14 റൺസായിരുന്നു അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളിൽ രണ്ടു റൺസ് മാത്രമാണ് പാക്ക് ക്യാപ്റ്റൻ ഷഹീൻ അഫ്രീദിക്ക് നേടാനായത്. ഇതോടെ അവസാന രണ്ട് പന്തിൽ പാക്കിസ്ഥാന്റ വിജയലക്ഷ്യം 12 റൺസായി. അഞ്ചാ പന്ത് അംപയർ കുമാർ ധർമസേന വൈഡ് വിളിച്ചു. എന്നാൽ ബംഗ്ലദേശ് റിവ്യൂ എടുക്കാൻ തീരുമാനിച്ചു. ബാറ്റിന് അരികിലൂടെ പന്ത് കടന്നുപോകുമ്പോൾ അൾട്രാ എഡ്ജിൽ വ്യക്തമായ സ്പൈക്ക് കാണിച്ചതോടെ ധർമസേനയ്ക്ക് തീരുമാനം തിരുത്തേണ്ടി വന്നു, ഡോട്ട് ബോൾ. അടുത്ത പന്തിൽ ഷഹീന്റെ വിക്കറ്റ് വീണതോടെ പാക്കിസ്ഥാന് തോൽവി സമ്മതിക്കേണ്ടി വന്നു.

എന്നാൽ റിവ്യൂ എടുക്കാൻ ബംഗ്ലദേശിനെ അനുവദിച്ച ധർമസേനയുടെ തീരുമാനത്തിനെതിരെ മാച്ച് റഫറി നീയാമൂർ റഷീദിന് പാക്കിസ്ഥാൻ പരാതി നൽകുകയായിരുന്നു. ബിഗ് സ്ക്രീനിൽ ഡെലിവറിയുടെ റീപ്ലേ തെളിഞ്ഞതിന് ശേഷമാണ് ബംഗ്ലദേശ് റിവ്യൂ എടുത്തതെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ ടീം മാനേജ്മെന്റിന്റെ നടപടി. പ്രോട്ടോക്കോൾ അനുസരിച്ച്, റീപ്ലേകൾ കാണിക്കുന്നതിന് മുൻപ് റിവ്യൂ എടുക്കണം. ബിഗ് സ്ക്രീനിൽ ബാറ്റിന് അരികിലൂടെ പന്ത് പോകുന്നത് കാണിച്ചത് വഴി പന്ത് ബാറിൽ തട്ടിയിട്ടുണ്ടാകാമെന്ന് സൂചിപ്പിക്കുന്ന മതിയായ വിവരങ്ങൾ ബംഗ്ലദേശിന് ലഭിച്ചതായി പാക്കിസ്ഥാൻ വാദിക്കുന്നു. അതിനാൽ പ്രോട്ടോക്കോൾ പാലിക്കപ്പെട്ടില്ല. റിവ്യൂ സംബന്ധിച്ച് തീരുമാനമെടുക്കാൻ അനുവദിച്ചിട്ടുള്ള പരമാവധി 15 സെക്കൻഡിന് ശേഷമാണ് ബംഗ്ലദേശിനെ റിവ്യൂ ചെയ്യാൻ അനുവദിച്ചതെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.

∙ പത്താമനോട് തോറ്റ നാലാമൻബംഗ്ലദേശിനെതിരെ ഏകദിന പരമ്പര തോൽവിക്കു പിന്നാലെ പാക്കിസ്ഥാൻ ടീമിനെതിരെ കടുത്ത വിമർശനമാണ് മുൻ താരങ്ങളിൽനിന്നും ആരാധകരിൽനിന്നും ഉയരുന്നത്. ഐസിസി ഏകദിന റാങ്കിങ്ങിൽ പാക്കിസ്ഥാൻ നിലവിൽ നാലാം സ്ഥാനത്തും ബംഗ്ലദേശ് പത്താം സ്ഥാനത്തുമാണ്. എന്നാൽ ഈ ഉയർന്ന റാങ്കിന്റെ നിലവാരം പാക്കിസ്ഥാന്റെ കളിയിൽ കണ്ടില്ലെന്നാണ് വിമർശനം. തോൽവിക്ക് പിന്നാലെ പാക്കിസ്ഥാൻ മുൻ താരവും സെലക്ടറുമായ കമ്രാൻ അക്മൽ പരിഹാസ രൂപേണയാണ് പ്രതികരിച്ചത്.

‘‘നിങ്ങൾ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്? ഇതൊരു കോമഡി സീരിയൽ പോലെ കാണുക. ഞാൻ ഇതിനെ അങ്ങനെയാണ് കാണുന്നത്. ഞാൻ ഇത് ആസ്വദിക്കുകയാണ്. ഇപ്പോൾ ഇതിനോട് ശീലിച്ചു കഴിഞ്ഞു. ഇതൊരു കോമഡി സീരിയലാണ്. ഈ ടീം മാനേജ്‌മെന്റ് മൂന്നു മത്സരങ്ങളിൽ 30 താരങ്ങളെ കളിപ്പിച്ചാലും ഫലം ഇത് തന്നെയായിരിക്കും. അവർക്ക് മത്സരഫലത്തെക്കുറിച്ച് ആശങ്കയില്ല. അവർക്ക് പരീക്ഷണങ്ങൾ നടത്തണം എന്നു മാത്രമേയുള്ളൂ. പാക്കിസ്ഥാൻ ക്രിക്കറ്റ് തകരുകയാണെന്ന് അവർ തിരിച്ചറിയുന്നില്ല. ഇന്ന് അവർ പത്താം റാങ്കിലുള്ള ടീമിനോടാണ് തോറ്റത്. നിങ്ങൾ എന്ത് മറുപടിയാണ് നൽകുക? ആരാധകർക്ക് ഇപ്പോൾ താല്പര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.’’– ഒരു ടോക്ക് ഷോയിൽ കമ്രാൻ അക്മൽ പറഞ്ഞു.

English Summary:

Pakistan cricket squad is facing a treble stroke aft their mediocre show successful the T20 World Cup, present losing the ODI bid against Bangladesh. This decision highlights issues wrong the squad and has led to wide disapproval from erstwhile players and fans.

Read Entire Article