തോൽവി ഭാരത്തിന് ന്യായീകരണമില്ല, പ്രീതി സിന്റയ്ക്കു മുന്നില്‍ മുഖം കുനിച്ചുനിന്ന് റിക്കി പോണ്ടിങ്

2 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: May 16, 2026 08:29 AM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം CricEnt എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
തോല്‍വിക്കു ശേഷം പ്രീതി സിന്റയും റിക്കി പോണ്ടിങ്ങും സംസാരിക്കുന്നു. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം CricEnt എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പകുതിയിൽ തുടർച്ചയായി അഞ്ചാം തോൽവി ഏറ്റുവാങ്ങിയ പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് യോഗ്യത തുലാസിലാണ്. സീസണിന്റെ ആദ്യ പകുതിയിൽ തുടർ വിജയങ്ങളുമായി പോയിന്റു പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളിൽ സ്ഥിരം സ്ഥാനം ഉറപ്പിച്ച പഞ്ചാബാണ് അപ്രതീക്ഷിത തോൽവികളിൽ വലയുന്നത്. പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിപ്പിച്ച മുംബൈ ഇന്ത്യൻസാണ് കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ ആറു വിക്കറ്റു വിജയം നേടിയത്. തുടർച്ചയായ പരാജയങ്ങൾ പഞ്ചാബ് ടീം മാനേജ്മെന്റിനെയും ഉലച്ചുകഴിഞ്ഞു. മുംബൈയോടു തോറ്റതിനു പിന്നാലെ ടീം ഉടമ പ്രീതി സിന്റ പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിങ്ങിനോട് ധരംശാലയിലെ ഗ്രൗണ്ടിൽവച്ച് ഏറെ നേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രീതി സിന്റയുടെ മുന്നിൽ മുഖം കുനിച്ചുനിൽക്കുന്ന റിക്കി പോണ്ടിങ്ങിൽ തോൽവിയുടെ നിരാശയും പ്രകടമായിരുന്നു.

അഞ്ചാം തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ പഞ്ചാബ് താരങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിൻ‍ മുന്നറിയിപ്പു നൽകിയത്. ‘‘നമുക്ക് ഇനിയും രണ്ട് മത്സരങ്ങൾ കൂടിയുണ്ട്. നമ്മുടെ വിധി ഇപ്പോഴും നമ്മുടെ കയ്യിൽ തന്നെയാണ്. വിജയത്തിലേക്കുള്ള വഴി കണ്ടെത്തണം. നാളെയെന്നത് ഇല്ല. ഒന്നിനെക്കുറിച്ചും ചർച്ചയും ആവശ്യമില്ല. അടുത്ത രണ്ടു കളികൾ പഞ്ചാബിന് ജയിക്കണം. ടൂർണമെന്റ് തുടങ്ങിയപ്പോഴത്തെ സ്ഥിതിയും ഇപ്പോഴത്തേതും നോക്കുമ്പോൾ എനിക്കു നിരാശയുണ്ട്. വലിയ മത്സരങ്ങളിലെ സമ്മര്‍ദങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കണം. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അതു സംഭവിക്കുന്നില്ല.’’– ഹാഡിൻ വ്യക്തമാക്കി.

ഞായറാഴ്ച റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത പോരാട്ടം. സീസണിലെ ആദ്യ ഏഴു മത്സരങ്ങളിൽ ആറും വിജയിച്ച പഞ്ചാബ്, പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനങ്ങൾ ഉറപ്പിച്ച് പ്ലേ ഓഫിലെത്തും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ തുടർച്ചയായ തോൽവികൾ വഴങ്ങിയതോടെ ടീം പ്ലേ ഓഫ് കളിക്കുമോയെന്നു സംശയമാണ്. 12 മത്സരങ്ങളിൽ ആറു വിജയങ്ങളുള്ള പഞ്ചാബ് 13 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്.

English Summary:

Concerned Preity Zinta Engages In Tense Chat With Ricky Ponting

Read Entire Article