Published: August 27, 2026 08:34 PM IST
2 minute Read
തിരുവനന്തപുരം∙ കെസിഎല്ലിൽ തുടര്‍ച്ചയായ അഞ്ചാം തോൽവിയുമായി നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആവേശപ്പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ഏരീസ് കൊല്ലം സെയിലേഴ്സ് കൊച്ചിയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടാനായത്. തകർപ്പൻ ബോളിങ്ങിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ പവൻ രാജാണ് പ്ലേയർ ഓഫ് ദി മാച്ച്.
സ്കോര്‍–ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറിൽ 158/9 , കൊച്ചി ബ്ലൂ ടൈഗേഴ്സ് - 20 ഓവറിൽ 155/7. ടോസ് നേടി ബാറ്റിങ് തിരടുത്ത സെയിലേഴ്സിന് ക്യാപ്റ്റൻ വത്സൽ ഗോവിന്ദും അഭിഷേക് ജെ. നായരും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. മൈതാനത്തിന്റെ നാലുപാടും മനോഹരമായ ഷോട്ടുകൾ പായിച്ച ഇരുവരും ചേർന്ന് സ്കോർ ബോർഡ് അതിവേഗം മുന്നോട്ടു നീക്കി. ഒരു വശത്ത് സലി സാംസനെതിരെ വത്സൽ ഗോവിന്ദ് തുടരെ സിക്സും ഫോറും നേടിയപ്പോൾ മറുവശത്ത് ആൽഫി ഫ്രാൻസിസിനെതിരെ തുടരെ മൂന്ന് ഫോറുകൾ നേടി അഭിഷേകും തകർത്തടിച്ചു. അഞ്ചോവറിൽ അൻപതിലെത്തിയ സെയിലേഴ്സ് 10.1 ഓവറിൽ 100 പിന്നിട്ടു.
ഇതിനിടെ സ്കോർ 99ൽ നിൽക്കെ അഭിഷേകിന്റെ വിക്കറ്റ് നഷ്ടമായി. പി.എസ്. ജെറിന്റെ പന്തിൽ കാർത്തിക് ബി. നായർ ക്യാച്ചെടുത്താണ് 46 റൺസെടുത്ത അഭിഷേക് മടങ്ങിയത്. തുടർന്ന് കണ്ടത് അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റുകൾ വലിച്ചെറിയുന്ന സെയിലേഴ്സിന്റെ ബാറ്റർമാരെയാണ്. അജിനാസും ആനന്ദ് കൃഷ്ണനും രണ്ട് റൺസ് വീതം നേടിയും അർജുൻ വേണുഗോപാൽ ഒന്നും പ്രീതിഷ് പവൻ അഞ്ചും അഖിൽ .കെ.ജി എട്ടും റൺസ് നേടി മടങ്ങി. ഒടുവിൽ 77 റൺസെടുത്ത വത്സൽ ഗോവിന്ദ് റണ്ണൗട്ടാവുക കൂടി ചെയ്തതോടെ കൂറ്റൻ സ്കോർ സ്വപ്നം കണ്ട സെയിലേഴ്സിന്റെ ഇന്നിങ്സ് 158 റൺസിൽ അവസാനിച്ചു. വത്സലിനും അഭിഷേകിനും പുറമെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. കൊച്ചിക്ക് വേണ്ടി പി.എസ് ജെറിനും കാർത്തിക് ബി. നായരും ബേസിൽ തമ്പിയും മുഹമ്മദ് ആഷിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയുടെ തുടക്കം മികച്ചതായിരുന്നില്ല. 48 റൺസെടുക്കുന്നതിനിടെ വിനൂപ് മനോഹരന്റെയും (19), പവൻ ശ്രീധറുടെയും (2), മുഹമ്മദ് ഷാനുവിന്റെയും (18) വിക്കറ്റുകൾ നഷ്ടമായി. എന്നാൽ സാലി സാംസനും മനുകൃഷ്ണനും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് കൊച്ചിക്ക് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. നിലയുറപ്പിച്ച ഇരുവരും ചേർന്ന് കൊച്ചിയെ വിജയത്തിലേക്ക് എത്തിച്ചേക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മാന്ത്രിക സ്പെല്ലുമായി പവൻരാജ് എത്തിയത്.
17-ാം ഓവറിലെ അഞ്ചാം പന്തിൽ മനുകൃഷ്ണനെ (37) റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയ പവൻ തന്റെ അടുത്ത ഓവറിൽ അപകടകാരികളായ സച്ചിൻ സുരേഷിനെയും ജോബിൻ ജോബിയെയും അടുത്തടുത്ത പന്തുകളിൽ മടക്കിയയച്ചു. 44 റൺസെടുത്ത സാലി സാംസൻ വിജയ് വിശ്വനാഥിന്റെ പന്തിലും പുറത്തായി. ഇതോടെ മൂന്ന് വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ കൊച്ചിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസാണ്. അവസാന ഓവറിൽ രണ്ട് സിക്സുമായി ആൽഫി ഫ്രാൻസിസ് പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിന് തൊട്ടരികെ കൊച്ചി പൊരുതിവീണു. നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പവൻ രാജാണ് സെയിലേഴ്സിന്റെ ബോളിങ് നിരയിൽ തിളങ്ങിയത്. എ.ജി. അമൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
English Summary:






English (US) ·