Published: April 18, 2026 05:30 PM IST Updated: April 18, 2026 07:46 PM IST
2 minute Read
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറു വിക്കറ്റ് വിജയം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 100–ാം ഐപിഎൽ മത്സരത്തിലാണ് ആർസിബി തോൽവി വഴങ്ങിയത്. ബെംഗളൂരു ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ വിജയത്തിലെത്തി. തോറ്റെങ്കിലും എട്ടു പോയിന്റുള്ള ബെംഗളൂരു രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം വിജയം സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് ആറു പോയിന്റുമായി നാലാം സ്ഥാനത്തും തുടരുന്നു.
അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ട്രിസ്റ്റൻ സ്റ്റബ്സും (47 പന്തിൽ 60), 10 പന്തിൽ 22 റൺസടിച്ച ഡേവിഡ് മില്ലറുമാണ് ത്രില്ലർ പോരാട്ടത്തിൽ ഡൽഹിയുടെ വിജയമുറപ്പിച്ചത്. 34 പന്തില്‍ 57 റൺസെടുത്തു പുറത്തായ ഓപ്പണർ കെ.എൽ.രാഹുലിന്റെ ഇന്നിങ്സും ഡൽഹിയുടെ വിജയത്തിൽ നിർണായകമായി. മറുപടി ബാറ്റിങ്ങിൽ പവർപ്ലേ ഓവറുകളിൽ ഒരിക്കൽ കൂടി തന്റെ മികവ് തെളിയിച്ച പേസർ ഭുവനേശ്വർ കുമാർ ഡൽഹിയുടെ മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്. 18 റൺസെടുക്കുന്നതിനിടെ പതും നിസംഗ, (ഒന്ന്), കരുൺ നായർ (അഞ്ച്), സമീർ റിസ്‍വി (രണ്ട്) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായത് ഡൽഹിക്കു വൻ പ്രഹരമായി. എങ്കിലും കെ.എൽ രാഹുലും, ട്രിസ്റ്റൻ സ്റ്റബ്സും കൈകോർത്തതോടെ, പവര്‍പ്ലേയിൽ ഡൽഹി 50 റൺസടിച്ചു.
സ്കോർ 87ൽ നിൽക്കെ രാഹുലിനെ ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്തു പുറത്താക്കി. ക്യാപ്റ്റൻ അക്ഷർ പട്ടേൽ പരുക്കേറ്റു പുറത്തായത് ഡൽഹിക്കു തിരിച്ചടിയായി. അവസാന 12 പന്തുകളിൽ 25 റൺസായിരുന്നു ഡല്‍ഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അർധ സെഞ്ചറി നേടിയ ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം വിശ്വസ്തനായ ഡേവിഡ് മില്ലറും ക്രീസിലുള്ളതായിരുന്നു ഡൽഹിയുടെ പ്രതീക്ഷ. റാസിഖ് സലാമിന്റെ 19–ാം ഓവറിൽ ഡൽഹി 10 റൺസടിച്ചതോടെ 20–ാം ഓവറിൽ വിജയലക്ഷ്യം 15 റൺസായി ചുരുങ്ങി. റൊമാരിയോ ഷെഫേഡിന്റെ ആദ്യ രണ്ടു പന്തുകൾ ഇരുവരും സിംഗിളുകൾ പോയെങ്കിലും, മൂന്നും നാലും പന്തുകൾ സിക്സുകളും അഞ്ചാം പന്ത് ഫോറും പറത്തി ഡേവിഡ് മില്ലർ ഒരു പന്തു ബാക്കി നിൽക്കെ ഡൽഹിയുടെ വിജയമാഘോഷിച്ചു. ആർസിബിക്കായി ഭുവനേശ്വർ കുമാർ മൂന്നും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ഫിൽ സോൾട്ടാണ് ആര്‍സിബിയുടെ ടോപ് സ്കോറർ. മൂന്ന് സിക്സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തിയ താരം, 38 പന്തുകളിൽനിന്ന് 63 റൺസാണു നേടിയത്. 17 പന്തുകളിൽനിന്ന് 26 റൺസെടുത്ത ടിം ഡേവിഡാണ് ബാറ്റിങ്ങിൽ പിടിച്ചുനിന്ന മറ്റൊരു ആർസിബി താരം. മധ്യനിരയിൽ ആര്‍ക്കും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.
ടോസ് വിജയിച്ച ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 52 റൺസിന്റെ അർധ സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും, വിരാട് കോലിക്ക് വലിയ സ്കോറിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. പവർപ്ലേ തീരുംമുൻപേ ലുങ്കി എൻഗിഡിയുടെ പന്തിൽ പതും നിസംഗ ക്യാച്ചെടുത്ത് കോലിയെ മടക്കി. പവർപ്ലേയിൽ 59 റൺസാണ് ആർസിബി സ്വന്തമാക്കിയത്.
മധ്യനിര താരങ്ങൾ പിടിച്ചുനിന്നതോടെ 10.1 ഓവറിൽ ബെംഗളൂരു 100 പിന്നിട്ടു. 18 റൺസടിച്ച ദേവ്ദത്ത് പടിക്കലിനെ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേല്‍ പുറത്താക്കി. പിന്നാലെ അർധ സെഞ്ചറി പിന്നിട്ട ഓപ്പണർ ഫിൽ സോൾട്ടും വീണു. സ്പിന്നർ കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. എട്ടു റൺസ് മാത്രം നേടിയ ക്യാപ്റ്റൻ രജത് പാട്ടീദാറിനെ മുകേഷ് കുമാറും പുറത്താക്കി. ഇതോടെ ആർസിബിയുടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. തകർപ്പൻ ഷോട്ടുകളുമായി തുടങ്ങിയ ടിം ഡേവിഡ് അക്ഷർ പട്ടേലിന്റെ 16–ാം ഓവറിൽ പുറത്തായത് ആർസിബിക്കു തിരിച്ചടിയായി. റൊമാരിയോ ഷെഫേർഡും (ഒന്ന്) വന്നപോലെ മടങ്ങി.
വിക്കറ്റ് കീപ്പർ ജിതേഷ് ശർമയായിരുന്നു അവസാന ഓവറുകളിൽ ആർസിബിയുടെ പ്രതീക്ഷ. എന്നാൽ ലുങ്കി എൻഗിഡിയുടെ 20–ാം ഓവറിൽ പുറത്തായ താരം നേടിയത് 20 പന്തിൽ 14 റൺസ് മാത്രം. ഡൽഹിക്കായി ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മുകേഷ് കുമാർ ഒരു വിക്കറ്റും സ്വന്തമാക്കി.
English Summary:








English (US) ·