Published: September 16, 2026 09:35 AM IST
2 minute Read
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20യിൽ 10 റൺസെടുത്തു പുറത്തായതിനു പിന്നാലെ വാളെടുത്തവർക്കു മറുപടിയുമായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസൺ. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ 22 പന്തുകളിൽനിന്ന് 57 റണ്‍സെടുത്താണു സഞ്ജു വിമർശകരുടെ വായടപ്പിച്ചത്. നാലു സിക്സുകളും ഏഴു ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. ഓപ്പണറായിറങ്ങി 259.09 സ്ട്രൈക്ക് റേറ്റിലായിരുന്നു മലയാളി താരത്തിന്റെ ബാറ്റിങ്. ആദ്യ മത്സരത്തിൽ നിറംമങ്ങിയതോടെ കൗമാര താരം വൈഭവ് സൂര്യവംശിയെ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറക്കണമെന്നും സഞ്ജുവിനെ പുറത്താക്കണമെന്നും ആവശ്യം ശക്തമായിരുന്നു. ഒരൊറ്റ ഇന്നിങ്സോടെ തനിക്കെതിരായ വിമര്‍ശനങ്ങളെ ബൗണ്ടറി കടത്തിയാണ് സഞ്ജു വീണ്ടും ഫോം തെളിയിച്ചത്.
What you should work next
ട്വന്റി20 ലോകകപ്പിലേതുപോലെ സമ്മർദഘട്ടത്തിൽ പൊന്നുംവിലയുള്ളൊരു ഇന്നിങ്സ്. മൂന്നാം ട്വന്റി20യില്‍ സഞ്ജുവിനെ കളിപ്പിച്ചാലും, ഇനി ‘ഒരു ചേഞ്ചിന്’ വൈഭവ് സൂര്യവംശിയെ മാറ്റിയിറക്കിയാലും വെസ്റ്റിൻഡീസിനെതിരെ അടക്കം വരാനിരിക്കുന്ന ട്വന്റി20 പോരാട്ടങ്ങളിൽ ടീമിലേക്ക് ശക്തമായ അവകാശവാദം താരത്തിന് ഉന്നയിക്കാൻ ഇതു മതിയാകും. സ്ഥിരതയുടെ പേരിലുള്ള വിമർശനങ്ങൾ കുറച്ചുകാലത്തേക്കെങ്കിലും അടങ്ങും. രാജസ്ഥാൻ റോയൽസിലെന്നതുപോലെ ട്വന്റി20 രാജ്യാന്തര കരിയറിലും സഞ്ജു സാംസണ് ഇനി വലിയ വെല്ലുവിളിയാകുക 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി തന്നെയാണ്. സിംബാബ്‍വെയ്ക്കെതിരെ പരമ്പരയിലെ താരമായ വൈഭവിനെ പുറത്തിരുത്തി സഞ്ജുവിന് തിരിച്ചുവരവിന് വഴിയൊരുക്കിയതിന് ടീം മാനേജ്മെന്റും പരിശീലകൻ ഗൗതം ഗംഭീറും കേട്ടപഴി കുറച്ചൊന്നുമായിരുന്നില്ല.
ഒരേതരം പന്തുകളിൽ, ഒരേ ഷോട്ട് കളിച്ച് വിക്കറ്റ് കളയുന്ന സഞ്ജുവിന്റെ രീതിയെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ രൂക്ഷഭാഷയിലാണു വിമർശിച്ചത്. ‘‘സഞ്ജു സ്വയം തിരിച്ചടിയുണ്ടാക്കുകയാണ്. അദ്ദേഹം ഇപ്പോഴും തികച്ചും അസ്ഥിരനാണ്.’’– എന്നായിരുന്നു കമന്ററി ബോക്സിൽ മഞ്ജരേക്കറുടെ വിമർശനം. മുഹമ്മദ് കൈഫ്, ക്രിസ് ശ്രീകാന്ത് എന്നിവരും വൈഭവ് സൂര്യവംശിക്കു വേണ്ടി നിലകൊണ്ടു. കൗമാരക്കാരൻ ഇന്ത്യയ്ക്കായി കളിക്കുന്നുവെന്ന കൗതുകത്തിലുപരി, വൈഭവിന്റെ കളി കാണാൻ മാത്രം ഇന്ത്യയുടെ മത്സരം കാണുന്നവർ ഏറി വരികയാണ്. കുട്ടിത്താരത്തിന്റെ വെടിക്കെട്ടുകളുടെ ‘ബ്രാൻഡ് വാല്യു’വും ഏറിവരുന്നു. അതിനിടെയായിരുന്നു രണ്ടാം പോരാട്ടത്തിലും അഭിഷേക്– സഞ്ജു കോംബോയിൽ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും വിശ്വസിച്ചത്.
What you should work next
ആദ്യ രണ്ടോവറുകളിൽ പന്ത് കണക്ട് ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ടിയ സഞ്ജു, സിംഗിളുകളിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത്. മറുവശത്ത് രണ്ടാം പന്തു മുതൽ അഭിഷേക് ശർമ അടി തുടങ്ങിയതോടെ നിലയുറപ്പിക്കാൻ സഞ്ജുവിന് ആവശ്യത്തിനു സമയം ലഭിക്കുകയും ചെയ്തു. അസ്മത്തുല്ല ഒമർസായിയുടെ മൂന്നാം ഓവറിലെ അഞ്ചാം പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ബൗണ്ടറി പായിച്ചാണ് സഞ്ജു വെടിക്കെട്ടിനു തുടക്കമിട്ടത്. അസ്മത്തുല്ല ഒമർസായിയുടെ തന്നെ അഞ്ചാം ഓവറിൽ ഒരു സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ താരം തൊട്ടടുത്ത ഓവറിലെ അവസാന നാലു പന്തുകളിൽ മുഹമ്മദ് നബിയെ രണ്ടു സിക്സുകളും രണ്ടു ഫോറുകളും തൂക്കി.
പവർപ്ലേയ്ക്കു പിന്നാലെ അഭിഷേക് പുറത്തായെങ്കിലും സഞ്ജു അടി നിർത്തിയില്ല. റാഷിദ് ഖാന്റെ ഏഴാം ഓവറിലെ നാലാം പന്ത് സ്ലിപ് ഫീൽഡറെ മറികടന്ന് ബൗണ്ടറി കടത്തി താരം അർധ സെഞ്ചറി പൂർത്തിയാക്കി. അടുത്ത പന്തിൽ റാഷിദ് ഖാനെ ഡീപ് മിഡ്‍വിക്കറ്റിനു മുകളിലൂടെ സിക്സർ പറത്തി. ഏഴാം ഓവറിലെ ആറാം പന്തും സിക്സടിക്കാനുള്ള ശ്രമത്തിനിടെയാണ് സഞ്ജു പുറത്താകുന്നത്. റാഷിദിന്റെ ഏഴാം ഓവറിലെ ആറാം പന്ത് ബൗണ്ടറി ലൈനിൽവച്ച് പിടിച്ചെടുത്ത മുഹമ്മദ് നബി സഞ്ജുവിന്റെ സ്റ്റൈലൻ ഇന്നിങ്സിന് അവസാനമിട്ടു. 20 പന്തുകളിൽ അർധ സെഞ്ചറി തികച്ച സഞ്ജു ട്വന്റി20യിലെ ഏഴാം അർധ സെഞ്ചറിയാണ് ന്യൂഡൽഹിയിൽ നേടിയത്. പന്ത് അടിസ്ഥാനത്തിൽ താരത്തിന്റെ വേഗതയേറിയ ഫിഫ്റ്റിയാണിത്. സഞ്ജുവിന്റെ 57 റൺസിൽ 52 ഉം വന്നത് ബൗണ്ടറികളിലൂടെയായിരുന്നു. എത്ര നേരം ക്രീസിൽ നിൽക്കുന്നു എന്നതിലല്ല, ഏതാനും പന്തുകൾ മാത്രമാണ് നേരിട്ടതെങ്കിലും ടീമിനായി പരമാവധി കളിക്കുകയെന്ന ‘സഞ്ജു മോഡലിന്റെ’ മറ്റൊരു ഉദാഹരണമായി ഈ ഇന്നിങ്സ്.
English Summary:






English (US) ·