ദി തേര്‍ഡ് മര്‍ഡര്‍

1 day ago 1

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

സൈജു കുറുപ്പ് നായകനായി ഒരാഴ്ചയ്ക്കിടയില്‍ റിലീസാകുന്ന രണ്ടാമത്തെ ക്രൈം സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ദി തേര്‍ഡ് മര്‍ഡര്‍ . ക്രൈം, ത്രില്ലര്‍ സിനിമകളുടെ പതിവ് രീതികള്‍ ഒഴിവാക്കിയാണ് ദി തേര്‍ഡ് മര്‍ഡര്‍ അഥവാ മൂന്നാമത്തെ കൊലപാതകം സഞ്ചരിക്കുന്നത്. തുടക്കം മുതല്‍ അവസാനം വരെ തിരക്കില്ലാതെ, ഒരേ വേഗതയിലാണ് സിനിമ സഞ്ചരിക്കുന്നത്. മാത്രമല്ല സിനിമകളില്‍ പൊതുവെ കാണാറുള്ള ഹൈ ഫൈ സീരിയല്‍ കൊലപാതകികളോ പ്രൊഫഷണര്‍ കില്ലര്‍മാരുടെ ജാഡ നിറഞ്ഞ വേഷഭൂഷാദികളോ ഒന്നും കാണിച്ച് കാഴ്ചക്കാരെ ഭീതിപ്പെടുത്തുന്നുമില്ല.

എം എസ് ഫൈസല്‍ ഖാന്റെ ഭയം നിര്‍ഭയം എന്ന നോവലിനെ ആധാരമാക്കിയാണ് ദി തേര്‍ഡ് മര്‍ഡര്‍ സൃഷ്ടിച്ചിരിക്കുന്നത്. ക്രൈം ത്രില്ലറുകളും സൈക്കോളജിക്കല്‍ സിനിമകളും ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്തമായൊരു പാറ്റേണില്‍ കാണാനാവുന്ന വിധത്തിലാണ് ദി മര്‍ഡറിന്റെ യാത്ര.

ഭയം എന്ന വികാരമാണ് മനുഷ്യരെ മാത്രമല്ല മൃഗങ്ങളേയും സകല ജന്തുജാലങ്ങളേയും പെട്ടെന്ന് അക്രമാസക്തരാക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പാമ്പ് കൊത്തുന്നത്, പട്ടി കടിക്കാനോടിക്കുന്നത് തുടങ്ങി ഒരു മനുഷ്യന്‍ മറ്റൊരാള്‍ക്കു നേരെ പെട്ടെന്നൊരു ആക്രമണത്തിന് തുനിയുന്നതു പോലും ഭയമെന്ന വികാരത്തിന്റെ പുറത്താണ്. ഭയമില്ലാത്ത ഒരു ലോകത്ത് ആക്രമണമണങ്ങള്‍ക്ക് കാര്യമായ റോളുണ്ടാവില്ല.

ജസ്റ്റിന്‍ എന്ന ലഹരി മരുന്നു വിതരണക്കാരനും ബോബന്‍ എന്ന വ്യവസായിയും കൊല്ലപ്പെടുന്നതോടെ ആരംഭിക്കുന്ന സിനിമ അതിനു പിറകെ നടത്തുന്ന അന്വേഷണമായാണ് പുരോഗമിക്കുന്നത്. തുടര്‍ച്ചയായി നടക്കുന്ന രണ്ടു കൊലപാതകങ്ങള്‍ പൊലീസ് സേനയ്ക്കുണ്ടാക്കുന്ന അതിസമ്മര്‍ദ്ദവും മൂന്നാമതൊരു കൊലപാതകം നടക്കാതിരിക്കാന്‍ നടത്തുന്ന ജാഗ്രതയും അന്വേഷണത്തെ പല രീതിയിലേക്ക് തിരിക്കുന്നുണ്ട്. ഒരേ രീതിയിലുള്ള കൊലപാതകം സീരിയല്‍ കില്ലര്‍മാരിലേക്കും ഇത്തരത്തില്‍ കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയവരുടെ മാനസികാവസ്ഥകളിലേക്കുമെല്ലാം സഞ്ചരിച്ചാണ് യഥാര്‍ഥ വഴി തെരഞ്ഞെടുക്കുന്നത്. അപ്പോഴേക്കും മൂന്നാമത്തെയാളും കൊല്ലപ്പെടുന്നു.

സൈജു കുറുപ്പാണ് സിനിമയിലെ നായകന്‍. സൈജുവിന്റെ തീര്‍ത്തും വ്യത്യസ്തമായൊരു ഗെറ്റപ്പാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. പൊലീസുകാരുടെ പതിവ് രൂപഭാവങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് സൈജുവിന്റെ സി ഐ ക്രിസ്റ്റി. പൊതുവെ മീശയും താടിയുമൊക്കെയായി കാണാറുള്ള സൈജു ക്ലീന്‍ ഷേവായി പ്രത്യക്ഷപ്പെട്ടതു തന്നെ സിനിമയില്‍ മറ്റൊരു മുഖം അവതരിപ്പിക്കാനായിരിക്കണം.

വിനയ് ഫോര്‍ട്ടിന്റെ വിനയനാണ് ഈ ചിത്രത്തിന്റെ മറ്റൊരു മുഖം. പെരുമാനി എന്ന സിനിമയിലെ തീര്‍ത്തും വ്യത്യസ്തമായൊരു വേഷത്തിന് ശേഷം വിനയ് അവതരിപ്പിക്കുന്ന അപ്രതീക്ഷിത കഥാപാത്രം കൂടിയായിരിക്കാം വിനയന്‍. സാധാരണ നടന്മാരൊന്നും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്തൊരു കഥാപാത്രം കൂടിയാണിത്. മമ്മൂട്ടി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കാണിക്കുന്ന ധൈര്യത്തെ കുറിച്ച് പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ള വിനയ് ഫോര്‍ട്ട് തനിക്കും അത്തരം വേഷങ്ങള്‍ ലഭിച്ചാല്‍ ധൈര്യപൂര്‍വ്വം കൈകാര്യം ചെയ്യുമെന്ന പ്രഖ്യാപനം കൂടിയായിരിക്കണം ദി തേര്‍ഡ് മര്‍ഡറിലെ കഥാപാത്രം. സൈജു കുറുപ്പിന്റെ സിനിമ എന്നതിനോടൊപ്പം വിനയ് ഫോര്‍ട്ടിന്റെ സിനിമ കൂടിയാണ് ദി തേര്‍ഡ് മര്‍ഡര്‍. അധമ ബോധത്തിന്റെയോ അപകര്‍ഷതാബോധത്തിന്റേയോ മാത്രമല്ല മുഴുവന്‍ സമയവും ഏതുകാര്യത്തിനും ഭയപ്പെട്ടു ജീവിക്കുന്നവന്റേയും പ്രതീകം കൂടിയാണ് വിനയന്‍.

പൊലീസ് സേനയില്‍ കുറ്റാന്വേഷണ രംഗത്തെ മികവുറ്റ ഉദ്യോഗസ്ഥനായിരുന്ന സാമിയായാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രം വരുന്നത്. സി ബി ഐ സീരിസിലെ 'സാമി'യെ ഈ കഥാപാത്രം വിദൂരമായി ഓര്‍മപ്പെടുത്തുമെങ്കിലും അതിന്റെ ഛായയൊന്നും ഇന്ദ്രന്‍സ് പ്രകടമാക്കുന്നില്ല. പൊലീസുകാര്‍ നടത്തുന്ന കൊലപാതക അന്വേഷണത്തിന് സമാന്തരമായി അന്വേഷണം നടത്തുന്ന കഥാപാത്രം കൂടിയാണ് സാമി. അയാള്‍ മുമ്പെപ്പോഴോ പൊലീസ് സേനയില്‍ നിന്ന് രാജിവെച്ച് ആരുമറിയാത്ത ഒരിടത്തേക്ക് ജീവിതം പറിച്ചു നട്ടിട്ടുണ്ട്.

വിനയ് ഫോര്‍ട്ടിന്റെ ഭാര്യയായി അനന്യയാണ് വേഷമിട്ടത്. വിനയ് ഫോര്‍ട്ടിനെ പോലെ അതിമനോഹരമായാണ് അനന്യയും തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയില്‍ അഭിനയ പ്രാധാന്യമുള്ള രണ്ട് കഥാപാത്രങ്ങളെയാണ് വിനയ് ഫോര്‍ട്ടും അനന്യയും കൈകാര്യം ചെയ്തിരിക്കുന്നത്. ഇരുവരും അവ ഭദ്രമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

മണികണ്ഠന്‍ പട്ടാമ്പിയുടെ നവാസാണ് സിനിമയുടെ മൂഡിനെ മാറ്റിപ്പിടിക്കുന്നൊരു കഥാപാത്രം. തമാശ വേഷങ്ങള്‍ക്കപ്പുറം ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യത്തിനു നേരെ നോക്കി വിഭ്രാന്തിപ്പെടുന്നൊരാളാകാനും തനിക്കാവുമെന്ന് മണികണ്ഠന്‍ പട്ടാമ്പി തെളിയിക്കുന്നു.

രൂപംകൊണ്ടും ഭാവം കൊണ്ടും പൊലീസുകാരുടെ ശൈലിയുള്ളതുകൊണ്ടായിരിക്കണം റിയാസ് നര്‍മകലയും ജിബിന്‍ ഗോപിനാഥും പതിവ് പൊലീസ് വേഷത്തില്‍ തന്നെയാണുള്ളത്.

പതിവുതാളത്തിലല്ലാതെ സഞ്ചരിക്കുന്ന ക്രൈം ത്രില്ലര്‍ സിനിമയായതിനാല്‍ തന്നെ വ്യത്യസ്ത ഴോണറുകളിലുള്ള സിനിമ കാണാന്‍ താത്പര്യമുള്ളവരെയാണ് ദി തേര്‍ഡ് മര്‍ഡര്‍ കൂടുതല്‍ ലക്ഷ്യമിടുന്നത്. അത്തരം പ്രേക്ഷകര്‍ക്കായിരിക്കും ഈ ചിത്രം വ്യക്തമായി പിന്തുടരാനാവുക.

സിനിമയുടെ സഞ്ചാര വഴിയില്‍ പലയിടങ്ങളിലായി ട്വിസ്റ്റുകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. സസ്‌പെന്‍സും ദുരൂഹതയും സിനിമയിലുടനീളം കാത്തുവെക്കുന്നതു പോലെ തന്നെ അവയെ പലയിടങ്ങളിലും പൊളിച്ചടുക്കാനും സംവിധായകന്‍ ധൈര്യം കാണിച്ചിട്ടുണ്ട്.

സംവിധായകന്‍ സുനില്‍ ഇബ്രാഹിമിന്റെ നാലാമത്തെ സിനിമയാണ് ദി തേര്‍ഡ് മര്‍ഡര്‍. ഈ സിനിമയില്‍ അദ്ദേഹം ഒരു ഗാനവും രചിച്ചിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ തനിക്കാവശ്യമായ വെള്ളിത്തിരക്കാഴ്ചകളൊരുക്കാന്‍ സുനില്‍ ഇബ്രാഹിം പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.

സ്വരൂപ് ഫിലിപ്പാണ് ദി തേര്‍ഡ് മര്‍ഡറിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മെജോ ജോസഫ് സംഗീതവും സാജന്‍ വി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സുദര്‍ശന്‍ കാഞ്ഞിരംകുളമാണ് സിനിമയുടെ നിര്‍മാതാവ്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article