ബെയ്‌റൂട്ട്∙ ഇറാനിൽ കൗമാര ഗുസ്തിതാരമടക്കം മൂന്നു യുവാക്കളെ വധശിക്ഷയ്ക്കു വിധേയരാക്കിയ ഇറാൻ ഭരണകൂടത്തിന്റെ നടപടിയെ വിമർശിച്ച് മനുഷ്യാവകാശ സംഘടനകൾ. ഗുസ്തി താരം സാലിഹ് മുഹമ്മദി, മെഹ്ദി ഖാസെമി, സയീദ് ദാവൂദി എന്നിവരെയാണ് വ്യാഴാഴ്ച പരസ്യമായി തൂക്കിലേറ്റിയത്. ജനുവരിയിൽ ഇറാനിൽ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളിൽ അറസ്റ്റിലായ പതിനായിരക്കണക്കിന് ആളുകളിൽ വധശിക്ഷയ്ക്കു വിധേയരാകുന്ന ആദ്യ സംഘമാണ് ഇവർ. നൂറിലധികം പേർ കൂടി വധശിക്ഷയ്ക്കു വിധേയരാകാൻ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, തലസ്ഥാനമായ ടെഹ്‌റാന് തൊട്ട് തെക്കുള്ള ക്വോമിലാണ് മൂവരെയും പരസ്യമായി തൂക്കിലേറ്റിയത്. നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി എന്നാരോപിച്ച് ‘മൊഹറെബെ’ അഥവാ ‘ദൈവത്തിനെതിരെ യുദ്ധം ചെയ്യുക’ എന്ന കുറ്റത്തിനാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഈ മൂന്നു പേരുടെയും ശിക്ഷാവിധികൾ, കടുത്ത പീഡനത്തിലൂടെ നേടിയെടുത്ത കുറ്റസമ്മത മൊഴികൾ ഉപയോഗിച്ചാണെന്നും ഇവ തികച്ചും അന്യായമാണെന്നും ആംനസ്റ്റി ഇന്റർനാഷനൽ പറഞ്ഞു.
യുഎസ്, ഇസ്രയേൽ – ഇറാൻ യുദ്ധത്തിനിടയിൽ, സമൂഹത്തിൽ ഭീതി ജനിപ്പിക്കാനും പുതിയ പ്രതിഷേധങ്ങളെ തടയാനും ഉദ്ദേശിച്ചുള്ളതാണ് ഈ വധശിക്ഷകളെന്ന് ഓസ്‌ലോ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം പറഞ്ഞു. പ്രതിഷേധക്കാരുടെയും രാഷ്ട്രീയ തടവുകാരുടെയും ഒട്ടനവധി വധശിക്ഷകൾ ഉടൻ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്നതായും അമിരി-മൊഗദ്ദാം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിനിടെ അറസ്റ്റിലായ 27 പേർക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്.
∙ കൗമാരത്തിലെ പൊലിഞ്ഞ കായികപ്രതിഭഇറാനിലെ ഇന്റർനെറ്റ് നിരോധനം കാരണം, വധശിക്ഷയ്ക്കു വിധേയരായ മൂന്നു പേരുടെയും വിവരങ്ങൾ വളരെ കുറവാണ്. സയീദ് ദാവൂദി ജനിച്ചത് 2004 മാർച്ച് 20-നാണെന്ന് അമിരി-മൊഗദ്ദാം പറഞ്ഞു, അതായത് തന്റെ 22-ാം ജന്മദിനത്തിന് തലേദിവസമാണ് അവൻ വധിക്കപ്പെട്ടത്. ഖാസെമിയുടെ പ്രായം അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ വൻ ജനപ്രീതിയുള്ള ഗുസ്തിയിൽ താരമായിരുന്നു സാലിഹ് മുഹമ്മദി. 2024ൽ റഷ്യയിലെ ക്രാസ്നോയാർസ്കിൽ നടന്ന രാജ്യാന്തര യൂത്ത് ഫ്രീസ്റ്റൈൽ ഗുസ്തി ടൂർണമെന്റിൽ താരം വെങ്കല മെഡൽ നേടിയിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, മുഹമ്മദി തന്റെ മത്സരങ്ങളുടെയും വർക്കൗട്ടുകളുടെയും ഫോട്ടോകളും വിഡിയോകളും പ്രചോദനാത്മകമായ അടിക്കുറിപ്പുകളോടെ പോസ്റ്റ് ചെയ്തിരുന്നു. ഡിസംബറിൽ തന്റെ അവസാന പോസ്റ്റിൽ, ജിമ്മിൽനിന്നുള്ള സ്വന്തം വിഡിയോ പങ്കുവച്ചുകൊണ്ട് താരം ഇങ്ങനെ എഴുതി: ‘‘ഞങ്ങൾ വിചാരിച്ചതിലും അപ്പുറം ഞങ്ങൾ സഹിച്ചു. വീണ്ടും തിരിച്ചെത്തുന്നു #bodybuilding #training #wrestling.’’
ഊർജ്ജസ്വലനായ കുട്ടിയായിരുന്നു സാലിഹ് മുഹമ്മദിയെന്ന് 2022ൽ താരം ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവനോടു സംസാരിച്ചിട്ടുള്ള ഇറാനിയൻ അധ്യാപിക ശിവ അമേലിറാദ് പറഞ്ഞു. ഇപ്പോൾ കാനഡയിലെ ടൊറന്റോയിലാണ് അമേലിറാദ് താമസിക്കുന്നത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി മരിച്ചതിനെത്തുടർന്ന് 2022ൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ മുഹമ്മദി പങ്കെടുത്തിരുന്നതായി അമേലിറാദ് പറഞ്ഞു. 2022 സെപ്റ്റംബർ 16നാണ് അമിനി കൊല്ലപ്പെട്ടത്. അമിനിയുടെ മരണം ഇറാനിൽ വൻ പ്രക്ഷോഭം ഇളക്കിവിട്ടിരുന്നു. എന്നാൽ അവയെ ഭരണകൂടം ശക്തമായി അടിച്ചമർത്തുകയായിരുന്നു. പരിശീലനങ്ങളും ഐസ്ക്രീം കഴിക്കുന്നതും മാത്രമാണ് ഈ ദുരന്തങ്ങളെല്ലാം മറക്കാനുള്ള ഏക വഴിയെന്ന് മുഹമ്മദി തന്നോട് പറഞ്ഞതായി അമേലിറാദ് പറഞ്ഞു. താൻ സന്തോഷവാനാണെന്ന് കാണിക്കാൻ അവൻ എപ്പോഴും ശ്രമിച്ചിരുന്നെന്നും അമേലിറാദ് പറഞ്ഞു.
വിവിധ മനുഷ്യാവകാശ സംഘടനകൾ നൽകുന്ന വിവരമനുസരിച്ച് മുഹമ്മദി, ഖാസെമി, ദാവൂദി എന്നിവരെ ജനുവരി 15ന് ക്വോമിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത സാഹചര്യവും മൂവർക്കും മുൻപേ പരസ്പരം അറിയാമായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ജനുവരി 8ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയത്. ഫെബ്രുവരി ആദ്യവാരം ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ആംനസ്റ്റിയും ഇറാൻ ഹ്യൂമൻ റൈറ്റ്‌സും അറിയിച്ചു.
തടങ്കലിൽ കഴിയുന്നതിനിടെ മുഹമ്മദി മർദനത്തിനിരയായെന്നും താരത്തിന്റെ ഒരു കൈ ഒടിഞ്ഞതായും, ഫെബ്രുവരി 19ന് ഇറാൻ ജുഡീഷ്യൽ സംവിധാനത്തിന് അയച്ച തുറന്ന കത്തിൽ ആംനസ്റ്റി പറഞ്ഞു. മുഹമ്മദി കുറ്റങ്ങൾ നിഷേധിച്ചതായും എന്നാൽ കുറ്റസമ്മതം നടത്തിയതെന്ന് പറഞ്ഞ് കോടതിയിൽ അത് പിൻവലിച്ചതായും ആംനസ്റ്റി വ്യക്തമാക്കി.
ഇറാനിയൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ ആണ് ഈ മൂന്നു പേരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം വ്യാഴാഴ്ച പുറത്തുവിട്ട്. ജയിൽ വസ്ത്രം ധരിച്ച് കോടതിയിൽ ഇരിക്കുന്ന ഇവരുടെ വിഡിയോയും പുറത്തുവിട്ടു. കത്തികളും വാളുകളും ഉപയോഗിച്ച് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി ഇവർ സമ്മതിച്ചെന്ന് അത് അവകാശപ്പെട്ടു. കൊലപാതകങ്ങൾ പുനരാവിഷ്കരിക്കുന്ന വിഡിയോയും അവർ കാണിച്ചു.
English Summary:







English (US) ·