കൊൽക്കത്ത∙ ഈഡൻ ഗാർഡൻസിൽ ഇന്ത്യ ഇന്നൊരു യുദ്ധം ജയിച്ചു! മിസൈലുകളും ബോബുകളുമായി ആക്രമിച്ച് മനുഷ്യരെ കൊന്നായിരുന്നില്ല ആ യുദ്ധം. കളിക്കളത്തിൽ കായിക വീര്യം ഒട്ടും ചോർന്നുപോകാതെയുള്ള ഒരു പോരാട്ടം. ഇന്ത്യയുടെ ആ ‘കായിക നീക്കം’ മുന്നിൽനിന്ന് നയിച്ചത് മലയാളി താരം സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
അർധസെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി; ദ് ചേസ് മാസ്റ്റർ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 173 ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഈ മാസം 5 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടും. ഇത് ആറാം തവണയാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് സെമിയിൽ കടക്കുന്നത്. തുടർച്ചയായ മൂന്നാ തവണയും.
മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ വിക്കറ്റ് പോകാതെ കാക്കാൻ ലോകകപ്പിലെ ഏഴാം മത്സരത്തിലും ഇന്ത്യയ്ക്കായില്ല. ഓപ്പണർ അഭിഷേക് ശർമ (11 പന്തിൽ 10), മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷൻ (6 പന്തിൽ 10) എന്നിവരുടെ വിക്കറ്റിലാണ് പവർപ്ലേയിൽ ഇന്ത്യയ്ക്കു നഷ്ടമായത്. ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടി മികച്ച തുടക്കമാണ് അഭിഷേക്, ഇന്ത്യയ്ക്ക് നൽകിയത്. രണ്ടാം ഓവറിലും അഭിഷേക് ഒരു ബൗണ്ടറി നേടിയെങ്കിലും ആദ്യ രണ്ട് ഓവറുകളിൽ 12 റൺസ് മാത്രമാണ് പിറന്നത്. അകീൽ ഹുസൈൻ എറിഞ്ഞ മൂന്നാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം സഞ്ജു സാംസൺ ആക്രമണം തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ ബോർഡ് ചലിച്ചത്.
ഓവറിലെ ആദ്യ അഞ്ച് പന്തിൽ 17 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. എന്നാൽ അവസാന പന്ത് നേരിട്ട അഭിഷേക്, കൂറ്റൻ അടിക്ക് ശ്രമിച്ച് ഷിമ്രോൺ ഹെറ്റ്മെയറിനു ക്യാച്ച് നൽകുകയായിരുന്നു. പിന്നീടെത്തിയ ഇഷാൻ കിഷൻ രണ്ടു ബൗണ്ടറികളുമായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അഞ്ചാം ഓവറിൽ ജയ്സൻ ഹോൾഡർ, ഷിമ്രോൺ ഹെറ്റ്മെയറിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതോടെ പവർപ്ലേയിൽ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സഞ്ജുവിന് ഉറച്ച പിന്തുണയുമായി ക്യാപ്റ്റനും കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർബോർഡിന് വേഗം വച്ചു.
പത്താം ഓവറിൽ, ട്വന്റി20 ലോകകപ്പിലെ തന്റെ ആദ്യ അർധസെഞ്ചറി സഞ്ജു സാംസൺ കുറിച്ചു. 26 പന്തിൽ മൂന്നു സിക്സുകളുടെയും ആറു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു ട്വന്റി20 ലോകകപ്പിലെ തന്റെ ആദ്യ ഫിഫ്റ്റിയടിച്ചത്. ഇന്നിങ്സ് പാതിയിൽ എത്തിയപ്പോൾ 2ന് 98 എന്ന നിലിയിലായിരുന്നു. ഇന്ത്യ. 11–ാം ഓവറിൽ സൂര്യകുമാറിനെ വീഴ്ത്തി ഷമാർ ജോസഫ് കൂട്ടുകെച്ച് പൊളിച്ചു. മൂന്നാം വിക്കറ്റിൽ 58 റൺസാണ് സഞ്ജു–സൂര്യ സഖ്യം കൂട്ടിച്ചേർത്തത്. അഞ്ചാമനായി ക്രീസിലെത്തിയത് തിലക് വർമ. ഏഷ്യ കപ്പ് ഫൈനലിലെ ആ വിന്നിങ് ജോഡി വീണ്ടും ഒന്നിച്ചപ്പോൾ ഇന്ത്യ അതിവേഗം ലക്ഷ്യത്തിലേക്ക് അടുത്തു. 15 പന്തിൽ 27 റൺസെടുത്ത തിലകിനെ 15–ാം ഓവറിൽ ഇന്ത്യയ്ക്കു നഷ്ടമായി. അപ്പോൾ സ്കോർ 141ൽ എത്തിയിരുന്നു. പിന്നാലെയെത്തിയത് ഹാർദിക് പാണ്ഡ്യ. സഞ്ജുവും ഹാർദിക്കും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും 19–ാം ഓവറിൽ ഹാർദിക്കും വീണു. എങ്കിലും ഇന്ത്യ വിജയത്തിന് തൊട്ടടുത്ത് എത്തിയിരുന്നു.
വന്നപാടെ രണ്ടു ഫോറടിച്ച ശിവം ദുബെ, സമ്മർദം കുറച്ചു. അവസാന ഓവറിൽ 7 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ റൊമാരിയോ ഷെപ്പേർഡിനെ സിക്സർ തൂക്കി സഞ്ജു സ്കോർ ലെവലാക്കി. ഇനി 5 പന്തിൽനിന്ന് ഒരു റൺസ്. രണ്ടാം പന്തിൽ ഫോറടിച്ച ശേഷം സഞ്ജു പിച്ചിൽ മുട്ടുകുത്തി, ഹെൽമറ്റ്ഊരി ആകാശത്തേയ്ക്ക് നോക്കി. യുദ്ധം ജയിച്ച പോരാളി!
∙ പവൽ ‘പവർ’ആദ്യം ബാറ്റു ചെയ്ത വിൻഡീസ്, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‌മൻ പവൽ (19 പന്തിൽ 34*)– ജയ്സൻ ഹോൾഡർ (22 പന്തിൽ 37*) സഖ്യമാണ് കരീബിയൻ സ്കോർ 200ന് അടുത്തെത്തിച്ചത്. റോസ്ടൻ ചേസ് (25 പന്തിൽ 40), ഷിമ്രോൺ ഹെറ്റ്‌മയർ (12 പന്തിൽ 27) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന്റേത് പതിഞ്ഞ തുടക്കമായിരുന്നു. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ മൂന്നു റൺസ് മാത്രമാണ് അവർ എടുത്തത്. ഹാർദിക് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്സും ഒരു ഫോറുമായി ക്യാപ്റ്റൻ ഷായ് ഹോപ് സ്കോർബോർഡിന് ചെറിയ ചലനം നൽകി. എങ്കിലും പവർപ്ലേയിൽ 45 റൺസിൽ വെസ്റ്റിൻഡീസ് ഒതുങ്ങി. പവർപ്ലേയിൽ തന്നെ അക്ഷർ പട്ടേലിനെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പന്തേൽപ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്കുമായില്ല.
ഒൻപതാം ഓവറിൽ സ്പിന്നർ വരുൺ ചക്രവർത്തിയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെ ക്യാപ്റ്റൻ ഷായ് ഹോപ്പിനെ ബോൾഡാക്കി വരുൺ പാർട്ണർഷിപ് പൊളിച്ചു. 33 പന്തിലാണ് ഹോപ് 32 റൺസെടുത്തത്. 17 ഡോട്ട് ബോളുകളാണ് ഹോപ് നേരിട്ടത്. ഒന്നാം വിക്കറ്റിൽ ഹോപ്– ചേസ് സഖ്യം 68 റൺസ് കൂട്ടിച്ചേർത്തു. മൂന്നാമനായി ക്രീസിലെത്തിയത് മിന്നും ഫോമിലുള്ള ഷിമ്രോൺ ഹെറ്റ്മെയർ. ഇതിനു പിന്നാലെയാണ് വിൻഡീസ് ഇന്നിങ്സിന് അൽപം ജീവൻ വച്ചത്.
രണ്ടു സിക്സും ഒരു ഫോറുമായി ഹെറ്റ്മെയർ കളം നിറഞ്ഞു. എന്നാൽ 12–ാം ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ഇരട്ടപ്രഹരത്തിൽ ഹെറ്റ്മെയറും ചേസും വീണു. 12 പന്തിൽ 27 റൺസെടുത്ത ഹെറ്റ്മെയറിനെ കിടിലൻ ക്യാച്ചിലൂടെ സഞ്ജു സാംസണും 25 പന്തിൽ 40 റൺസെടുത്ത റോസ്ടൻ ചേസിനെ സൂര്യകുമാർ യാദവിന്റെ മാസ്മരിക ക്യാച്ചിലൂടെയുമാണ് പുറാത്തായത്. പിന്നീടെത്തിയ ഷെർഫെയ്ൻ റൂഥർഫോർഡിന് (9 പന്തിൽ 14) മികച്ച തുടക്കം കിട്ടിയെങ്കിലും 15–ാം ഓവറിൽ ഹാർദിക് പാണ്ഡ്യ, സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു.
ഇതിനുശേഷമാണ് റോവ്‌മൻ പവൽ– ജയ്സൻ ഹോൾഡർ സഖ്യം അഞ്ചാം വിക്കറ്റിൽ ഒന്നിച്ചത്. ഇരുവരും കളംനിറഞ്ഞതോടെ വിൻഡീസ് സ്കോർ കുതിച്ചു. 170ൽ താഴെ ഒതുങ്ങേണ്ട ടോട്ടൽ ഇതോടെയാണ് 190 കടന്നത്. 16–ാം ഓവറിൽ അർഷ്ദീപ് സിങ്ങിനെതിരെ 24 റൺസാണ് പവൽ അടിച്ചുകൂട്ടിയത്. തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യ 14 റൺസും വിട്ടുകൊടുത്തു. 19–ാം ഓവറിൽ വെറും ആറു റൺസ് മാത്രം വിട്ടുകൊടുത്ത് അർഷ്ദീപ് സിങ് പിടിച്ചുകെട്ടിയെങ്കിലും അവസാന ഓവറിൽ ബുമ്ര 14 റൺസ് വഴങ്ങിയതോടെയാണ് വിൻഡീസ് സ്കോർ 195ൽ എത്തിയത്. അഞ്ചാം വിക്കറ്റിൽ പവർ–ഹോൾഡർ സഖ്യം 76 റൺസ് കൂട്ടിച്ചേർത്തു.
∙ മാറ്റമില്ലാതെ ഇലവൻടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിൻഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെന്നൈയിൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ ഇറങ്ങിയ അതേ ടീമുമായാണ് കൊൽക്കത്തയിലും ഇന്ത്യ കളിച്ചത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളർ പ്ലേയിങ് ഇലവനിലുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കുൽദീപ് യാദവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇലവനിൽ ഉൾപ്പെടുത്തിയില്ല. വെസ്റ്റിൻഡീസ് ടീമിൽ ഒരു മാറ്റമുണ്ട്. ബ്രണ്ടൻ കിങ്ങിനു പകരം അകീൽ ഹുസൈൻ ടീമിലെത്തി.
English Summary:







English (US) ·