Published: March 29, 2026 03:36 PM IST
1 minute Read
മുംബൈ∙ ലേലത്തിൽ വിറ്റുപോയ ശേഷം കാരണങ്ങളില്ലാതെ ഐപിഎൽ കളിക്കാതിരിക്കുന്ന വിദേശ താരങ്ങളെ നിയന്ത്രിക്കാന്‍ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. തൃപ്തികരമായ കാരണങ്ങളില്ലാതെ ഐപിഎൽ ബഹിഷ്കരിക്കുന്ന വിദേശ താരങ്ങള്‍ക്ക് നിലവിൽ രണ്ടു വർഷത്തെ വിലക്കാണു നടപടി. എന്നാൽ 2026 സീസണു തൊട്ടുമുൻപ് ഡൽഹി ക്യാപിറ്റൽസിന്റെ ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ് ലീഗ് വിട്ടത് സംഘാടകരെ ഞെട്ടിച്ചു. രണ്ടു കോടി രൂപയ്ക്ക് ഡൽഹിയിലെത്തിയ താരം അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനു കൂടുതൽ ശ്രദ്ധ നൽകാൻ വേണ്ടിയാണ് ഐപിഎൽ കളിക്കാതിരിക്കുന്നതെന്നാണ് ഡക്കറ്റിന്റെ വിശദീകരണം.
200000 പൗണ്ടിന് യുകെയിലെ ‘ദ് ഹണ്ട്രഡ്’ താരലേലത്തിൽ ഡക്കറ്റ് വിറ്റുപോയിരുന്നു. ഇന്ത്യൻ രൂപയിൽ 2.51 കോടിയിലേറെ വരും ഇത്. ഹണ്ട്രഡിൽ ട്രെന്റ് റോക്കറ്റ്സ് ടീമിലാണ് താരം കളിക്കുക. ഈ കാരണം കൊണ്ടാണ് ഡക്കറ്റ് ഐപിഎൽ വിട്ടതെന്നാണ് ഗാവസ്കറിന്റെ വാദം. ‘‘ദ് ഹണ്ട്രഡ് ലേലത്തിൽ ഡക്കറ്റിന് ഈ തുക ലഭിച്ചിരുന്നില്ലെങ്കിൽ അദ്ദേഹം ഇവിടെ തന്നെ തുടരുമായിരുന്നു. ഹണ്ട്രഡിൽ ഇത്ര നല്ല തുക ലഭിക്കുമ്പോള്‍ ഐപിഎൽ കളിച്ചില്ലെങ്കിലും അദ്ദേഹം സന്തോഷവാനാകും. അതു മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ്. എന്നിട്ടാണ് ഇംഗ്ലിഷ് ക്രിക്കറ്റിൽ ശ്രദ്ധിക്കാൻ വേണ്ടിയിട്ടാണെന്ന് അദ്ദേഹം പറയുന്നത്.’’– ഗാവസ്കര്‍ ഒരു മാധ്യമത്തോടു പറഞ്ഞു.
‘‘ബിസിസിഐയ്ക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നു നോക്കണം. കാരണം രണ്ടു വർഷത്തെ വിലക്കുകൊണ്ടൊന്നും കാര്യമില്ല. കളിക്കാരെ സ്വാധീനിക്കാൻ കഴിയുന്ന എന്തെങ്കിലും ചെയ്യണം. ഒരു താരം ഇവിടെനിന്നു പോയാൽ അദ്ദേഹത്തെ തിരികെയെത്തിക്കാൻ സാധിക്കുന്നതല്ലെങ്കില്‍ നടപടി കൊണ്ടൊന്നും ഒരു കാര്യവുമില്ല.’’– ഗാവസ്കർ വ്യക്തമാക്കി.
‘‘വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് ഞാനെടുക്കുന്നത്. ഇംഗ്ലണ്ടിനായി കളിക്കുകയെന്നതായിരുന്നു ചെറുപ്രായം മുതൽ എന്റെ സ്വപ്നം. ഇംഗ്ലിഷ് ക്രിക്കറ്റിനു വേണ്ടി എന്നാൽ കഴിയുന്നത് എല്ലാം ചെയ്യണം. അതിനായി ഇംഗ്ലണ്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു.’’– എന്നായിരുന്നു ഐപിഎൽ വിടുന്നതിനേക്കുറിച്ച് ഡക്കറ്റ് പ്രതികരിച്ചത്. ഡൽഹിയുടെ ആരാധകർ തന്നോടു ക്ഷമിക്കണമെന്നും ഡക്കറ്റ് ആവശ്യപ്പെട്ടിരുന്നു.
English Summary:








English (US) ·