Published: April 24, 2026 08:50 AM IST
1 minute Read
മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിലെ ഏഴാം മത്സരത്തിൽ തന്നെ, മഞ്ഞജഴ്സിയിലെ സെഞ്ചറികളുടെ എണ്ണം രണ്ടാക്കി ഉയർത്തി സഞ്ജു സാംസൺ. 54 പന്തുകളിൽ 101 റൺസ് നേടിയാണ് മുംബൈ ഇന്ത്യന്‍സിനെതിരെ മലയാളി താരം പുറത്താകാതെ നിന്നത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറു സിക്സുകളും പത്തു ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. വിക്കറ്റ് കീപ്പറുടെ റോളിലും തകർത്തുകളിച്ച സഞ്ജു രണ്ടു ക്യാച്ചുകളും സ്വന്തമാക്കി കളിയിലെ താരമായി. നിര്‍ണായക മത്സരത്തിൽ 103 റൺസിന്റെ വമ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.
ആദ്യം ബാറ്റു ചെയ്ത ചെന്നൈ ആറു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തപ്പോൾ, മുംബൈ ഇന്ത്യൻസ് 19 ഓവറിൽ 104 റൺസടിച്ച് പുറത്തായി. വിജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം സ്ഥാനത്തെത്തി. 2023 മുതൽ ഐപിഎലിൽ ചെന്നൈയും മുംബൈയും ആറു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ അഞ്ചിലും വിജയം ചെന്നൈ സൂപ്പർ കിങ്സിനായിരുന്നു. ഈ വർഷം വാങ്കഡെ സ്റ്റേഡിയത്തിലെ ഹോം ഗ്രൗണ്ടിൽ മുംബൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
റൺ അടിസ്ഥാനത്തിൽ ചെന്നൈയുടെ ഏറ്റവും ഉയർന്ന ഐപിഎൽ വിജയമാണിത് (103 റൺസ്). 2015ൽ പഞ്ചാബ് കിങ്സിനെതിരെ നേടിയ 97 റൺസ് ജയമാണ് പഴങ്കഥയായത്. റൺ അടിസ്ഥാനത്തിൽ മുംബൈയുടെ ഏറ്റവും വലിയ തോൽവിയും ഇതുതന്നെ. ട്വന്റി20 കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന ഇന്ത്യൻ ബാറ്റർമാരിൽ രണ്ടാമനായി സഞ്ജു സാംസൺ. 8 ട്വന്റി20 സെഞ്ചറികളാണ് സഞ്ജുവിന്റെ പേരിലുള്ളത്. 9 വീതം സെഞ്ചറികളുള്ള വിരാട് കോലിയും അഭിഷേക് ശർമയുമാണ് ഒന്നാമത്. 8 സെഞ്ചറിയുമായി രോഹിത് ശർമയും സഞ്ജുവിനൊപ്പം രണ്ടാമതുണ്ട്.
ഐപിഎലിൽ ആദ്യമായാണ് മുംബൈ ഇന്ത്യൻസിനെതിരെ ഒരു ചെന്നൈ സൂപ്പർ കിങ്സ് താരം സെഞ്ചറി നേടുന്നത്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനായി രണ്ടു സെഞ്ചറികൾ നേടുന്ന നാലാമത്തെ താരവുമാണ് സഞ്ജു. ഷെയ്ൻ വാട്സൻ, മുരളി വിജയ്, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് മുൻപ് ഈ നേട്ടത്തിലെത്തിയത്. ഒരു എഡിഷനിൽ തന്നെ ചെന്നൈ ജഴ്സിയിൽ രണ്ടു സെഞ്ചറികൾ അടിക്കുന്ന രണ്ടാമത്തെ മാത്രം താരവുമായി സഞ്ജു. 2018ൽ ഷെയ്ൻ വാട്സനും രണ്ട് സെഞ്ചറികൾ സ്വന്തമാക്കിയിരുന്നു. ഐപിഎലിലെ ആകെ സെഞ്ചറികളുടെ എണ്ണത്തിൽ സഞ്ജു അഞ്ചാം സ്ഥാനത്താണ്. അഞ്ചു സെഞ്ചറികളുള്ള സഞ്ജുവിനു മുന്നിൽ വിരാട് കോലി (എട്ട്), ജോസ് ബട്‍ലർ (ഏഴ്), ക്രിസ് ഗെയ്ൽ (ആറ്), കെ.എൽ. രാഹുൽ (അഞ്ച്) എന്നിവരാണുള്ളത്.
English Summary:







English (US) ·