Published: June 10, 2026 09:44 AM IST Updated: June 10, 2026 09:59 AM IST
2 minute Read
മെക്സിക്കൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് ആ രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. 2026 ഫിഫ ലോകകപ്പിന് സ്വന്തം മണ്ണിൽ ആതിഥേയത്വം വഹിക്കുമ്പോൾ, കേവലം പങ്കാളിത്തത്തിനപ്പുറം കിരീടസാധ്യതയുള്ള ഒരു സംഘമായി മാറുക എന്ന വലിയ സമ്മർദത്തിലാണ് 'എൽ ട്രി' എന്ന് വിളിക്കപ്പെടുന്ന മെക്സിക്കൻ ദേശീയ ടീം. അനുഭവസമ്പന്നരായ കളിക്കാർക്കൊപ്പം ടീമിന് പുതിയൊരു ഊർജവും സർഗാത്മകതയും നൽകാൻ കെൽപുള്ള ഒരു രക്ഷകനെ അവർ തിരയുകയായിരുന്നു. ആ തിരച്ചിലിന് മെക്സിക്കോ കണ്ടെത്തിയ ഉത്തരമാണ് ഗിൽബെർട്ടോ മൊറ. കേവലമൊരു വാഗ്ദാനമായി തുടങ്ങി, വളരെ പെട്ടെന്ന് തന്നെ മെക്സിക്കൻ ഫുട്ബോളിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന തലത്തിലേക്ക് ഈ പതിനേഴുകാരൻ വളർന്നു കഴിഞ്ഞു. കളിക്കളത്തിലെ അസാധാരണമായ പക്വതയും പന്തടക്കത്തിലെ മാന്ത്രികതയും കൊണ്ട് ലോക ഫുട്ബോളിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡർ.
What you should work next
∙ ടക്സ്റ്റല ഗുട്ടറസ് മുതൽ ദേശീയ ടീം വരെ
മെക്സിക്കോയുടെ തെക്കൻ പ്രദേശമായ ടക്സ്റ്റല ഗുട്ടറസിൽ ജനിച്ച മൊറ, ക്ലബ് തിജുവാനയുടെ അക്കാദമിയിലൂടെയാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. പതിനാറാം ജന്മദിനത്തിന് രണ്ട് മാസം ബാക്കിനിൽക്കെയാണ് മൊറ തിജുവാനയ്ക്ക് വേണ്ടി മെക്സിക്കൻ ടോപ്പ്-ഫ്ലൈറ്റ് ലീഗായ 'ലിഗ എംഎക്സ്'-ൽ അരങ്ങേറ്റം കുറിക്കുന്നത്. അവിടെ തുടങ്ങുകയായിരുന്നു ചരിത്രത്തിലേക്കുള്ള ആ കൗമാരക്കാരന്റെ പ്രയാണം. ലിഗ എംഎക്സിലെ പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡുകൾ പലതും മൊറ തന്റെ പേരിലേക്ക് തിരുത്തിക്കുറിച്ചു. തുടർന്ന് 2025ൽ ചിലെയിൽ നടന്ന ഫിഫ അണ്ടർ-20 ലോകകപ്പിൽ മെക്സിക്കോയെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കുന്നതിൽ മൊറ നിർണായക പങ്കുവഹിച്ചു. തന്റെ പ്രായത്തെ വെല്ലുന്ന കളിശൈലിയിലൂടെ രാജ്യാന്തര ക്ലബുകളുടെ ശ്രദ്ധാകേന്ദ്രമാകാൻ മൊറയ്ക്ക് അധികകാലം വേണ്ടിവന്നില്ല.
∙ സീനിയർ ടീമിലെ ചരിത്ര അരങ്ങേറ്റം
2025ലെ കോൺകാകാഫ് ഗോൾഡ് കപ്പിലാണ് മൊറയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടാകുന്നത്. മെക്സിക്കൻ കോച്ച് ഹാവിയർ അഗീറെ എന്ന പരിചയസമ്പന്നനായ തന്ത്രജ്ഞൻ ഈ കൗമാരക്കാരന്റെ കഴിവുകളിൽ പൂർണമായി വിശ്വസിച്ചു. 2025 ജൂൺ 28ന് സൗദി അറേബ്യക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ മൊറയ്ക്ക് പ്രായം വെറും 16 വർഷം മാത്രമായിരുന്നു. ഇതോടെ മെക്സിക്കോയുടെ സീനിയർ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്രനേട്ടം മൊറ സ്വന്തമാക്കി. വെറുമൊരു അരങ്ങേറ്റക്കാരനായി ഒതുങ്ങാൻ മൊറ തയാറായിരുന്നില്ല. ഹോണ്ടുറാസിനെതിരായ സെമിഫൈനലിൽ റൗൾ ഹിമെനെസ് നേടിയ വിജയഗോളിന് വഴിയൊരുക്കിയത് മൊറയുടെ മനോഹരമായ ഒരു അസിസ്റ്റായിരുന്നു. വലിയ ടൂർണമെന്റുകളിലെ കടുത്ത സമ്മർദങ്ങളെപ്പോലും വളരെ കൂളായി നേരിടാൻ തനിക്ക് കഴിയുമെന്ന് ആ ഒരൊറ്റ ടൂർണമെന്റിലൂടെ മൊറ തെളിയിച്ചു.
What you should work next
∙ എന്തുകൊണ്ട് മൊറ ഒരു ലോകകപ്പ് വിസ്മയമാകും?
കളിക്കളത്തിൽ മൊറയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ അസാധാരണമായ ഗെയിം ഇന്റലിജൻസ് ആണ്. എതിരാളികളുടെ ഡിഫൻസീവ് ലൈനുകൾക്കിടയിലുള്ള ചെറിയ ഇടങ്ങൾ കണ്ടെത്താനും അവിടെ കയറി പന്തുമായി നിലയുറപ്പിക്കാനും മൊറയ്ക്ക് പ്രത്യേക കഴിവുണ്ട്. സമ്മർദ ഘട്ടങ്ങളിൽ പന്ത് കൈവശം വയ്ക്കാനും, കൃത്യമായ സമയത്ത് സഹതാരങ്ങൾക്ക് 'ത്രൂ-ബോളുകൾ' നൽകാനും ഈ പതിനേഴുകാരന് സാധിക്കുന്നു. മെക്സിക്കൻ ടീമിന്റെ മുന്നേറ്റനിരയ്ക്ക് നിലവിൽ ആവശ്യമുള്ളത് കളിക്ക് വേഗവും സർഗാത്മകതയും നൽകാൻ കഴിയുന്ന ഒരു പ്ലേമേക്കറെയാണ്. മൊറയുടെ വരവ് ടീമിന് പ്രവചനാതീതമായ ഒരു ആക്രമണ ശൈലി നൽകുമെന്നാണ് കരുതുന്നത്. 2026 ലോകകപ്പിൽ മെക്സിക്കോയ്ക്ക് വേണ്ടി കളത്തിലിറങ്ങുകയാണെങ്കിൽ ലോകകപ്പ് ചരിത്രത്തിൽ മെക്സിക്കോയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും മൊറയെ തേടിയെത്തും.സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന്റെ വലിയ സമ്മർദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൊറ പ്രതികരിച്ചത്: ‘ഈ ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമായിട്ടാണ് ഞാൻ മെക്സിക്കോയെ കാണുന്നത്. ഞങ്ങൾ സ്വന്തം മണ്ണിലാണ് കളിക്കുന്നത്, അതിനാൽ ഞങ്ങൾ തന്നെയാണ് മുന്നിലെത്തുക.’
∙ ഫുട്ബോൾ ലോകം മൊറയെക്കുറിച്ച് പറയുന്നത്
ഫുട്ബോൾ ലോകത്തെ പ്രമുഖ പരിശീലകരും വിദഗ്ധരും ഒരേ സ്വരത്തിലാണ് ഈ കൗമാരക്കാരന്റെ പ്രതിഭയെ പുകഴ്ത്തുന്നത്.
ബെന്യാമിൻ ഗാലിൻഡോ, കുവാഹ്‌ടെമോക് ബ്ലാങ്കോ എന്നിവരെപ്പോലെയുള്ള അസാധാരണ പ്രതിഭകളുടെ അതേ ഗണത്തിൽ പെട്ട കളിക്കാരനാണ് മൊറ. ഗോൾഡ് കപ്പിലെ ട്രെയിനിങ് സെഷനുകളിൽ അവന്റെ പ്രകടനം കണ്ടപ്പോൾ തന്നെ അവനെ കളിപ്പിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. മാനസികമായും ശാരീരികമായും അവൻ ഒത്തിരി വളർന്നു കഴിഞ്ഞു. ലോകത്തിലെ വമ്പൻ ക്ലബ്ബുകളുടെ റഡാറിലാണ് അവനിപ്പോൾ.
രേഖകളിൽ അവന് 17 വയസ്സ് മാത്രമായിരിക്കാം പ്രായം, എന്നാൽ അവന്റെ പെരുമാറ്റവും കളി ശൈലിയും കണ്ടാൽ 25, 26 വയസ്സുള്ള ഒരു സീനിയർ കളിക്കാരനാണെന്നേ തോന്നൂ. കഴിഞ്ഞ 15-20 വർഷത്തിനിടയിൽ മെക്സിക്കൻ ഫുട്ബോളിൽ നിന്നുണ്ടായ ഏറ്റവും വലിയ പ്രതിഭയാണ് അവൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ വലിയ സ്വാധീനമുണ്ടാക്കിയ യുറുഗ്വേൻ താരം അൽവാരോ റെക്കോബയെയാണ് അവൻ എന്നെ ഓർമിപ്പിക്കുന്നത്.
വളരെ പക്വതയുള്ള, യാഥാർഥ്യബോധമുള്ള കുട്ടിയാണ് അവൻ. വിനയം കൈവിടാതെ മണ്ണിൽ ചവിട്ടി നിൽക്കാൻ അവനെ ആരും പഠിപ്പിക്കേണ്ടതില്ല.
‘മൊറയെപ്പോലൊരു താരം വളർന്നുവരുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അണ്ടർ-20 ലോകകപ്പിൽ മൊറോക്കോയ്ക്കും സ്പെയിനുമെതിരായ മത്സരങ്ങളിൽ അവന്റെ കളി ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. അവൻ എന്റെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.’
മെക്സിക്കോയുടെ ഫുട്ബോൾ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് 2026 ലോകകപ്പിനെ നോക്കിക്കാണുന്നത്. ആ പ്രതീക്ഷകളുടെ ഒത്തനടുവിലാണ് ഗിൽബെർട്ടോ മൊറ എന്ന മാന്ത്രികച്ചെപ്പ് തുറക്കപ്പെടാൻ കാത്തിരിക്കുന്നത്. പ്രായത്തിന്റെ അതിർവരമ്പുകളില്ലാതെ, സമ്മർദങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന ഈ കൗമാരക്കാരൻ ലോകകപ്പിന്റെ വലിയ വേദിയിൽ മെക്സിക്കോയുടെ വജ്രായുധമാകുമെന്ന കാര്യത്തിൽ സംശയമില്ല. ലോക ഫുട്ബോളിലെ അടുത്ത സൂപ്പർതാരത്തിലേക്കുള്ള ദൂരം മൊറയ്ക്ക് ഇനി അധികമില്ല.
English Summary:





English (US) ·