Published: February 23, 2026 07:13 AM IST Updated: February 23, 2026 12:13 PM IST
1 minute Read
മാഞ്ചസ്റ്റർ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2–1നു സിറ്റി തോൽപിച്ചു. ഇതോടെ 27 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ഒന്നാമതുള്ള ആർസനലുമായി, രണ്ടാമതുള്ള സിറ്റിയുടെ ലീഡ് വ്യത്യാസം 2 പോയിന്റായി കുറഞ്ഞു. 27 മത്സരങ്ങളിൽ 56 പോയിന്റാണ് സിറ്റിക്ക്.
14–ാം മിനിറ്റിൽ നിക്കോ ഒ റെയ്‌ലി സിറ്റിക്കായി ലീഡ് നേടിയെങ്കിലും തൊട്ടുപിന്നാലെ ലൂയിസ് ഹാൾ (22) ന്യൂകാസിലിനായി സമനില പിടിച്ചു. എന്നാൽ റെയ്‌ലി (27) വീണ്ടും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ സിറ്റി മുൻപിലെത്തി. രണ്ടാം പകുതിയിൽ ന്യൂകാസിലിനെ മുന്നേറാൻ അനുവദിക്കാതെ തളച്ച സിറ്റി സ്വന്തം തട്ടകത്തിൽ മറ്റൊരു വിജയംകൂടി രുചിച്ചു (2–1).
ബെൺലി – ചെൽസി മത്സരം (1–1) സമനിലയായി. നാലാം മിനിറ്റിൽ ജോവ പെഡ്രോ ചെൽസിക്കായി സ്കോർ ചെയ്തെങ്കിലും വെസ്ലി ഫൊഫാന ചുവപ്പ് കാർഡ് കണ്ടു മടങ്ങിയതു തിരിച്ചടിയായി. ഇതോടെ 10 പേരായി ചുരുങ്ങിയ ചെൽസിയെ ഞെട്ടിച്ച് ഇൻജറി ടൈമിൽ സിയാൻ ഫ്ലെമിങ് (90+3) ബെൺലിക്കായി സമനില പിടിച്ചു. ആസ്റ്റൻ വില്ല– ലീഡ്സ് യുണൈറ്റഡ് പോരാട്ടവും സമനിലയായി (1–1).
654 മത്സരങ്ങൾ: മിൽനർക്ക് റെക്കോർഡ്
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ബ്രൈട്ടൻ ഹോവ് ആൽബിയന്റെ ജയിംസ് മിൽനർ. നാൽപതുകാരൻ മിൽനർ 654 മത്സരങ്ങളിൽ വിവിധ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞു. ഇന്നലെ ബ്രന്റ്ഫഡുമായി നടന്ന മത്സരത്തിലാണ് മിൽനർ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. മത്സരം 2–0നു ബ്രൈട്ടൻ ജയിച്ചു. മുൻപു മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വേണ്ടി കളിച്ചിരുന്ന മിൽനർ, 2002ൽ 16–ാം വയസ്സിലാണ് പ്രിമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്. 653 മത്സരങ്ങൾ കളിച്ച ഇംഗ്ലിഷ് താരം ഗാരെത് ബാരിയുടെ റെക്കോർഡാണ് മിൽനർ തിരുത്തിയത്.
English Summary:







English (US) ·