Published: June 26, 2026 02:33 AM IST Updated: June 26, 2026 04:17 AM IST
1 minute Read
ഫിലഡൽഫിയ ∙ ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഇ മത്സരത്തിൽ നിക്കോളാസ് പെപ്പെയുടെ ഇരട്ട ഗോളുകളിൽ ക്യുറസാവോയെ 2-0 ന് പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ഐവറി കോസ്റ്റ്. മത്സരത്തിന്റെ 7, 64 മിനിറ്റുകളിലായിരുന്നു പെപ്പെയുടെ ഗോളുകൾ. ഇതോടെ ലോകകപ്പിലെ ഏറ്റവും കുഞ്ഞൻ രാജ്യമായ ക്യുറസാവോ ഒരു മത്സരം പോലും ജയിക്കാതെ ടൂർണമെന്റിൽനിന്നു പുറത്തായി.
What you should work next
മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ഐവറി കോസ്റ്റിന്റെ ആദ്യ ഗോൾ. യാൻ ഡിയോ നൽകിയ മികച്ച അസിസ്റ്റിൽനിന്ന് നിക്കോളാസ് പെപ്പെ പന്ത് വലയിലാക്കുകയായിരുന്നു. വാർ പരിശോധനയ്ക്ക് ശേഷമാണ് ഗോൾ അനുവദിച്ചത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്.
ഒന്നാം മിനിറ്റിൽ തന്നെ ക്യുറസാവോയുടെ താഹിത് ചോങ് ഒരു മികച്ച ലോങ് റേഞ്ച് ഷോട്ടുമായി ഐവറി കോസ്റ്റ് ഗോൾപോസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഗോൾകീപ്പർ യഹിയ ഫൊഫാന തടക്കുകയായിരുന്നു. ഗോൾ നേടിയ ശേഷം കളി പൂർണമായും ഐവറി കോസ്റ്റിന്റെ നിയന്ത്രണത്തിലായി. 68 ശതമാനം പന്തടക്കവുമായി ക്യൂറസാവോ പ്രതിരോധത്തെ സമ്മർദത്തിലാക്കി. 34–ാം മിനിറ്റിൽ ഗോൾ സ്കോററായ നിക്കോളാസ് പെപ്പെയ്ക്ക് കടുത്ത ഫൗളിനെ തുടർന്ന് റഫറി മഞ്ഞക്കാർഡ് നൽകി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യുറസാവോ മികച്ച ആക്രമണങ്ങൾ അഴിച്ചുവിട്ടു. ജുറീനിയോ ബകൂനയിലൂടെ അവർ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഐവറി കോസ്റ്റിന്റെ പ്രതിരോധ നിരയും കീപ്പറും അത് പരാജയപ്പെടുത്തി. ക്യുറസാവോ സമനിലയ്ക്കായി പോരാടുന്നതിനിടെ ഐവറി കോസ്റ്റ് തങ്ങളുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി. വലതു വിങ്ങിൽ നിന്നു വന്ന ക്രോസ് സ്വീകരിച്ച നിക്കോളാസ് പെപ്പെ, ബോക്സിനുള്ളിൽ നിന്ന് തൊടുത്ത ക്ലിനിക്കൽ ഫിനിഷിങ് ക്യൂറസാവോ കീപ്പറെ മറികടന്ന് വലയിൽ കയറി.
രണ്ട് ഗോളിന് മുന്നിലായതോടെ ഐവറി കോസ്റ്റ് പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. പകരക്കാരായ താരങ്ങളെ ഇറക്കി അവർ കളിയിലെ സമയം നിയന്ത്രിച്ചു. ക്യുറസാവോ പരമാവധി ശ്രമിച്ചെങ്കിലും ഐവറി കോസ്റ്റിന്റെ പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി ഐവറി കോസ്റ്റ് നോക്കൗട്ടിലേക്ക്. ക്യുറസാവോയ്ക്ക് നാട്ടിലേക്ക് മടക്കം.
English Summary:





English (US) ·