Published: January 29, 2026 10:57 AM IST
1 minute Read
വിശാഖപട്ടണം∙ ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ മികച്ച സ്കോർ കണ്ടെത്താൻ സാധിക്കാതിരുന്ന സഞ്ജു സാംസണെ കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. വിശാഖപട്ടണത്തു നടന്ന മത്സരത്തിൽ സഞ്ജു പുറത്താകാൻ കാരണം ‘ഫൂട്‌വർക്ക്’ ഇല്ലാതിരുന്നതാണെന്ന് ഗാവസ്കർ കുറ്റപ്പെടുത്തി. 15 പന്തുകളിൽനിന്ന് 24 റൺസെടുത്തെങ്കിലും മികച്ച തുടക്കം മുതലാക്കാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പന്തിൽ താരം ബോൾഡാകുകയായിരുന്നു.
പരമ്പരയിലെ നാലു മത്സരങ്ങളിലും ഓപ്പണിങ് ബാറ്ററായി സ്ഥാനം ലഭിച്ചിട്ടും 40 റണ്‍സ് മാത്രമാണ് സഞ്ജു ഇതുവരെ നേടിയത്. യുവ ഓപ്പണറായ ഇഷാൻ കിഷൻ, ട്വന്റി20 ടീമിൽ മൂന്നാം നമ്പരിൽ കളിച്ച് മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുത്തുന്നത്. സാന്റ്നർക്കെതിരെ സഞ്ജു പരാജയപ്പെടാൻ കാരണം ഫുട്‍വർക്കിലെ പ്രശ്നങ്ങളാണെന്ന് ഗാവസ്കർ കുറ്റപ്പെടുത്തി. ‘‘ഇവിടെ ഫുട്‍വര്‍ക്ക് ഇല്ലായിരുന്നു എന്നതാണ് എന്റെ അഭിപ്രായം. പന്തിന് എന്തെങ്കിലും തരത്തിലുള്ള ടേൺ ഉണ്ടായിരുന്നോെയന്ന് ഉറപ്പില്ല. സഞ്ജു നിന്ന നിൽപിൽ, ഓഫ് സൈഡിലേക്ക് അടിക്കാനാണു നോക്കുന്നത്.’’– ഗാവസ്കർ പ്രതികരിച്ചു.
‘‘കാലിൽ എന്തെങ്കിലും ചലനങ്ങൾ ഉണ്ടോയെന്നു പറയാൻ ബുദ്ധിമുട്ടാണ്. ഇത്തരം പന്തുകൾ ബാറ്റർ വിട്ടുകളഞ്ഞാൽ വിക്കറ്റു പോകുമെന്ന് ഉറപ്പാണ്. ഇപ്പോൾ ഇതു രണ്ടാം തവണയാണ് സഞ്ജുവിന് ഇങ്ങനെ സംഭവിക്കുന്നത്.’’– ഗാവസ്കർ കമന്ററിക്കിടെ പ്രതികരിച്ചു. നാലാം ട്വന്റി20യിൽ 50 റൺസ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ന്യൂസീലൻഡ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ 165 റൺസെടുത്തു പുറത്തായി.
തുടർച്ചയായ വിജയങ്ങളിലൂടെ പരമ്പര ഇന്ത്യ നേരത്തേ സ്വന്തമാക്കിയിരുന്നു. തകർപ്പൻ ബാറ്റിങ്ങിലൂടെ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയെ മുന്നിൽനിന്നു നയിച്ചെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 23 പന്തുകൾ നേരിട്ട ശിവം ദുബെ ഏഴു സിക്സുകളും മൂന്നു ഫോറുകളും ഉൾപ്പടെ 65 റൺസാണു നേടിയത്. 15 പന്തുകളിൽ അർധസെഞ്ചറി പിന്നിട്ട താരം, 15–ാം ഓവറിൽ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ മൂന്നാമത്തെ അർധ സെഞ്ചറിയാണ് ശിവം ദുബെ വിശാഖപട്ടണത്ത് അടിച്ചെടുത്തത്.
English Summary:







English (US) ·