Published: March 09, 2026 08:27 AM IST Updated: March 09, 2026 09:54 AM IST
1 minute Read
അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ‘‘അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹനാനായ ആളാണ് സഞ്ജു സാംസൺ. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ.’’ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കോലി കുറിച്ചു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ കോലി പങ്കുവച്ച ഏക സ്റ്റോറിയും ഇതാണ്.
ലോകകപ്പിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളിൽനിന്നു വെറും 46 റൺസ് മാത്രം നേടിയതിനെത്തുടർന്ന് പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു, അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്. നമീബിയയ്ക്കും സിംബാബ്‌വെക്കുമെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും നീണ്ട ഇന്നിങ്സ് കളിക്കാനാകാതിരുന്ന സഞ്ജു, നിർണ്ണായകമായ മത്സരങ്ങൾക്കായി തന്റെ മികച്ച പ്രകടനം കരുതിവച്ചു.
സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 97*, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 89, ഫൈനലിൽ ന്യൂസീലൻഡിനെതിരെ നേടിയ മറ്റൊരു 89 റൺസ് എന്നിവയിലൂടെ സഞ്ജു വിമർശകരുടെ വായടപ്പിച്ചു. തന്റെ മോശം ഫോമിനെയും സ്ഥിരതയില്ലായ്മയെയും കുറിച്ചുള്ള എല്ലാ വിമർശനങ്ങൾക്കും കുറച്ചുകാലത്തേയ്ക്കെങ്കിലും ഇനി സ്ഥാനമില്ല.
ലോകകപ്പിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 27 ഫോറുകളും 24 സിക്‌സറുകളും സഹിതം 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു. ഒരു ട്വന്റി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന 2014ലെ വിരാട് കോലിയുടെ (319) റെക്കോർഡും സഞ്ജു മറികടന്നു. കൂടാതെ ടി20 ലോകകപ്പ് സെമിഫൈനലിലും ഫൈനലിലും അർധസെഞ്ചറി നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ വിരാടിനും പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കുമൊപ്പം ചേർന്നു.
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇന്നലെ സഞ്ജു സാംസൺ നേടിയ 89 റൺസ്. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ (2021ൽ 85 റൺസ്), വെസ്റ്റിൻഡീസിന്റെ മർലോൻ സാമുവൽസ് (2016ൽ 85 റൺസ്) എന്നിവരെയാണ് മറികടന്നത്. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനെ, ബാബർ അസം, വിരാട് കോലി, കെ.എൽ. രാഹുൽ, കുശാൽ മെൻഡിസ്, സാഹിബ്സാദ ഫർഫാൻ എന്നിവർക്കു ശേഷം ലോകകപ്പിൽ മൂന്ന് അർധസെഞ്ചറികൾ നേടുന്ന താരവുമായി സഞ്ജു സാംസൺ.
English Summary:







English (US) ·