Published: April 25, 2026 02:02 PM IST
3 minute Read
രാജ്യാന്തര ക്രിക്കറ്റിൽ, 95 മൈൽ (ശരാശരി 150 കിലോമീറ്റർ) വേഗത്തിൽ പന്തെറിയുന്ന ഒരു ബോളറെ സംബന്ധിച്ചിടത്തോളം ഓരോ മില്ലിസെക്കൻഡും വിലപ്പെട്ടതാണ്. എന്നാൽ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചർ പന്തെറിയാൻ ഓടി വരുമ്പോൾ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുന്നത് അദ്ദേഹത്തിന്റെ വേഗം മാത്രമല്ല, നെഞ്ചിൽ തിളങ്ങുന്ന ആ കട്ടിയുള്ള സ്വർണമാല കൂടിയാണ്. ചിലർക്കിത് വെറുമൊരു ആഭരണമാണ്, മറ്റു ചിലർക്കത് ഒരു സാംസ്കാരിക അടയാളമാണ്. എന്നാൽ ഒരു വിഭാഗത്തിന് അതു വിമർശിക്കാനുള്ള ആയുധമാണ്. ആർച്ചറുടെ ഈ സ്വർണമാല വെറുമൊരു ഫാഷൻ മാത്രമല്ല, അത് കരീബിയൻ വേരുകളുടെയും, അതിജീവനത്തിന്റെയും, കായിക ലോകത്ത് നിലനിൽക്കുന്ന വംശീയ മുൻവിധികളുടെയും പ്രതീകമാണ്.
∙ മാലയുടെ പ്രത്യേകതകൾ
കായികതാരങ്ങൾക്കിടയിൽ ആഭരണങ്ങളോട് താൽപര്യമുള്ളവർ ധാരാളമുണ്ടെങ്കിലും ആർച്ചറുടെ സ്വർണമാല അതിന്റെ മൂല്യം കൊണ്ടും തൂക്കം കൊണ്ടും ശ്രദ്ധേയമാണ്. ഏകദേശം 1,25,000 ബ്രിട്ടിഷ് പൗണ്ട് (1.5 കോടി രൂപ) ആണ് മാലയുടെ വില കണക്കാക്കുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഒന്നര കിലോയിലധികം ഭാരമുള്ളതാണ് ഈ സ്വർണമാല. 2019 ഏകദിന ലോകകപ്പ് മുതൽ ആർച്ചർ ഈ മാല ധരിക്കാറുണ്ട്. ഐപിഎൽ 2026 കാലയളവിലും ഈ മാല വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
∙ വെല്ലുവിളികൾ നിറഞ്ഞ സ്റ്റൈൽ
ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ചിടത്തോളം ഇത്രയും ഭാരമുള്ള ഒരു മാല കഴുത്തിലിട്ട് പന്തെറിയുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ കരിയറിൽ ഉടനീളം പരുക്കുകൾ വേട്ടയാടിയിട്ടും തന്റെ പ്രകടനത്തിലോ സ്റ്റൈലിലോ മാറ്റം വരുത്താൻ ആർച്ചർ തയാറായിട്ടില്ല. രാജസ്ഥാന്റെ പിങ്ക് ജഴ്‌സിയിൽ സ്വർണമാല തിളങ്ങുന്ന ആർച്ചറുടെ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ വലിയ കൗതുകമാണ് സൃഷ്ടിക്കുന്നത്. ക്രിക്കറ്റ് ലോകത്ത് ആഭരണങ്ങളോട് പ്രിയമുള്ള ഒരേയൊരു താരം ആർച്ചറല്ല. വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ൽ, ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, മുൻ പേസർ പ്രവീൺ കുമാർ എന്നിവരും ഗ്രൗണ്ടിലെ തങ്ങളുടെ ‘ബ്ലിങ്’ ലുക്കിന് പേരുകേട്ടവരാണ്. എങ്കിലും ഒന്നരക്കോടിയുടെ ഈ മാലയുമായി പന്തെറിയുന്ന ആർച്ചർ സൈബർലോകത്തെ ചർച്ചാവിഷയമാണ്.
∙ വെറുമൊരു ‘ബ്ലിങ്’ അല്ല, കരീബിയൻ പാരമ്പര്യം
ബാർബഡോസ് വംശജനായ ജോഫ്ര ആർച്ചർക്ക് സ്വർണമാല എന്നത് തന്റെ സ്വത്വത്തിന്റെ ഭാഗമാണ്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ വിവിയൻ റിച്ചഡ്‌സ് മുതൽ ക്രിസ് ഗെയ്‌ൽ വരെയുള്ളവർ മൈതാനത്ത് ആഭരണങ്ങൾ ധരിച്ചിട്ടുള്ളവരാണ്. കരീബിയൻ സംസ്കാരത്തിൽ സ്വർണം എന്നത് കേവലം സമ്പന്നതയുടെ പ്രദർശനമല്ല, മറിച്ച് അത് ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അടയാളമാണ്. അടിമത്തത്തിന്റെയും കോളനിവാഴ്ചയുടെയും കയ്‌പ്പേറിയ ഓർമകളുള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം, വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കുക എന്നത് തങ്ങൾ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും വിജയത്തിന്റെയും പ്രഖ്യാപനമാണ്.
∙ കാണാതായ മെഡൽ
ആർച്ചറുടെ സ്വർണമാല വാർത്തകളിൽ നിറഞ്ഞത് 2020ലെ ലോക്‌ഡൗൺ കാലത്താണ്. 2019 ലോകകപ്പ് ഫൈനലിലെ ആവേശകരമായ സൂപ്പർ ഓവർ എറിഞ്ഞ് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ആർച്ചർക്ക് ലഭിച്ച ലോകകപ്പ് മെഡൽ കാണാതായി. താൻ സ്ഥിരമായി സ്വർണമാലകൾ തൂക്കിയിടാറുള്ള ചിത്രത്തിന് മുകളിലായിരുന്നു അദ്ദേഹം മെഡലും വച്ചിരുന്നത്. വീട് മാറുന്നതിനിടയിൽ മെഡൽ കാണാതായത് ആഴ്ചകളോളം ക്രിക്കറ്റ് ലോകത്തെ ആശങ്കയിലാഴ്ത്തി. ഒടുവിൽ ഒരു ഗസ്റ്റ് ബെഡ്‌റൂമിൽനിന്ന് അത് കണ്ടെത്തിയപ്പോൾ ആർച്ചർ കുറിച്ച ‘ബൂം’ എന്ന ട്വീറ്റ് ആരാധകർക്ക് വലിയ ആശ്വാസമായിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടവും തന്റെ പ്രിയപ്പെട്ട ആഭരണങ്ങളും തമ്മിലുള്ള വൈകാരിക ബന്ധം ഈ സംഭവം അടിവരയിടുന്നു.
∙ സ്വർണമാലയും വംശീയ മുൻവിധികളും
ജോഫ്ര ആർച്ചറുടെ മാല പലപ്പോഴും വിമർശകരുടെ കണ്ണിലെ കരടായിട്ടുണ്ട്. ഇതിനു പിന്നിൽ വ്യക്തമായ വംശീയ രാഷ്ട്രീയമുണ്ട്. 2025ലെ ആഷസ് പരമ്പരയ്ക്കിടയിൽ മുൻ ഓസ്‌ട്രേലിയൻ താരം റയാൻ ഹാരിസ് നടത്തിയ പരാമർശം അന്ന് വിവാദമായിരുന്നു, ‘അതൊന്ന് അഴിച്ചു വച്ചാൽ നിനക്ക് കുറച്ചുകൂടി വേഗത്തിൽ പന്തെറിയാം. നിന്റെ കയ്യിൽ പണമുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി, ഇനി അതൊന്ന് മാറ്റൂ.’ എന്നായിരുന്നു റയാന്റെ പ്രതികരണം. ഈ പ്രസ്താവന കേവലം കായികവുമായി ബന്ധപ്പെട്ടതല്ല. 95 മൈൽ വേഗത്തിൽ പന്തെറിയുന്ന ഒരു താരത്തിന്റെ പ്രകടനത്തെ മാല ബാധിക്കുന്നില്ലെന്ന് വ്യക്തമായിട്ടും ഇത്തരം പരിഹാസങ്ങൾ ഉയരുന്നത് എന്തുകൊണ്ടാണ്?
∙ 'ട്രാപ്പ് ട്രോഫി'
കറുത്ത വർഗക്കാരായ താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വിലകൂടിയ ആഭരണങ്ങൾ ‘ട്രാപ്പ് ട്രോഫി’കളാണ്. ദാരിദ്ര്യത്തിൽനിന്നും പ്രതിസന്ധികളിൽനിന്നും തങ്ങൾ കരകയറി എന്നതിന്റെ ഭൗതിക തെളിവുകൾ. എന്നാൽ പാരമ്പര്യവാദികളായ വെള്ളക്കാർക്ക് ഇത് പലപ്പോഴും ‘തറ’ അല്ലെങ്കിൽ ‘അഹങ്കാരം’ ആയിട്ടാണ് കാണുന്നത്.
∙ ഹിപ്-ഹോപ് സംസ്കാരവും ആഗോള കാഴ്ചപ്പാടും
ആർച്ചറുടെ സ്റ്റൈലിനെ പലപ്പോഴും ഹിപ്-ഹോപ്പ് സംസ്കാരവുമായാണ് താരതമ്യം ചെയ്യുന്നത്. 1970കളിൽ ന്യൂയോർക്കിലെ ബ്രോങ്ക്സിൽ ആരംഭിച്ച ഹിപ്-ഹോപ് സംസ്കാരം സ്വർണമാലകളെ ഒരു വിപ്ലവകരമായ ഫാഷനായി മാറ്റി. പഴയ തലമുറയിലെ സമ്പന്നർ തങ്ങളുടെ പണം വളരെ ലളിതമായ രീതിയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പുതിയ തലമുറയിലെ കറുത്തവർഗക്കാർ തങ്ങളുടെ വിജയം ആഘോഷിക്കാൻ സ്വർണത്തെ തിരഞ്ഞെടുക്കുന്നു. ഇതേ സ്വർണമാലകൾ വലിയ ഫാഷൻ ബ്രാൻഡുകൾ റാംപുകളിൽ അവതരിപ്പിക്കുമ്പോൾ അത് 'ഹൈ-ഫാഷൻ' ആയി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഒരു കറുത്തവർഗക്കാരൻ അത് ധരിക്കുമ്പോൾ അത് 'അച്ചടക്കമില്ലായ്മ'യായി വ്യാഖ്യാനിക്കപ്പെടുന്നു.
∙ പന്ത് ചുരണ്ടൽ ആരോപണങ്ങൾ
2025ൽ ലോർഡ്‌സിൽ നടന്ന മത്സരത്തിനിടയിൽ ആർച്ചർ തന്റെ സ്വർണമാലയിൽ പന്ത് ഉരച്ചു എന്ന പേരിൽ വിവാദങ്ങൾ ഉയർന്നിരുന്നു. പന്തിന്റെ ആകൃതി മാറ്റാൻ മാല ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഔദ്യോഗികമായി നടപടികളൊന്നുമുണ്ടായില്ലെങ്കിലും, ആർച്ചറുടെ ഓരോ ചലനവും ആഭരണവും എത്രത്തോളം നിരീക്ഷിക്കപ്പെടുന്നു എന്നതിന്റെ തെളിവായിരുന്നു ഇത്.
English Summary:







English (US) ·