Published: February 25, 2026 09:51 AM IST
1 minute Read
ചെന്നൈ ∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്ക് എതിരായ നിര്‍ണായക സൂപ്പർ 8 മത്സരത്തിന് മുന്‍പ് ഇന്ത്യ ടീമിനു തിരിച്ചടി. പിതാവിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് റിങ്കു സിങ് വീട്ടിലേക്ക് മടങ്ങി. റിങ്കു സിങിന്‍റെ പിതാവ് ഖാൻചന്ദ് സിങ് അർബുദ ബാധിതനായി ചികിത്സയിലാണെന്നാണ് വിവരം. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ഇന്ത്യന്‍ ടീം ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ റിങ്കു സിങ് പരിശീലനത്തിന് എത്തിയില്ല. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിച്ച താരമാണ് റിങ്കു സിങ്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിനു മുൻപ് താരം ടീമിനൊപ്പം ചേരുമെന്നോ എന്നതിൽ വ്യക്തതയില്ല. ടീം മാനേജ്മെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അഹമ്മദാബാദിലെ മത്സരശേഷം റിങ്കു സിങ് ടീമിനൊപ്പം ചെന്നൈയിലെത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നിലവില്‍ വെന്‍റിലേറ്റര്‍ സഹായത്തിലാണ് റിങ്കു സിങിന്‍റെ പിതാവ്. ഒരു വര്‍ഷം മുന്‍പാണ് കരളിന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുന്ന ജോലി അദ്ദേഹം നിര്‍ത്തിയിരുന്നു. അന്നുമുതൽ നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം നെറ്റ്സില്‍ ഇന്ത്യന്‍ ടീം സാധാരണ രീതിയില്‍ പരിശീലനം നടത്തി. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവര്‍ നെറ്റ്സില്‍ ദീര്‍ഘനേരം ബാറ്റ് ചെയ്തു. അഭിഷേക് ശര്‍മ പന്തെറിഞ്ഞ ശേഷമാണ് ബാറ്റിങിനെത്തിയത്. അർഷ്ദീപ് സിങും മുഹമ്മദ് സിറാജും ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാർക്കായി പന്തെറിഞ്ഞു.
English Summary:







English (US) ·