നിർണായകമായി ക്യാപ്റ്റൻ ഗില്ലിന്റെ ആ ‘അസാധാരണ’ തീരുമാനം; ഹൈദരാബാദിന് വേഗപ്പൂട്ടിട്ട് ഗുജറാത്ത്

2 weeks ago 6

ഓൺലൈൻ ഡെസ്‌ക്

Published: May 13, 2026 10:26 AM IST

1 minute Read

ശുഭ്‌മൻ ഗിൽ മത്സരത്തിനിടെ . (PTI Photo/Shahbaz Khan)
ശുഭ്‌മൻ ഗിൽ മത്സരത്തിനിടെ . (PTI Photo/Shahbaz Khan)

അഹമ്മദാബാദ്∙ പേസ് കൊണ്ടു മാസ് കാണിക്കാൻ സാധിക്കുന്ന ബോളർമാരുണ്ടെങ്കിൽ ഐപിഎലിൽ ഏതു സ്കോറും പ്രതിരോധിച്ചു ജയിക്കാമെന്ന് ഗുജറാത്ത് ടൈറ്റൻസ് ഒരിക്കൽകൂടി തെളിയിച്ചു. പേസ് ബോളർമാരായ കഗീസോ റബാദയും ജയ്സൻ ഹോൾഡറും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമെല്ലാം തകർത്തെറിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്തിന് 82 റൺസിന്റെ ആധികാരിക ജയം. 12 മത്സരങ്ങളിൽ 16 പോയിന്റുമായി ഗുജറാത്ത് പ്ലേഓഫ് ബെർത്ത് ഏറക്കുറെ ഉറപ്പാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, സായ് സുദർശൻ (44 പന്തിൽ 61) വാഷിങ്ടൻ സുന്ദർ (33 പന്തി‍ൽ 50) എന്നിവരുടെ അർധസെ‍ഞ്ചറികളുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ഹൈദരാബാദിനായി യുവപേസർമാരായ പ്രഫുൽ ഹിൻഗെയും സാകിബ് ഹുസൈനും 2 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ വിക്കറ്റ് നഷ്ടപ്പെട്ട ഹൈദരാബാദിന്റെ ചെറുത്തുനിൽപ് 86 റൺസിൽ അവസാനിച്ചു. 3 വിക്കറ്റ് വീതം വീഴ്ത്തിയ റബാദയും ഹോൾഡറും ചേർന്നാണ് ഹൈദരാബാദിനെ ചുരുട്ടിക്കെട്ടിയത്. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 5ന് 168. ഹൈദരാബാദ് 14.5 ഓവറിൽ 86ന് ഓൾഔട്ട്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (0) നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ അഭിഷേകിനെ (6) പുറത്താക്കിയ റബാദ ഹൈദരാബാദിന് അപായ സൂചന നൽകി. തന്റെ അടുത്ത ഓവറുകളിൽ ഇഷാൻ കിഷൻ (11), സ്മരൺ രവിചന്ദ്രൻ (9) എന്നിവരെക്കൂടി വീഴ്ത്തിയ റബാദ ഹൈദരാബാദിന്റെ പതനം ഉറപ്പാക്കി.

മധ്യനിരയിൽ പൊരുതിയ ഹെയ്ൻറിച് ക്ലാസൻ (15) ജയ്സൻ ഹോൾഡർക്കു മുന്നിൽ വീണതോടെ ഹൈദരാബാദ് തോൽവി ഉറപ്പിച്ചു. പിന്നീടൊരു തിരിച്ചുവരവിനുള്ള കരുത്തോ ആൾബലമോ ഹൈദരാബാദിന് ഉണ്ടായിരുന്നില്ല. ഗുജറാത്തിനായി പ്രസിദ്ധ് 2 വിക്കറ്റ് നേടി. നേരത്തെ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും (5) സീനിയർ താരം ജോസ് ബട്‌ലറെയും (7) തുടക്കത്തിലേ നഷ്ടപ്പെട്ട ഗുജറാത്ത് ഞെട്ടലോടെയാണ് തുടങ്ങിയത്. മധ്യ ഓവറുകളിൽ പൊരുതിയ സായ് സുദർശൻ, വാഷിങ്ടൻ സുന്ദർ എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

പെർഫക്ട് സ്പെൽടീമിലെ പ്രധാന പേസർമാരെ പവർപ്ലേയിൽ 2 ഓവർ മാത്രം എറിയിച്ച്, ബാക്കി 2 ഓവർ അവസാന ഘട്ടത്തിൽ ഉപയോഗിക്കാനായി മാറ്റിവയ്ക്കുന്നതാണ് ക്യാപ്റ്റൻമാരുടെ പതിവ്. എന്നാൽ ഹൈദരാബാദിനെതിരെ പവർപ്ലേയിൽ തുടങ്ങി തുടർച്ചയായി 4 ഓവറുകളിൽ കഗീസോ റബാദയെക്കൊണ്ടു പന്തെറിയിപ്പിക്കാനുള്ള ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം മത്സരത്തിൽ വഴിത്തിരിവായി.

ആദ്യ ഓവറിൽ അഭിഷേക് ശർമയെയും രണ്ടാം ഓവറിൽ ഇഷാൻ കിഷനെയും മൂന്നാം ഓവറിൽ സ്മരൺ രവിചന്ദ്രനെയും പുറത്താക്കിയ റബാദ, നാലാം ഓവറിൽ ഒന്നിലേറെ ചാൻസുകൾ ഉണ്ടാക്കിയെങ്കിലും നിർഭാഗ്യം കൊണ്ടുമാത്രം വിക്കറ്റ് ലഭിച്ചില്ല. റബാദയുടെ ഈ പെർഫക്ട് സ്പെല്ലാണ് മത്സരം ഗുജറാത്തിന് അനുകൂലമാക്കിയത്. 4 ഓവറിൽ 28 റൺസ് വഴങ്ങിയാണ് റബാദ 3 വിക്കറ്റ് നേടിയത്.

English Summary:

Gujarat Titans secured a ascendant 82-run triumph implicit Sunrisers Hyderabad, showcasing the powerfulness of gait bowling successful IPL 2026. This win, mostly driven by exceptional performances from Kagiso Rabada and Jason Holder, has importantly boosted Gujarat's chances for playoff qualification.

Read Entire Article