Published: February 25, 2026 05:33 PM IST
1 minute Read
പല്ലെക്കലെ ∙ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ– ഇംഗ്ലണ്ട് മത്സരത്തിനിടെ ആരാധകർ തമ്മിൽ തർക്കവും കയ്യാങ്കളിയും. ഒരു ഇംഗ്ലണ്ട് ആരാധകനും പ്രശസ്ത പാക്കിസ്ഥാൻ ആരാധകനും ഇൻഫ്ലുവൻസറുമായ സൊഹൈബ് മുഹമ്മദും തമ്മിലുള്ള തർക്കമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിന്റെ വിഡിയോ എക്സിൽ ട്രെൻഡിങ്ങാണ്. വിഡിയോയിൽ, ഒരു ഇംഗ്ലണ്ട് ആരാധകൻ, പാക്കിസ്ഥാൻ ജഴ്സി ധരിച്ച സൊഹൈബിനോട് ആക്രോശിക്കുന്നത് കാണാം. ‘‘നീ എന്ത് ചെയ്യുമെടാ?’’– എന്ന് ഇയാൾ ആവർത്തിച്ച് ചോദിക്കുന്നു. സൊഹൈബ്, ഇയാളുടെ ടിഷർട്ടിൽ കയറി പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപമുണ്ടായിരുന്ന മറ്റു ചിലർ എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിലും ഇരു വിഭാഗത്തെയും പിന്തുണച്ചു കൊണ്ട് ആളുകളെത്തി. ഇതോടെ സംഭവത്തിന്റെ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് സൊഹൈബ് മുഹമ്മദ് ഇൻസ്റ്റഗ്രാമിൽ മറ്റൊരു വിഡിയോ പങ്കുവെച്ചു. ഇംഗ്ലണ്ട് ആരാധകരുടെ ഒരു കൂട്ടം തന്നെ അപകീർത്തിപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെന്ന് വിഡിയോയിൽ സൊഹൈബ് ആരോപിച്ചു.
താനുമായി തർക്കിച്ചയാൾ, തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിച്ച് പ്രകോപിപ്പിച്ചതായും സൊഹൈബ് അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയിൽ ഇല്ലെന്നും സൊഹൈബ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സൈബർ ലോകത്ത് ചൂടേറിയ ചർച്ചകൾക്കും തുടക്കമിട്ടു. രാജ്യാന്തര കായിക മത്സരങ്ങളിൽ ആരാധകരുടെ പെരുമാറ്റത്തെ പലരും വിമർശിച്ചു.
അതേസമയം, മത്സരത്തിൽ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ലണ്ട്, ട്വന്റി20 സെമിഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നുമായി ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (51 പന്തിൽ 100) മുന്നിൽ നിന്നു നയിച്ചതോടെയാണ് പാക്കിസ്ഥാനെ ഇംഗ്ലണ്ട് വീഴ്ത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ, ഓപ്പണർ സാഹിബ്സാദാ ഫർഹാന്റെ (45 പന്തിൽ 63) അർധ സെഞ്ചറി കരുത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ, ബ്രൂക്കിന്റെ കരുത്തിൽ തിരിച്ചടിച്ച ഇംഗ്ലണ്ട്, 5 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 9ന് 164. ഇംഗ്ലണ്ട് 19.1 ഓവറിൽ 8ന് 166.
165 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ (0) നഷ്ടമായി. ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്. തന്റെ അടുത്ത 2 ഓവറുകളിൽ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ ഷഹീൻ, ഇംഗ്ലണ്ടിനെ 3ന് 35 എന്ന സ്കോറിലേക്ക് തള്ളിയിട്ടു. അതോടെ പാക്കിസ്ഥാൻ അനായാസ ജയം നേടുമെന്നു തോന്നിച്ചെങ്കിലും ബ്രൂക്കിന്റെ പ്രത്യാക്രമണം അവരുടെ താളം തെറ്റിച്ചു.
പേസ്, സ്പിൻ വ്യത്യാസമില്ലാതെ പാക്ക് ബോളർമാരെ കടന്നാക്രമിച്ച ഇംഗ്ലിഷ് ക്യാപ്റ്റൻ, ടീമിന്റെ റൺനിരക്ക് കുറയാതെ നോക്കി. ഒരു എൻഡിൽ വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും മറുവശത്ത് കരുതലോടെ കളിച്ച ബ്രൂക്ക് ടീമിനെ ത്രില്ലർ ജയത്തിന്റെ തീരത്ത് എത്തിച്ചു. പിന്നാലെ ബ്രൂക്കിനെയും വിൽ ജാക്സിനെയും (23 പന്തിൽ 28) ജയ്മി ഓവർട്ടനെയും (0) വീഴ്ത്തിയ പാക്കിസ്ഥാൻ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ജോഫ്ര ആർച്ചറുടെ (5 നോട്ടൗട്ട്) മനഃസാന്നിധ്യം ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിച്ചു
English Summary:







English (US) ·