യുദ്ധം ജയിച്ച സൈന്യാധിപനെപ്പോലെ സഞ്ജു സാംസൺ ഗ്രൗണ്ടിൽ നെഞ്ചുവിരിച്ചുനിന്നു. ആകാശത്തിനു താഴെ അഹമ്മദാബാദ് സ്റ്റേഡിയം ആരവങ്ങളിൽ ആർത്തിരമ്പി. തുള്ളിച്ചാടുന്ന ഓരോ നീലക്കുപ്പായക്കാരിലും ആവേശത്തിന്റെ ഊർജ പ്രവാഹം. വീശുന്ന ഓരോ കൊടിയിലും അഭിമാനത്തിന്റെ ത്രിവർണം. രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊട്ടുന്ന ഓരോ പടക്കങ്ങളും ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു ആഹ്ലാദത്തിന്റെ ആ ഡെസിബെൽ കണക്കുകൾ. ട്വന്റി20 ലോകകപ്പ് അതിന്റെ നാഥനെ കണ്ടെത്തിയിരിക്കുന്നു.....
അർധരാത്രിയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം പോലെതന്നെ ലോകം ഉറങ്ങാൻ പോകുന്ന സമയത്ത് 146 കോടിപ്പേരുള്ള ഇന്ത്യാ മഹാരാജ്യം ഇന്നലെ സന്തോഷത്തിലേക്ക് ഉയിർത്തെഴുന്നേറ്റു. സ്വന്തം മണ്ണിൽ, സ്വന്തക്കാരായ മനുഷ്യരുടെ മുന്നിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ലോകകിരീടമുയർത്തുമ്പോൾ ചരിത്രം അതിന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചിടുന്നു; 3 തവണ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ആദ്യ ടീം...
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കിയാണ് ട്വന്റി20 ലോകകപ്പിലെ മൂന്നാം കിരീടം ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത് 255 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ 159 റൺസിൽ ഓൾഔട്ടാക്കി. ഇന്ത്യൻ മണ്ണിൽ കുട്ടിക്ക്രിക്കറ്റിലെ ആദ്യ ലോക കിരീടമുയർത്തിയ സൂര്യകുമാറും സംഘവും നാട്ടിൽ ഒരു ലോകകപ്പ് വിജയത്തിനായുള്ള ഇന്ത്യക്കാരുടെ 15 വർഷം നീണ്ട കാത്തിരിപ്പിനും വിരാമമിട്ടു.
സ്കോർ: ഇന്ത്യ 20 ഓവറിൽ 5ന് 255.ന്യൂസീലൻഡ് 19 ഓവറിൽ 159.
46 പന്തിൽ 5 ഫോറും 8 സിക്സും അടക്കം 89 റൺസ് നേടിയ കേരളത്തിന്റെ സ്വന്തം സഞ്ജുവായിരുന്നു ഇന്ത്യൻ കുതിപ്പിന്റെ കപ്പിത്താൻ. തുടർച്ചയായ മൂന്നാം അർധ സെഞ്ചറി കുറിച്ച സഞ്ജു ഈ ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റുമായി. അഭിഷേക് ശർമയും (21 പന്തിൽ 52) ഇഷാൻ കിഷനും (25 പന്തിൽ 54) അർധ സെഞ്ചറിയുമായി തിളങ്ങിയപ്പോൾ 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര ന്യൂസീലൻഡിനെ എറിഞ്ഞൊതുക്കി. ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
സ്വപ്നത്തിനും മേലേഫൈനൽ മത്സരത്തിലെ ബാറ്റിങ് സ്വപ്നതുല്യമായിരുന്നെന്ന് പറഞ്ഞാൽ അതു ടീം ഇന്ത്യയോടു ചെയ്യുന്ന അനീതിയാകും. സ്വപ്നങ്ങളുടെ ആകാശത്തിനപ്പുറം സ്വർഗത്തിൽ നടന്ന മത്സരമായിരുന്നു അത്. ഇന്ത്യൻ ആരാധകരുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കരിക്കപ്പെട്ട രാവിൽ, സഞ്ജു സാംസൺ ഒരിക്കൽക്കൂടി ടീമിനെ മുന്നിൽനിന്നു നയിച്ച ഫൈനലിൽ, ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ബാറ്റിങ് റെക്കോർഡുകൾ പലതും തിരുത്തപ്പെട്ടു. ട്വന്റി20 ലോകകപ്പ് ഫൈനലിലെ ഉയർന്ന വ്യക്തിഗത സ്കോറും സഞ്ജു പേരിലാക്കി. തുടർച്ചയായ നിരാശകൾക്കുശേഷം നിർണായക മത്സരത്തിൽ അഭിഷേക് ശർമയും ടീമിന്റെ വിശ്വാസം കാത്തതോടെ ബൗണ്ടറികളുടെ പെരുമഴയായിരുന്നു ഇന്നലെ അഹമ്മദാബാദിൽ. നാലാം ഓവറിൽ 50 പിന്നിട്ട ഇന്ത്യൻ സ്കോർ പവർപ്ലേ ഓവറുകൾ അവസാനിക്കുമ്പോൾ 92 റൺസിലേക്കു കുതിച്ചെത്തി.
എട്ടാം ഓവറിൽ അഭിഷേക് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 98 റൺസ് എത്തിയിരുന്നു. 22 പന്തിൽ 38 റൺസുമായി ബാറ്റിങ് തുടർന്ന സഞ്ജു, അഭിഷേക് മടങ്ങിയതോടെ ആക്രമണം കടുപ്പിച്ചു. 33 പന്തുകളിൽ അർധ സെഞ്ചറി തികച്ച താരം തൊട്ടടുത്ത ഓവറിൽ ലോക്കി ഫെർഗൂസനെതിരെ 3 സിക്സും ഒരു ഫോറും നേടി ശൈലീമാറ്റം പ്രഖ്യാപിച്ചു. 14–ാം ഓവറിൽ രചിൻ രവീന്ദ്രയ്ക്കെതിരെയും തുടർച്ചയായ 3 സിക്സുകൾ നേടി.
സഞ്ജുവിനൊപ്പം അതേ താളത്തിൽ ഇഷാൻ കിഷനും (25 പന്തിൽ 54) വെടിക്കെട്ട് തുടർന്നതോടെ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെന്ന വിസ്മയം ഇന്ത്യൻ സ്കോർ ബോർഡിൽ തെളിഞ്ഞു. എന്നാൽ ജിമ്മി നീഷം എറിഞ്ഞ 16–ാം ഓവറിൽ സഞ്ജുവും ഇഷാനും ക്യാപ്റ്റൻ സൂര്യകുമാർ യാദവും (0) പുറത്തായതോടെ ഡെത്ത് ഓവറിൽ ഇന്ത്യൻ സ്കോറിങ് ഒന്നു കിതച്ചു. അവസാന ഓവറുകളിൽ ആളിപ്പടർന്ന ശിവം ദുബെയാണ് (8 പന്തിൽ 26 നോട്ടൗട്ട്) ടീം സ്കോർ 250 കടത്തിയത്.
കിവീസിന്റെ വീഴ്ചഇന്ത്യൻ ബാറ്റർമാരുടെ താണ്ഡവത്തിൽ മാനസികമായി തകർന്ന കിവീസിനെ എറിഞ്ഞു വീഴ്ത്തുകയെന്ന ദൗത്യം മാത്രമേ ഇന്ത്യൻ ബോളർമാർക്കുണ്ടായിരുന്നുള്ളൂ. പവർപ്ലേയ്ക്കുള്ളിൽത്തന്നെ 3 വിക്കറ്റ് നഷ്ടമായതോടെ കിവീസിന്റെ പ്രതീക്ഷകളറ്റു. സെമിയിൽ സെഞ്ചറി നേടിയ ഓപ്പണർ ഫിൻ അലനെ (9) മൂന്നാം ഓവറിൽ അക്ഷർ പട്ടേൽ പുറത്താക്കിയതോടെ അവരുടെ വീഴ്ച തുടങ്ങി. രചിൻ രവീന്ദ്രയെ (1) ജസ്പ്രീത് ബുമ്രയും ഗ്ലെൻ ഫിലിപ്സിനെ (5) അക്ഷർ പട്ടേലും ആദ്യ 5 ഓവറിനിടെ വീഴ്ത്തി. ഒരറ്റത്തു പൊരുതിനിന്ന ടിം സെയ്ഫർട്ട് (26 പന്തിൽ 52) വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ കിവീസ് 5ന് 72 എന്ന നിലയിലായി. തുടർച്ചയായ വിക്കറ്റുകളിലൂടെ ജസ്പ്രീത് ബുമ്ര കിവീസ് വാലറ്റത്തെ വീഴ്ത്തിയതോടെ ഗാലറിയിലും രാജ്യമെമ്പാടും ലോകകപ്പ് വിജയാഘോഷങ്ങൾക്കു തുടക്കമായി.
English Summary:







English (US) ·