Published: May 19, 2026 10:03 AM IST Updated: May 19, 2026 11:46 AM IST
1 minute Read
റിയോ ഡി ജനീറോ ∙ ഫിഫ ലോകകപ്പിനുള്ള ബ്രസീലീന്റെ 26 അംഗ അന്തിമ സ്ക്വാഡിനെ പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചു. റിയോ ഡി ജനീറോയിൽ നടന്ന ചടങ്ങിലാണ് കാനറിപ്പടയുടെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചത്. പരുക്കിന്റെ നീണ്ട ഇടവേളകൾക്ക് ശേഷം സൂപ്പർ താരം നെയ്മാർ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ഫോർവേർഡ് താരം വിനീസ്യൂസ് ജൂനിയറും ടീമിലിടം പിടിച്ചിട്ടുണ്ട്. എന്നാൽ ചെൽസി താരം ജാവോ പെഡ്രോയ്ക്ക് ടീമിൽ ഇടം നേടാനായില്ല.
പരുക്കിനെത്തുടർന്ന് 2023 ഒക്ടോബറിന് ശേഷം ദേശീയ ടീമിന്റെ ജഴ്സി അണിയാൻ സാധിക്കാതിരുന്ന നെയ്മാർ, കായികക്ഷമത പൂർണ്ണമായും വീണ്ടെടുത്ത പശ്ചാത്തലത്തിലാണ് ആഞ്ചലോട്ടി ടീമിലേക്ക് തിരഞ്ഞെടുത്തത്. നിലവിൽ ബ്രസീൽ ഫുട്ബോൾ ക്ലബ്ബായ സാന്റോസിനായി കളിക്കുന്ന 34 വയസ്സുകാരനായ നെയ്മറുടെ നാലാമത്തെ ലോകകപ്പാണിത്. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുള്ള നെയ്മറുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നൽകും.
എന്നാൽ പരുക്കിന്റെ പിടിയിലായ റോഡ്രിഗോ, യുവതാരം എസ്റ്റെവാവോ എന്നിവർക്ക് ലോകകപ്പ് നഷ്ടമാകുന്നത് ബ്രസീലിന് തിരിച്ചടിയാണ്. ചെൽസി ഫോർവേഡ് ജാവോ പെഡ്രോയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് അപ്രതീക്ഷിതമായി. മുന്നേറ്റ നിരയിൽ റയൽ മാഡ്രിഡിന്റെ വിനീസ്യൂസ് ജൂനിയർ, ബാർസിലോനയുടെ റാഫീഞ്ഞ എന്നിവർക്കൊപ്പം യുവതാരം എൻഡ്രിക്കും സ്ഥാനം പിടിച്ചിട്ടുണ്ട്.
ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്‌റ്റി, സ്കോട്ട്‌ലൻഡ് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 13നു മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.
English Summary:







English (US) ·