നെയ്മാർ എവിടെയാണ്? പരുക്ക് ഭേദമാക്കി ലോകകപ്പ് കളിക്കാൻ സൂപ്പർ താരം വരുമോ?

1 week ago 2

ബ്രസീൽ ഫുട്ബോളർ നെയ്മാറിന്റെ ശരീരം ഫുട്ബോൾ മൈതാനം പോലെ തന്നെയാണ്. കളിക്കാരുടെ ഓരോ ചലനവും വേഗമേറിയ പാസുകളും മൈതാനത്തെ കീറിമുറിക്കുന്നതു പോലെ, പരുക്കിന്റെ പരുക്കൻ പാസുകൾ നെയ്മാറിന്റെ ശരീരത്തെയും കീറിമുറിക്കുകയാണ്. പരുക്കേറ്റു വീഴുന്നതു പതിവാക്കിയ മുപ്പത്തിനാലുകാരൻ നെയ്മാർ, ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിനുള്ള ബ്രസീൽ ടീമിലുണ്ടാകുമോ എന്നതാണു ഫുട്ബോൾ ലോകത്തെ ചൂടുള്ള  ചർച്ച.

ലോകകപ്പിനു മുന്നോടിയായി ഈ മാസം ഒടുവിൽ ഫ്രാൻസിനും ക്രൊയേഷ്യയ്ക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ സാധ്യതാ ടീമിൽ നെയ്മാർ ഇടംപിടിച്ചിരുന്നു. എന്നാൽ കാലിനേറ്റ പരുക്കുമൂലം അദ്ദേഹം ഈ മത്സരങ്ങൾ കളിക്കുമോയെന്ന് ഉറപ്പില്ല. ഇതോടെ, ലോകകപ്പിലേക്കുള്ള നെയ്മാറിന്റെ വഴിയും അടയുമെന്ന ആശങ്കയായി. നെയ്മാർ ഫിറ്റ്നസ് വീണ്ടെടുത്താൽ അദ്ദേഹത്തെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തുമെന്ന കോച്ച് കാർലോ ആഞ്ചലോട്ടിയുടെ വാക്കുകൾ മാത്രമാണ് ഇതിനിടയിലും ഏക പ്രതീക്ഷ. നിലവിൽ ഫിറ്റ്നസ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണു നെയ്മാർ. 

ഗോളും ഫൗളും! 

രാജ്യാന്തര അരങ്ങേറ്റ മത്സരത്തിന്റെ 28–ാം മിനിറ്റിൽ ഗോൾ നേടിയ താരമാണ് നെയ്മാർ. ദേശീയ ടീമിനായുള്ള ഗോൾനേട്ടത്തിൽ ബ്രസീൽ ഇതിഹാസം പെലെയെ വരെ പിന്നിലാക്കിയ താരം.  ബ്രസീലിനായി 128 മത്സരങ്ങൾ കളിച്ച നെയ്മാർ 78 ഗോളുകൾ നേടി. മെയ്‌വഴക്കത്തോടെ മൈതാനം വാഴുന്ന നെയ്മാറിനെ തളയ്ക്കാൻ  എതിരാളികൾ കണ്ടെത്തിയ മാർഗം അദ്ദേഹത്തെ പരമാവധി ഫൗൾ ചെയ്യുക എന്നതായിരുന്നു. 

2014 ലോകകപ്പിൽ കൊളംബിയൻ താരം യുവാൻ സുനിഗയുടെ ചവിട്ടേറ്റ് നടുവിനു പരുക്കേറ്റ നെയ്മാർ ലോകകപ്പിൽനിന്നു പുറത്തായി. പിന്നാലെ ആതിഥേയരായ ബ്രസീലും ലോകകപ്പിൽനിന്ന് ഔട്ടായി. 2018 ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരെ നടന്ന മത്സരത്തിൽ നെയ്മാറിനെ 10 തവണയാണ് എതിരാളികൾ ഫൗൾ ചെയ്തത്. 20 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരമെന്ന ‘ചരിത്രവും’ ഇതോടെ നെയ്മാറിന്റെ പേരിലായി. എതിരാളികളുടെ ‘കാടൻ പ്രയോഗത്തിൽ’ നെയ്മാറിന്റെ വലതു കണങ്കാലിനും ലിഗമെന്റിനുമാണു പതിവായി പരുക്കേൽക്കുക. 

പരുക്കൻ ചരിത്രം

സ്പാനിഷ് ക്ലബ് ബാർസിലോനയിൽ ലയണൽ മെസ്സിക്കും ലൂയി സ്വാരെസിനും ഒപ്പം കളിച്ചപ്പോൾ നെയ്മാറിനു പരുക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നില്ല. മൂവർ സംഘത്തെ ഒരുപോലെ നേരിടേണ്ടിയിരുന്നതിനാൽ എതിരാളികളുടെ കടുത്ത ആക്രമണത്തിനു വിധേയനാകാതെ മറഞ്ഞു നിൽക്കാൻ നെയ്മാറിനു കഴിഞ്ഞിരുന്നു. 

എന്നാൽ, പിന്നീടു 2017ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കു ചേക്കേറിയ നെയ്മാറിനു പരുക്കേൽക്കുന്നതു പതിവായി. വലതു കണങ്കാൽ തന്നെയായിരുന്നു ‘പ്രധാന ഇര’. 2018ൽ കാലിനു പരുക്കേറ്റതോടെ ശസ്ത്രക്രിയ വേണ്ടിവന്ന നെയ്മാറിനു റയൽ മഡ്രിഡിനെതിരെ നടന്ന ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ നഷ്ടമായി. മത്സരം തോറ്റ പിഎസ്ജി ചാംപ്യൻസ് ലീഗിൽനിന്നു പുറത്തായി. ഇതോടെ പിഎസ്ജിയിൽനിന്ന് നെയ്മാറിന്റെ പുറത്തേക്കുള്ള ആദ്യ വഴി തെളിഞ്ഞു. 

അവിടെനിന്നു സൗദി ക്ലബ് അൽ ഹിലാലിൽ എത്തിയെങ്കിലും ആകെ കളിക്കാനായത് 7 മത്സരങ്ങൾ മാത്രം. തുടർന്ന് ബാല്യകാല ക്ലബ്ബായ ബ്രസീലിലെ സാന്റോസിൽ അഭയം തേടുകയായിരുന്നു നെയ്മാർ. 2022 ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ദേശീയ ടീമിനു വേണ്ടി നെയ്മാർ അവസാനമായി കളത്തിലിറങ്ങിയത് 2023ൽ യുറഗ്വായ്ക്കെതിരെ നടന്ന മത്സരത്തിലാണ്. കളിക്കിടെ അദ്ദേഹത്തിന്റെ ഇടതു കാൽമുട്ടിനു പരുക്കേറ്റതോടെ ഒരുവർഷത്തോളം അദ്ദേഹം മൈതാനത്തിനു പുറത്തായിരുന്നു. തുടർന്ന് ക്ലബ്ബുകൾക്കു വേണ്ടി മത്സരിച്ചെങ്കിലും ദേശീയ ടീമിലേക്കുള്ള വഴി പരുക്കിന്റെ പിടിയിൽ തുടർന്നു.

പരുക്കിന്റെ നാൾവഴി 

2022 ലോകകപ്പിനുശേഷം  നെയ്മാറിനെ വീഴ്ത്തിയ പ്രധാന പരുക്കുകൾ:

2022 നവംബർ: സെർബിയയുമായി നടന്ന മത്സരത്തിനിടെ കാലിന്റെ ലിഗമെന്റിനു ക്ഷതം. 

2023 ഒക്ടോബർ: യുറഗ്വായുമായി നടന്ന മത്സരത്തിൽ കാൽ‍മുട്ടിനു പരുക്കേറ്റു. ഒരുവർഷത്തോളം മത്സരങ്ങൾ നഷ്ടമായി.

2024 നവംബർ:  അൽ ഹിലാലിനായി കളിക്കുന്നതിനിടെ  പിൻതുടയിലെ ഞരമ്പിനു ക്ഷതമേറ്റതിനെ തുടർന്ന് 6 ആഴ്ചയോളം പുറത്ത്.

2025 മാർച്ച് – മേയ്: സാന്റോസിനായി കളിക്കുന്നതിനിടെ ഒട്ടേറെത്തവണ പിൻതുടയിലെ ഞരമ്പിന് വീണ്ടും പരുക്ക്.

2025 ഡിസംബർ: കാൽമുട്ടിനു ശസ്ത്രക്രിയ.

2026 ജനുവരി : കാലിന്റെ പേശികൾക്കു ക്ഷീണം. ചില ക്ലബ് മത്സരങ്ങളിൽ നിന്നു വിട്ടുനിന്നു.

2026 മാർച്ച് : പരിശീലനത്തിനിടെ കാലിന്റെ പേശികൾക്കു പരുക്ക്.

English Summary:

Neymar's vocation has been plagued by injuries, mirroring the aggravated physicality of the shot transportation itself

Read Entire Article