നെയ്മാർ പോരെന്നു വെല്ലുവിളി! ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ...

3 weeks ago 3

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: June 30, 2026 01:10 AM IST Updated: June 30, 2026 07:43 AM IST

3 minute Read

 Paul ELLIS / AFP
ഗോൾ നേട്ടം ആഘോഷിക്കുന്ന ബ്രസീൽ താരങ്ങളായ കാസെമിറോയും നെയ്മാറും. Photo: Paul ELLIS / AFP

ബ്രസീലിനെതിരായ പോരാട്ടത്തിനു മുൻപ് ജാപ്പനീസ് ഫോർവേഡ് കെന്റോ ഷിയോഗായ് അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം നടത്തി. ബ്രസീലിന്റെ സൂപ്പർ താരം നെയ്മാറിന് ഇപ്പോൾ പഴയപോലെ വീര്യമില്ലെന്നായിരുന്നു കെന്റോയുടെ കണ്ടെത്തൽ. ഒരു കാലത്ത് ഫുട്ബോളിൽ ബ്രസീലിനുണ്ടായിരുന്ന ആധിപത്യം ഇപ്പോഴില്ലെന്നും ജാപ്പനീസ് താരം പറഞ്ഞുവച്ചു. ജാപ്പനീസ് താരത്തിന്റെ അസാധാരണമായ ഈ പ്രഖ്യാപനം, ഗ്രൗണ്ടിൽ ബ്രസീലിന് കൂടുതൽ പ്രചോദനമാകുമെന്നായിരുന്നു ക്യാപ്റ്റൻ മാർക്വിഞ്ഞോസിന്റെ വാക്കുകൾ. ബ്രസീൽ ഇപ്പോഴും ബ്രസീൽ തന്നെയാണെന്നും മാർക്വിഞ്ഞോസ് തിരിച്ചടിച്ചു. ഒടുവിൽ നെയ്മാർ ഇല്ലാതെ തന്നെ ഹൂസ്റ്റൻ സ്റ്റേഡിയത്തിൽ ബ്രസീൽ ജപ്പാന്റെ കഥ കഴിച്ചു. ആദ്യ പകുതിയിൽ 1–0ന് പിന്നിലായിപ്പോയ ബ്രസീൽ, രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ അടിച്ചാണ് വിജയവും പ്രീക്വാർട്ടർ എന്‍ട്രിയും പിടിച്ചെടുത്തത്. 56–ാം മിനിറ്റിൽ കാസെമിറോയിലൂടെ സമനില പിടിച്ച ബ്രസീൽ 90+6-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ മുന്നിലെത്തി. അവസാന മിനിറ്റുകളിൽ നിർണായ ഗോളുകൾ നേടി എതിരാളികളുടെ വഴിയടയ്ക്കുന്ന ജാപ്പനീസ് ‘കറ്റാനയുടെ’ വേദന അവർക്ക് ഇന്നു മനസ്സിലായിക്കാണണം. 29–ാം മിനിറ്റിൽ കയ്ഷിയു സനോയിലൂടെ ലീഡെടുത്ത ശേഷം രണ്ടു ഗോളുകൾ വഴങ്ങി അപ്രതീക്ഷിതമായ പുറത്താകൽ ജാപ്പനീസ് ആരാധകർക്ക് കുറച്ചേറെക്കാലം വേദനയാകും. എങ്കിലും ഫേവറീറ്റുകളായ ബ്രസീലിനെ അവസാന മിനിറ്റുവരെ വിറപ്പിച്ച ശേഷമാണ് മടങ്ങുന്നതെന്ന ആശ്വാസം ഏഷ്യൻ വമ്പൻമാരായ നീല സമുറായികൾക്കുണ്ടാകും.

What you should work next

ജപ്പാനെ വിറപ്പിക്കാൻ നോക്കി, പ്രതിരോധം പാളി

മത്സരത്തിന്റെ ആദ്യ അഞ്ചു മിനിറ്റുകളിൽ തന്നെ ജാപ്പനീസ് ബോക്സിനരികിലേക്ക് ഒന്നിലേറെ തവണ പന്തുമായി എത്തിയ ബ്രസീൽ, ആത്മവിശ്വാസത്തോടെയാണു കളി തുടങ്ങിയത്. ജപ്പാന്റെ പകുതിയിൽ ബോക്സിനു പുറത്തായി തുടർച്ചയായി ബ്രസീൽ മധ്യനിര പാസുകളുമായി നിറഞ്ഞു കളിച്ചു. കിട്ടിയ അവസരങ്ങളിലെല്ലാം പന്തുമായി ബ്രസീൽ മുന്നേറ്റ നിര ബോക്സിലേക്കു കയറിയതോടെ ജാപ്പനീസ് ഗോൾ കീപ്പർ സിയോൻ സുസുക്കിക്ക് പിടിപ്പതു പണിയായിരുന്നു. 12–ാം മിനിറ്റിൽ ബ്രസീൽ സൂപ്പർ താരം വിനിസ്യൂസിനെ ചവിട്ടിയതിന് ജപ്പാന്റെ കൈഷു സനോ മത്സരത്തിലെ ആദ്യ യെല്ലോ കാർഡ് കണ്ടു. 14–ാം മിനിറ്റിൽ ബ്രസീൽ താരം മതിയൂസ് കുഞ്ഞ തൊടുത്ത ഷോട്ട് ജാപ്പനീസ് ഗോളി സുസുക്കി ഡൈവ് ചെയ്തു തട്ടിയകറ്റി. പിന്നാലെ ലഭിച്ച കോർണറും ലക്ഷ്യത്തിലെത്തിക്കാൻ ബ്രസീലിനു സാധിച്ചില്ല. ജാപ്പനീസ് താരം ദായിച്ചി കമദയ്ക്കു ലഭിച്ച ഫ്രീകിക്കും പാഴായി. 27–ാം മിനിറ്റിൽ ജാപ്പനീസ് താരം ജുനിയ ഇറ്റോയുടെ കോർണറിൽ തലവച്ച് അയാസെ ഉഡെയുടെ ഗോൾ ശ്രമം. പക്ഷേ ലക്ഷ്യം തെറ്റിയ ഹെഡർ ബാറിനു മുകളിലൂടെ പുറത്തേക്കുപോയി.

What you should work next

29–ാം മിനിറ്റിൽ ബ്രസീലിയൻ പ്രതിരോധ നിരയെ കീറിമുറിച്ച് ജപ്പാൻ ആദ്യ ലീ‍ഡ‍െടുത്തു. ലോകകപ്പിൽ രണ്ടാം മത്സരം മാത്രം കളിക്കുന്ന 25 വയസ്സുകാരൻ കയ്ഷു സനോയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. ബ്രസീൽ താരം ഡാനിലോയുടെ പാസ് മധ്യവരയ്ക്കു സമീപത്തുനിന്ന് തടഞ്ഞ സനോ, പന്തുമായി ഗ്രൗണ്ടിന് മധ്യഭാഗത്തിലൂടെ അതിവേഗം കുതിച്ചാണ്, ബോക്സിനു തൊട്ടുമുന്നിൽവച്ച് ഷൂട്ട് ചെയ്തത്. നിരന്നു നിന്ന ബ്രസീൽ പ്രതിരോധ താരങ്ങളും ഗോൾ കീപ്പർ അലിസൻ ബെക്കറും പരമാവധി ശ്രമിച്ചിട്ടും താരത്തിന്റെ നെടുനീളൻ ഷോട്ട് തടുക്കാനായില്ല. ബ്രസീലിന്റെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് അടിച്ചുകയറ്റിയ ഗോൾ. ഇതോടെ ജപ്പാൻ 1 ബ്രസീൽ 0. ഗോൾ വഴങ്ങിയതോടെ ആദ്യ പകുതിയിൽ തന്നെ സമനില പിടിക്കാനുള്ള നീക്കങ്ങൾ ബ്രസീൽ തുടങ്ങിയിരുന്നു. 34–ാം മിനിറ്റിൽ ബ്രൂണോ ഗ്വിമാറെസിന്റെ ക്രോസിൽ വിനീസ്യൂസ് ജൂനിയർ ഗോൾ ശ്രമം നടത്തിയെങ്കിലും ജാപ്പനീസ് ഗോൾ കീപ്പർ വീണ്ടും രക്ഷകനായി. പിന്നാലെ ലുകാസ് പകെറ്റയും മതിയൂസ് കുഞ്ഞയും ഗോൾ നീക്കങ്ങളുമായി മുന്നേറിയപ്പോഴും ആദ്യ പകുതിയിൽ ജപ്പാൻ ഗോൾ വഴങ്ങാതെ രക്ഷപെട്ടു.

ബ്രസീൽ – ജപ്പാൻ മത്സരത്തിൽ നിന്ന്. (AP Photo/Eric Smith)

ബ്രസീൽ – ജപ്പാൻ മത്സരത്തിൽ നിന്ന്. (AP Photo/Eric Smith)

രണ്ടാം പകുതിയിൽ തിരിച്ചടി

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലുകാസ് പക്വെറ്റയെ പിൻവലിച്ച ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി പകരക്കാരനായി യുവതാരം എൻഡ്രിക്കിനെ ഗ്രൗണ്ടിലിറക്കി. ബ്രസീൽ മധ്യനിരയില്‍നിന്ന് പന്ത് തട്ടിയെടുത്തു മുന്നിലേക്കു കുതിച്ച ഡൈസൻ മയേദയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് 48–ാം മിനിറ്റിൽ ബ്രസീൽ താരം ഡനിലോ യെല്ലോ കാർഡ് കണ്ടു. 52–ാം മിനിറ്റിൽ ജാപ്പനീസ് ഗോൾ ഏരിയയിൽ പന്തു ലഭിച്ച ബ്രൂണോ ഗ്വിമാറെസ് തകർപ്പനൊരു ഹെഡറിലൂടെ ലക്ഷ്യം കാണാൻ ശ്രമിച്ചു. എന്നാൽ സുസുക്കിയുടെ അതിലും മികച്ച സേവ് രക്ഷയായി. തൊട്ടുപിന്നാലെ കാസെമിറോയുടെ ഗോൾ ശ്രമവും ഗോൾ പോസ്റ്റിനു മുന്നിലെ കൂട്ടപ്പൊരിച്ചിനൊടുവിൽ ജപ്പാൻ പ്രതിരോധിച്ചു. ഗോൾ ലൈനില്‍ വച്ച് ടോമിയാസുവും റീബൗണ്ടിൽ ഗോൾ കീപ്പർ സുസുക്കിയുമാണ് പന്തു തടുത്തിട്ടത്. തുടർച്ചയായുള്ള ബ്രസീലിയന്‍ ആക്രമണങ്ങളിൽ വലഞ്ഞ ജപ്പാന് 56–ാം മിനിറ്റിൽ പിഴവു സംഭവിച്ചു. ഗബ്രിയേൽ മഗാൽഹേസ് ഗോൾ ഏരിയയിലേക്ക് ഉയർത്തി നൽകിയ പന്തിൽ തലവച്ച് ഗോളടിച്ചത് കാസെമിറോ. ഇത്തവണ ഗോളി സുസുക്കിക്കും ജപ്പാനെ രക്ഷിക്കാനായില്ല. ജാപ്പനീസ് പ്രതിരോധ താരങ്ങളുടെ ഉയരക്കുറവ് മുതലെടുത്താണ് കാസെമിറോ ബ്രസീലിനെ ഒപ്പമെത്തിച്ചത്. സ്കോർ 1–1. സമനില പിടിച്ചതോടെ ആദ്യമായി മത്സരത്തിൽ ലീഡെടുക്കാനായി ബ്രസീലിന്റെ ശ്രമങ്ങൾ.

58–ാം മിനിറ്റിൽ വിനിസ്യൂസ് ജൂനിയറിന്റെ ഷോട്ട്, ജാപ്പനീസ് ഗോൾ കീപ്പറുടെ കയ്യിലും പോസ്റ്റിലും തട്ടിയാണു പുറത്തേക്കു പോയത്. കൗണ്ടർ ആക്രമണങ്ങളിൽ അതിവേഗ നീക്കങ്ങളുമായി ജപ്പാനും രണ്ടാം ഗോളിനായി സമ്മർദം ശക്തമാക്കിക്കൊണ്ടിരുന്നു. 64–ാം പന്തിൽ പന്തുമായി ബ്രസീൽ ബോക്സിലേക്ക് ഇരച്ചെത്തിയ അയാസെ ഉഡയുടെ ഷോട്ട് ബ്രസീൽ ഗോളി അലിസൻ ബക്കർ പിടിച്ചെടുത്തു. 65–ാം മിനിറ്റിൽ മതിയൂസ് കുഞ്ഞയെ പിൻവലിച്ച് ഗബ്രിയേൽ മാർട്ടിനെല്ലിയെ ബ്രസീൽ ഇറക്കി. പിന്നാലെ ജപ്പാൻ രണ്ട് സബ്സ്റ്റിറ്റ്യൂഷനുകൾ പരീക്ഷിച്ചു. ജുന്നുസുകെ സുസുക്കിയും യുകിനാരി സുഗാവരയും കളത്തിലിറങ്ങി. രണ്ടാം പകുതിയിൽ 70 മിനിറ്റ് വരെ ബ്രസീലിന്റെ തുടർ ആക്രമണങ്ങളായിരുന്നു. പക്ഷേ ലീഡ് വഴങ്ങാതെ ജപ്പാൻ പിടിച്ചുനിന്നു. 78–ാം മിനിറ്റിൽ അയോ ടനാകയെയും ഷുട്ടോ മചിനോയെയും കളത്തിലിറക്കിയ ജപ്പാൻ, അവസാന മിനിറ്റുകളിൽ വേഗമാർന്ന നീക്കങ്ങൾ ആരംഭിച്ചു. 84–ാം മിനിറ്റിൽ ബ്രസീൽ താരം ഡാനിലോയെ വീഴ്ത്തിയതിന് ജുന്നൊസുകെ സുസുക്കി യെല്ലോ കാർഡ് കണ്ടു. പിന്നാലെ റയാൻ എടുത്ത ഫ്രീകിക്കും അതിനു പിന്നാലെ ലഭിച്ച കോർണറും ലക്ഷ്യത്തിലെത്തിക്കാൻ ബ്രസീലിനു സാധിച്ചില്ല. അവസാന മിനിറ്റുകളിൽ ബ്രസീലിനു തുടർച്ചയായി ലഭിക്കുന്ന സെറ്റ്പീസുകൾ ജപ്പാനെ കുറച്ചൊന്നുമല്ല സമ്മർദത്തിലാക്കിയത്. രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് ഇൻജറി ടൈമായി റഫറി അനുവദിച്ചത്. 90+5–ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു. അപകടകരമായ പൊസിഷനിൽനിന്ന് പന്തു ലഭിച്ച റയാൻ, ബ്രൂണോ ഗ്വിമെറസിനും അവിടെനിന്നു പകരക്കാരൻ മാർട്ടിനെല്ലിക്കും പന്തു നല്‍കി. ഒരു ടച്ചിനു ശേഷം ജാപ്പനീസ് ബോക്സിന്റെ മൂലയിലേക്ക് ബ്രസീൽ താരം ലക്ഷ്യമിട്ടു. ജാപ്പനീസ് ഗോളി സുസുക്കി പരമാവധി ഡൈവ് ചെയ്തിട്ടും സേവ് സാധ്യമായില്ല. ഇതോടെ ബ്രസീൽ 2–1ന് മുന്നിൽ. പിന്നാലെ റഫറി ഫുൾടൈം വിസിൽ മുഴക്കി. പ്രീക്വാർട്ടറിൽ ഐവറികോസ്റ്റ് നോർവെ പോരാട്ടത്തിലെ വിജയികളാണ് ബ്രസീലിന്റെ എതിരാളികൾ. നോക്കൗട്ടിലെ ദൗർഭാഗ്യത്തെ ഒരിക്കൽകൂടി പഴിച്ച് ജപ്പാന് നാട്ടിലേക്കു മടങ്ങാം.

English Summary:

Brazil defeated Japan 2-1 successful a thrilling match, with precocious goals from Casemiro and Gabriel Martinelli securing their quarter-final spot. Despite an aboriginal setback and a bold prediction from Japanese guardant Kento Shogai astir Neymar's form, Brazil showed their resilience and yet prevailed.

Read Entire Article