‘നോ, നോ, നോ ! സഞ്ജു സാംസൺ അടുത്ത ധോണി ആകേണ്ടതില്ല’: ഗംഭീർ പറഞ്ഞത് വെളിപ്പെടുത്തി ശശി തരൂർ

2 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: March 20, 2026 05:47 PM IST Updated: March 20, 2026 06:27 PM IST

2 minute Read

 X/@ReplySensei)
എം.എസ്.ധോണിയും സഞ്ജു സാംസണും (ഫയൽ ചിത്രം: X/@ReplySensei)

ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ മലയാളി സഞ്ജു സാംസണെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ ഒരിക്കൽ പറഞ്ഞത് വെളിപ്പെടുത്തി കോൺഗ്രസ് എംപി ശശി തരൂർ. പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ തുറന്നുപറച്ചിൽ. ‘‘സഞ്ജു സാംസൺ അടുത്ത എം.എസ്.ധോണി ആകേണ്ടതില്ല, പകരം അദ്ദേഹം ‘ഒരേയൊരു സഞ്ജു സാംസൺ’ ആയിരിക്കും’’ എന്നാണ് ഗംഭീർ പറഞ്ഞതെന്ന് തരൂർ പറഞ്ഞു. സഞ്ജു അടുത്ത ധോണി ആകുമെന്ന് താൻ നേരത്തെ പറഞ്ഞ കാര്യം ഓർമിപ്പിച്ചപ്പോഴായിരുന്നു ഗംഭീറിന്റെ ഈ മറുപടിയെന്ന് തരൂർ അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു ക്ലബ് ക്രിക്കറ്ററായി കരിയർ തുടങ്ങിയ കാലം മുതൽ സഞ്ജുവിനെ പിന്തുണയ്ക്കുന്ന തരൂർ, ക്രിക്കറ്റ് താരം എന്ന നിലയിലുള്ള സഞ്ജുവിന്റെ നേട്ടങ്ങളിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് പറഞ്ഞു.

‘‘സഞ്ജുവിന് 14 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. ഒരു യുവ ക്ലബ് ക്രിക്കറ്ററായിരുന്നു അവൻ; മുഖത്ത് വലിയൊരു പുഞ്ചിരിയുള്ള ചെറിയ പയ്യൻ. അന്ന് മെലിഞ്ഞ രൂപമായിരുന്നെങ്കിലും നല്ല കരുത്തുണ്ടായിരുന്നു. മികച്ച പ്രതിഭയായിരുന്നു അവൻ, അന്ന് തന്നെ വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങും ഒരേപോലെ ചെയ്തിരുന്നു. സഞ്ജു അടുത്ത ധോണി ആകുമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം അക്കാര്യം ഓർത്തെടുത്തപ്പോൾ, എന്റെ സുഹൃത്ത് ഗൗതം ഗംഭീർ പറഞ്ഞു: ‘അല്ല, അല്ല, അല്ല, അവൻ അടുത്ത ധോണി ആകേണ്ടതില്ല, അവൻ ഒരേയൊരു സഞ്ജു സാംസൺ ആയിരിക്കും’. ഇപ്പോൾ അവൻ അത്തരത്തിൽ തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്.’’– തരൂർ പിടിഐയോട് പറഞ്ഞു.

വളരെ വിനീതനും സമാധാനപ്രിയനും ആർഭാടങ്ങൾ ഇഷ്ടമില്ലാത്തയാളുമാണ് സഞ്ജുവെന്ന് തിരുവനന്തപുരം എംപിയായ തരൂർ പറഞ്ഞു. ‘‘അദ്ദേഹത്തിന്റെ കരിയറിലെ തിരിച്ചടികളിലും കഷ്ടപ്പാടുകളിലും ഞാൻ അദ്ദേഹത്തോടൊപ്പം നിന്നിട്ടുണ്ട്. അദ്ദേഹത്തിന് തന്റെ മനസ്സിനെ ഒന്ന് പാകപ്പെടുത്താൻ സാധിച്ചാൽ എല്ലാം ശരിയാകുമെന്ന് എനിക്ക് തോന്നിയിരുന്നു. ആ കഴിവ് എപ്പോഴും അദ്ദേഹത്തിൽ ഉണ്ടായിരുന്നു. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ ഒരു കാര്യം കണ്ടു. കളി തുടങ്ങിയ നിമിഷം തന്നെ ഞാൻ പറഞ്ഞു, ‘ഇന്ന് ഇയാൾ ഔട്ട് ആകില്ല’. പിന്നീട് ഞാൻ ഇത് അദ്ദേഹത്തോടും പറഞ്ഞു. ഞാൻ ടിവിയിലാണ് കളി കണ്ടതെങ്കിലും ആ കണ്ണുകളിലെ തിളക്കം കാണാമായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ശാന്തതയുണ്ടായിരുന്നു. ആ മത്സരത്തിൽ 97 റൺസെടുത്ത് പുറത്താകാതെ അദ്ദേഹം നിന്നു.’’– തരൂർ പറഞ്ഞു.

തുടർന്നുള്ള സെമി ഫൈനലിലും ഫൈനലിലും 89 റൺസ് വീതം നേടിയ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചു തരൂർ വിശദീകരിച്ചു. ‘‘രണ്ട് ഇന്നിങ്സുകളിലും ടീമിന് വേണ്ടിയുള്ള നിസ്വാർഥമായ ബാറ്റിങ്ങിലാണ് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമായത്. 89 റൺസ് എത്തിയപ്പോൾ 100 തികയ്ക്കാൻ വേണ്ടി പതുക്കെ കളിച്ച് സിംഗിളുകളോ ഒരു ഫോറോ ഒക്കെ അടിച്ച് മുന്നോട്ട് പോകാമായിരുന്നു. എന്നാൽ ടീമിന് വേഗത്തിൽ റൺസ് ആവശ്യമാണെന്ന് തോന്നിയപ്പോൾ അദ്ദേഹം വലിയ ഷോട്ടുകൾക്ക് മുതിർന്നു. അതാണ് സഞ്ജു. അദ്ദേഹം നിസ്വാർഥനാണ്, കഴിപ്പുള്ളവനാണ്, സമർപ്പണബോധമുള്ളവനാണ്. അദ്ദേഹത്തിന് ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്, ഭാഗ്യക്കേടുകളും ഉണ്ടായിട്ടുണ്ട്. ഒരു ഏകദിന മത്സരത്തിൽ സെഞ്ചറി നേടിയിട്ടും തൊട്ടടുത്ത മത്സരത്തിൽ അദ്ദേഹത്തെ ഒഴിവാക്കിയത് ഞാൻ ഓർക്കുന്നു.’’– തരൂർ പറഞ്ഞു.

ചില സമയങ്ങളിൽ സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായ അസ്ഥിരത മൂലം ടീമിൽ നിന്നുള്ള ഒഴിവാക്കലുകൾ ന്യായീകരിക്കപ്പെട്ടേക്കാം എങ്കിലും ഒട്ടേറെ അനീതികളും സഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തരൂർ പറഞ്ഞു. ‘‘ഒരു ലോകകപ്പിലെ തുടർച്ചയായ മൂന്ന് ഇന്നിങ്സുകൾ നോക്കൂ, അതാണ് സ്ഥിരത. ഏകദിനത്തിലും ട്വന്റി20യിലും അദ്ദേഹം വലിയ വേദികളിൽ പ്രകടനം തുടരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെങ്കിലും ഒരു ടെസ്റ്റ് മത്സരത്തിലും അദ്ദേഹം കളിക്കണം. കാരണം അത്തരമൊരു പ്രതിഭയ്ക്ക് കളിയുടെ എല്ലാ ഫോർമാറ്റുകളിലും പൂർണമായ പ്രകടനം കാഴ്ചവയ്ക്കാൻ അർഹതയുണ്ട്.’’– തരൂർ കൂട്ടിച്ചേർത്തു.

English Summary:

Sanju Samson was named Player of the Tournament astatine the T20 World Cup, a designation highlighted by Congress MP Shashi Tharoor. Tharoor revealed that Indian cricket squad manager Gautam Gambhir stated Samson should not beryllium the 'next MS Dhoni' but alternatively 'the 1 and lone Sanju Samson'.

Read Entire Article