‘നോ റൺ, നോ റൺ’, രോഹിത് പകുതിയെത്തിയിട്ടും ഓടാതെ ക്യാപ്റ്റൻ ഗിൽ, പുറത്തായി രോഷത്തോടെ മടക്കം- വിഡിയോ

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: June 13, 2026 11:29 PM IST

1 minute Read

 Arun Shankar/AFP
മത്സരത്തിനിടെ രോഹിത് ശർമയ്ക്കു പരുക്കേറ്റപ്പോൾ. Photo: Arun Shankar/AFP

ധരംശാല∙ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിനിടെ ദൗർഭാഗ്യകരമായി പുറത്തായി മടങ്ങി സൂപ്പർ താരം രോഹിത് ശർമ. മത്സരത്തിൽ 16 പന്തുകൾ നേരിട്ട രോഹിത് 16 റൺസെടുത്താണു മടങ്ങിയത്. ആറാം ഓവറിൽ മുഹമ്മദ് ഗസൻഫറിന്റെ പന്തില്‍ രോഹിത് റണ്‍ഔട്ടാക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും തമ്മിലുള്ള ആശയക്കുഴപ്പമാണ് താരത്തിന്റെ പുറത്താകലിലേക്കു നയിച്ചത്. മത്സരത്തിന്റെ ആറാം ഓവറിലെ നാലാം പന്തിൽ രോഹിത് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട ശേഷം ഓടാൻ ശ്രമിക്കുകയായിരുന്നു. ഫീൽഡർ റാഷിദ് ഖാൻ തൊട്ടടുത്ത് ഉണ്ടായിരുന്നു. എന്നാൽ രോഹിത് മുന്നോട്ടു കുതിച്ചു.

നോൺ സ്ട്രൈക്കറായിരുന്ന ഗില്‍ ‘നോ റൺ’ എന്ന് അലറിയിട്ടും രോഹിത് പിൻമാറാൻ‍ കൂട്ടാക്കിയില്ല. അഫ്ഗാൻ ബോളർ മുന്നിൽ കയറി നിന്നതോടെയാണ് ഗില്ലിനു ഓടാൻ സാധിക്കാതെ പോയത്. അതിവേഗം പന്തെടുത്ത റാഷിദ് ഖാൻ വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് കൈമാറി. രോഹിത് തിരികെയോടി ക്രീസിലേക്ക് ഡൈവ് ചെയ്തെങ്കിലും റഹ്മാനുല്ല ബെയ്ൽസ് ഇളക്കിയിരുന്നു. ഇതോടെ അസ്വസ്ഥനായ രോഹിത് ശർമ രോഷം പ്രകടിപ്പിച്ചാണു ഗ്രൗണ്ട് വിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

രോഹിത് പെട്ടെന്നു പുറത്തായെങ്കിലും മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. മഴ കാരണം മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 24.5 ഓവറിൽ 194 റൺസടിച്ചു പുറത്തായി. സെഞ്ചറി നേടിയ ഓപ്പണർ റഹ്മാനുല്ല ഗുർബാസാണ് അഫ്ഗാൻ ഇന്നിങ്സിന്റെ നട്ടെല്ല്. 51 പന്തുകളിൽ 102 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 22.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നതോടെയാണ് ഇന്ത്യ അനായാസം വിജയത്തിലെത്തിയത്. 66 പന്തുകൾ നേരിട്ട ഗിൽ 84 റൺസടിച്ചു. 19 പന്തിൽ 39 റൺസെടുത്തു പുറത്താകാതെനിന്ന കെ.എൽ. രാഹുലും 22 പന്തിൽ 34 റൺസ് നേടിയ ഇഷാൻ കിഷനും ഇന്ത്യൻ നിരയിൽ തിളങ്ങി.

English Summary:

Rohit Sharma's Unfortunate Run Out successful Afghanistan ODI

Read Entire Article