Published: July 05, 2026 10:37 AM IST
1 minute Read
തോറ്റുപോകുന്നുവെങ്കിൽ കാബോ വെർദെയെ പോലെ തോൽക്കണം. ജയിച്ചവരെ മറന്നാലും ഈ തോറ്റവർ ഓർമിക്കപ്പെടും. കർണൻ, നെപ്പോളിയൻ, ഭഗത് സിങ് എന്ന ക്രമത്തിൽ പോരാട്ടവീര്യത്തിന് ഉദാഹരണമായി തലമുറകൾ പാടിനടക്കും. വിജയം നേടിയില്ലെങ്കിലും ഹൃദയം നേടിയതായി എല്ലാവരും സമ്മതിക്കും. ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമായി വാഴ്ത്തപ്പെടും. ചെറിയ ദ്വീപിൽനിന്നു വലിയ സ്വപ്നങ്ങളുമായി വന്ന കാബോ വെർദെ, പല നാടുകളിലെ മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ചു മടങ്ങുന്നു. എല്ലാ ലോകകപ്പുകളിലും പരാമർശിക്കപ്പെടാറുള്ള കറുത്ത കുതിരകൾ എന്ന പ്രയോഗം കാബോ വെർദെക്കു ചേരില്ല. അവരുടേതു പതിവുകഥയല്ല.
സ്പാം കോൾ
5.30 ലക്ഷം ജനങ്ങളുള്ള ചെറിയ ദ്വീപസമൂഹത്തിന് ഇടുക്കി ജില്ലയുടെ വലുപ്പം പോലുമില്ല. പോർച്ചുഗീസ് ആണ് ഔദ്യോഗിക ഭാഷ. സംസാരഭാഷ കാബോ വെർദിയൻ ക്രിയോൾ. 1975ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് ഒരു ദേശീയ ഫുട്ബോൾ ടീം ഉണ്ടാകുന്നതു തന്നെ. എട്ടു വർഷം മുൻപു പരിശീലകൻ റൂയി അഗ്വാസ്, ദ്വീപിൽ വേരുകളുള്ള ഫുട്ബോളർമാരെ പല രാജ്യങ്ങളിൽ നിന്നു ദേശീയ ടീമിലെത്തിക്കാൻ തീരുമാനിച്ചിടത്തു നിന്നാണവരുടെ തലവര മാറുന്നത്.
What you should work next
പ്രഫഷനൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്ഫോം ആയ ലിങ്ക്ഡ്ഇനിലൂടെയായിരുന്നു പലരെയും റിക്രൂട്ട് ചെയ്തത്. നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ജീവിക്കുന്ന, ദ്വീപുമായി ബന്ധമുള്ളവരെ തേടിപ്പിടിച്ചു മെസേജ് അയയ്ക്കുന്നതായിരുന്നു രീതി. ഡിഫൻഡർ റോബർട്ടോ ലോപ്പസിന് ഇത്തരമൊരു മെസേജ് ലഭിച്ചപ്പോൾ സ്പാം ആണെന്നു കരുതി ആദ്യം അവഗണിച്ചു വിട്ടു. കാരണം, ഇൻഷുറൻസ് കൺസൽറ്റന്റ് കൂടിയായ അഗ്വാസിന്റെ നമ്പർ പലരും സ്പാം ആയി റിപ്പോർട്ട് ചെയ്തിരുന്നു! പിന്നീടാണു ദേശീയ ടീമിലേക്കുള്ള വിളിയാണെന്നു ലോപ്പസിനു വ്യക്തമായത്. സ്പോൺസർ ഇല്ലാതെ, യാത്രച്ചെലവുകൾക്കും കളിയുപകരണങ്ങൾക്കും പണമില്ലാതെ വലയേണ്ടി വന്നു. കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുപോരാനാകാതെ വിഷമിക്കേണ്ടി വന്നു. നോക്കൗട്ട് കളിച്ചതിനു ഫിഫയിൽ നിന്നു ലഭിക്കുന്ന 11 ദശലക്ഷം ഡോളറിന്റെ പ്രൈസ്മണി ആ രാജ്യത്തിന്റെ ജിഡിപിയുടെ 0.3% ആണ്!
അട്ടിമറി വീരന്മാർ
ലോകകപ്പിനു യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്നതിൽ കവിഞ്ഞ പ്രത്യേകതകളൊന്നുമില്ലാത്ത ദുർബലരെന്ന ഇമേജ് പൊളിക്കാൻ കാബോ വെർദെക്ക് ആദ്യ മത്സരം തന്നെ ധാരാളമായിരുന്നു. കിരീടം പിടിക്കാനെത്തിയ സ്പെയിനെതിരെ ഗോൾരഹിത സമനില. യുറഗ്വായെ 2–2നും സൗദിയെ 0–0നും പിടിച്ചുകെട്ടി. 40ാം വയസ്സിൽ ലോകകപ്പ് അരങ്ങേറ്റം നടത്തി ലെജൻഡ് ആയി മടങ്ങുന്ന ഗോൾകീപ്പർ വൊസീഞ്ഞയായിരുന്നു ടീമിന്റെ മുഖം. ലോക ചാംപ്യന്മാരായ അർജന്റീനയ്ക്കെതിരെ നോക്കൗട്ടിലെ എല്ലാ നിമിഷങ്ങളും ‘ഹൈലൈറ്റ്സ്’ ആയി മാറി. അർജന്റീന തോൽക്കാനിടയുണ്ടെന്നു കടുത്ത ആരാധകർ പോലും ഭയന്നുപോകുന്ന വിധം തീപാറുന്ന മുന്നേറ്റങ്ങളും അവിശ്വസനീയ സേവുകളും. ടാക്ടിക്കൽ ഡിസിപ്ലിനും ഫ്ലെക്സിബിലിറ്റിയും സ്റ്റാമിനയും നിറഞ്ഞ പ്രതിരോധനിര അർജന്റീനയെ പെനൽറ്റി ബോക്സിൽ ഞെരുക്കി ശ്വാസംമുട്ടിച്ചു. സിഡ്നി ലോപ്പസ് കബ്രാലിന്റെ ഫ്രീകിക്ക് ഗോൾ മായാത്ത മായക്കാഴ്ചയായി. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം വരെ അവർ ആയുധം താഴെവച്ചില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ആഹ്ലാദമായിരുന്നില്ല, ജീവൻ നിലനിർത്താനായതിന്റെ ആശ്വാസമായിരുന്നു അർജന്റീനക്കാരുടെ മുഖങ്ങളിൽ. തോൽവിയുടെ കണ്ണുനീരിനിടയിലും കാബോ വെർദെ ആരാധകർ പാടിയ പാട്ടിന്റെ വരികൾ ലോകം മുഴുവൻ അലതല്ലി: ‘സ്വപ്നങ്ങളെ പിന്തുടരൂ, നാം നക്ഷത്രങ്ങളിലെത്തും.’ ശരിയാണ്, അവർ നക്ഷത്രങ്ങളിലെത്തിക്കഴിഞ്ഞിരിക്കുന്നു.
English Summary:





English (US) ·