നോക്കൗട്ട് ത്രില്ലർ അല്ല, ഇത് സ്പാനിഷ് ആധിപത്യം; ഒന്നും ചെയ്യാനാകാതെ ഓസ്ട്രിയ, വമ്പൻ വിജയം

2 weeks ago 3

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: July 03, 2026 12:14 AM IST Updated: July 03, 2026 09:26 AM IST

2 minute Read

FBL-WC-2026-MATCH84-ESP-AUT
ഗോൾ നേട്ടം ആഘോഷിക്കുന്ന സ്പാനിഷ് താരം മികേൽ ഒയർസബാൽ. Photo by ETIENNE LAURENT / AFP

ലൊസാഞ്ചലസ്∙ ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തെറിഞ്ഞ് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് സ്പെയിൻ. മികേല്‍ ഒയർസബാലിന്റെ ഇരട്ട ഗോളുകളും (36,86), പെഡ്രോ പൊറോയുടെ ഗോളുമാണ് (66) സ്പെയിന് അനായാസ വിജയം നേടിക്കൊടുത്തത്. പ്രീക്വാർട്ടറിൽ പോർച്ചുഗലിനെ സ്പെയിൻ നേരിടും. മത്സരത്തിന്റെ ഇരു പകുതികളിലും ഓസ്ട്രിയയ്ക്കെതിരെ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 22 ഗോൾ ശ്രമങ്ങളും 10 ഓൺടാർഗറ്റ് ഷോട്ടുകളുമാണ് ലൊസാഞ്ചലസിൽ പരീക്ഷിച്ചത്. അതേസമയം ഓസ്ട്രിയയ്ക്ക് ഒരു ഓൺടാർഗറ്റ് ഷോട്ട് പോലുമില്ല.

What you should work next

സ്പാനിഷ് ആധിപത്യം, ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിൽ

മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്പെയിനിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. സ്പെയിൻ 11 ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി പായിച്ചപ്പോൾ, രണ്ടെണ്ണം മാത്രമായിരുന്നു ഓസ്ട്രിയയുടെ മറുപടി. സ്പാനിഷ് താരം ലമീൻ യമാലിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ബോക്സിനു പുറത്തുനിന്നും പന്തു ലഭിച്ച യമാൽ തകർപ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയ ഗോൾ കീപ്പർ തടഞ്ഞിട്ടു. പിന്നാലെ സ്പാനിഷ് താരങ്ങളായ ദാനി ഓൽമോയുടെയും അയ്മെറിക് ലപോർട്ടയുടെയും ഗോൾ ശ്രമങ്ങളും ലക്ഷ്യത്തിലെത്താതെ പോയി. മത്സരത്തിന്റെ പത്തു മിനിറ്റുകൾ പിന്നിട്ടപ്പോൾ ഭൂരിഭാഗം സമയവും പന്ത് ഓസ്ട്രിയയുടെ ബോക്സിനകത്തായിരുന്നു. സ്പാനിഷ് താരങ്ങൾ ശക്തമായ പ്രസിങ്ങിലൂടെ എപ്പോൾ വേണമെങ്കിലും ഗോൾ വീഴാമെന്നു തോന്നിച്ച ഘട്ടമായിരുന്നു അത്. എന്നാൽ അധികം വൈകാതെ ഓസ്ട്രിയയും മത്സരത്തിലേക്കു തിരിച്ചെത്തി. ഹൈഡ്രേഷൻ ബ്രേക്കിനു മുൻപ് സ്പാനിഷ് ബോക്സിലേക്ക് ഒന്നിലേറെ നീക്കങ്ങൾ നടത്താൻ സാധിച്ചു. 29–ാം മിനിറ്റിൽ സ്പെയിനു വേണ്ടി മാർക് കുകുറെല വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. സ്പാനിഷ് താരത്തിന്റെ ഫൗളിൽ ഓസ്ട്രിയൻ ഗോളി അലക്സാണ്ടർ ഷ്ലാഗർ വീണതോടെയാണു റഫറിയുടെ നടപടി. തൊട്ടുപിന്നാലെ ബോക്സിനകത്തുനിന്നു പന്തു ലഭിച്ച ഒയർസബാൽ തകർപ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും അലക്സാണ്ടർ ഷ്ലാഗർ തട്ടിമാറ്റി.

FBL-WC-2026-MATCH84-ESP-AUT

സ്പാനിഷ് താരം ലമീൻ യമാലിന്റെ മുന്നേറ്റം. Photo by MICHAEL STEELE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

ആദ്യപകുതിയുടെ 36–ാം മിനിറ്റിൽ സ്പെയിൻ ലീഡെടുത്തു. ഓസ്ട്രിയ ബോക്സിന്റെ ഇടതു മൂലയിൽനിന്ന് മാർക് കുകുറെല നൽകിയ നിർണായക ക്രോസിലാണ് സ്പെയിനിന്റെ ആദ്യ ഗോൾ വന്നത്. ബോക്സിൽ പന്തു ലഭിച്ച ഒയർസബാൽ, സമ്മർദങ്ങളില്ലാതെ പന്തു വലയിലെത്തിച്ചു. ഈ ലോകകപ്പിൽ താരത്തിന്റെ മൂന്നാം ഗോളാണിത്. സ്കോർ 1–0. ആദ്യ ഗോൾ നേടിയ ശേഷവും ഓസ്ട്രിയൻ ബോക്സിലേക്കു പന്തുമായി നിരന്തരമെത്താൻ സ്പെയിനു സാധിച്ചു. 38–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നു ലമീൻ യമാൽ എടുത്ത ഷോട്ട്, ഓസ്ട്രിയൻ ഗോളി ഷ്ലാഗർ പിടിച്ചെടുത്തു. പിന്നാലെ അയ്മെറിക് ലപോർട്ടെയും മികേൽ ഒയർസബാലും നടത്തിയ ഗോൾ നീക്കങ്ങൾ ലക്ഷ്യം കണ്ടില്ല. 45–ാം മിനിറ്റിൽ ഓസ്ട്രിയൻ താരം മിച്ചൽ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്സിലെത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തി. ഇന്‍ജറി ടൈമിൽ ഓസ്ട്രിയയുടെ സ്റ്റെഫാൻ പോഷിന്റെ ഫൗളിൽ സ്പെയിന് അനുകൂലമായി ഫ്രീകിക്ക്. അലക്സ് ബെനയുടെ കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. റീബൗണ്ടിൽ ബോക്സിൽനിന്ന് ലമീൻ യമാൽ തകർപ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയൻ ഗോളി വീണ്ടും രക്ഷകനായി. ഹാഫ് ടൈം വിസിൽ മുഴങ്ങിയതോടെ സ്പെയിൻ 1, ഓസ്ട്രിയ 0.

FBL-WC-2026-MATCH84-ESP-AUT

സ്പാനിഷ് താരങ്ങളുടെ വിജയാഘോഷം. Photo by MICHAEL STEELE / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

രണ്ടാം പകുതിയിൽ പെഡ്രോ പോറോയും ഒയർസബാലും

സ്പാനിഷ് താരങ്ങള്‍ക്കെതിരെ ഓസ്ട്രിയയുടെ ഫൗളുകളുമായാണ് രണ്ടാം പകുതിക്കു തുടക്കമാകുന്നത്. 49–ാം മിനിറ്റിൽ പെനാൽറ്റി ഏരിയയുടെ എഡ്ജിൽനിന്ന് സ്പാനിഷ് താരം ഒയർസബാൽ എടുത്ത ഷോട്ട് ഓസ്ട്രിയൻ ഗോളി ഷ്ലാഗർ അനായാസം കയ്യിലൊതുക്കി. പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ ഓസ്ട്രിയൻ താരം സാഷ കലാസിച്ച്, സബിറ്റ്സറിന്റെ ക്രോസിൽനിന്നു തകർപ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും, ബാറിനു മുകളിലൂടെ പന്തു പുറത്തേക്കുപോയി. 66–ാം മിനിറ്റിൽ പെദ്രോ പൊറോ സ്പെയിനിന്റെ ലീഡ് രണ്ടാക്കി. ഇടതു വിങ്ങിൽനിന്ന് അലക്സ് ബെന നൽകിയ ക്രോസിൽ തല വച്ചാണ് പൊറോ സ്പാനിഷ് ജഴ്സിയിലെ ആദ്യ ഗോള്‍ നേടിയത്. 71–ാം മിനിറ്റിൽ അലക്സ് ബെനയെ പിൻവലിച്ച സ്പെയിൻ ഫെറാൻ ടോറസിനെ കളത്തിലിറക്കി.

What you should work next

79–ാം മിനിറ്റിൽ ഓസ്ട്രിയൻ മധ്യനിര ഏറെ നേരം കഠിനാധ്വാനം ചെയ്ത ശേഷം, സ്പാനിഷ് പ്രതിരോധത്തെ കീറിമുറിച്ച് പന്ത് ബോക്സിലെത്തി. എന്നാൽ ഫൈനൽ തേർഡിൽ കാർണി ചുക്‌വുമെകയുടെ ഷോട്ട് സ്പാനിഷ് ഗോൾ പോസ്റ്റിൽ ഒരു ഭീഷണിയുമുയർത്താതെ പുറത്തേക്കുപോയി. 82–ാം മിനിറ്റിൽ ഓസ്ട്രിയൻ താരം സ്റ്റെഫാൻ പോഷ് പന്തുമായി മുന്നിലെത്തിയെങ്കിലും സ്പാനിഷ് പ്രതിരോധ താരം മാർക് കുകുറെല ഹെഡ് ചെയ്ത് ഭീഷണി ഒഴിവാക്കി. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോഴാണ് സ്പെയിൻ മൂന്നാമത്തെ ഗോളടിക്കുന്നത്. മാര്‍ക് കുകുറെലയുടെ അളന്നു മുറിച്ച ക്രോസില്‍, പോസ്റ്റിലേക്കു ലക്ഷ്യമിട്ടത് മികേൽ ഒയർസബാൽ. സ്കോർ 3–0. ആറു മിനിറ്റ് ഇൻജറി ടൈമിലും ഓസ്ട്രിയയ്ക്ക് മറുപടിയൊന്നുമില്ലാതിരുന്നതോടെ 3–0ന് വിജയിച്ച് സ്പെയിൻ പ്രീക്വാർട്ടറിൽ.

English Summary:

FIFA World Cup 2026, Spain vs Austria Match Live Updates

Read Entire Article