Published: February 14, 2026 10:56 PM IST Updated: February 15, 2026 07:52 AM IST
1 minute Read
അഹമ്മദാബാദ് ∙ വെടിക്കെട്ട് അർധ സെഞ്ചറിയുമായി ക്യാപ്റ്റൻ എയ്ഡൻ മാർക്രം (44 പന്തിൽ 86 നോട്ടൗട്ട്) മുന്നിൽനിന്നു നയിച്ചപ്പോൾ ട്വന്റി20 ലോകകപ്പിൽ സൂപ്പർ 8ൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ന്യൂസീലൻഡിനെ 7 വിക്കറ്റിന് തോൽപിച്ച ദക്ഷിണാഫ്രിക്ക, ഗ്രൂപ്പ് റൗണ്ടിൽ തങ്ങളുടെ മൂന്നാം ജയമാണ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം 17 പന്തുകളും 7 വിക്കറ്റുകളും ബാക്കിനിൽക്കെ അവർ മറികടന്നു. സ്കോർ: ന്യൂസീലൻഡ്– 20 ഓവറിൽ 7ന് 175. ദക്ഷിണാഫ്രിക്ക– 17.1 ഓവറിൽ 3ന് 178. ബോളിങ്ങിൽ 4 വിക്കറ്റുമായി ന്യൂസീലൻഡിന്റെ ടോപ് ഓർഡറിനെ തകർത്ത മാർക്കോ യാൻസനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
പൊരുതാവുന്ന സ്കോറുയർത്തിയെന്ന് ആശ്വസിച്ച ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ്ങിൽ പവർപ്ലേ അവസാനിക്കുന്നതിനു മുൻപേ പരാജയം മണത്തു. ക്വിന്റൻ ഡികോക്കും (14 പന്തിൽ 20) മാർക്രവും ചേർന്ന് ഒന്നാം വിക്കറ്റിൽ 28 പന്തിൽ അടിച്ചെടുത്തത് 62 റൺസ്. പിന്നാലെയെത്തിയ റയാൻ റിക്കൽറ്റൻ (11 പന്തിൽ 21), ഡിയേവാൾഡ് ബ്രെവിസ് (17 പന്തിൽ 21), ഡേവിഡ് മില്ലർ (17 പന്തിൽ 24 നോട്ടൗട്ട്) എന്നിവരുടെ പിന്തുണയോടെ മാർക്രം ടീമിന്റെ വിജയമുറപ്പിച്ചു.
English Summary:







English (US) ·