Published: February 09, 2026 04:59 PM IST
1 minute Read
കൊൽക്കത്ത∙ ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഇറ്റലിക്ക് തോൽവി. സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ 73 റൺസിനാണ് ഇറ്റലിയുടെ പരാജയം. ഇറ്റലി ഉയർത്തിയ 208 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി, 16.4 ഓവറിൽ 134 റൺസിന് ഓൾഔട്ടായി. റൺസ് അടിസ്ഥാനത്തിൽ ഒരു അസോഷ്യേറ്റ് രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് ഇത്. 2014ൽ ഹോങ്കോങ്ങിനെതിരെ നേപ്പാൾ നേടിയ 80 റൺസ് വിജയമാണ് ഒന്നാമത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്‌ലൻഡ്, അർധസെഞ്ചറി നേടിയ ഓപ്പണർ ജോര്‍ജ് മുന്‍സി (54 പന്തിൽ 84), ബ്രണ്ടൻ മക്‌മുല്ലൻ (18 പന്തിൽ 41*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ബെന്‍ മനേറ്റി (31 പന്തിൽ 52), ജെ.ജെ.സ്മട്ട്‌സ് (22), അന്തോണി മോസ്‌ക (13) എന്നിവർ മാത്രമാണ് ഇറ്റലി നിരയിൽ രണ്ടക്കം കടന്നത്. മത്സരത്തിനിടെ പരുക്കേറ്റ ഇറ്റലി ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്‌സെന് ബാറ്റിങ്ങിന് ഇറങ്ങാൻ സാധിക്കാതിരുന്നതും അവർക്കു തിരിച്ചടിയായി. സ്കോട്‌ലൻഡിനു വേണ്ടി മൈക്കൽ ലീസ്ക് നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി.
5 ടീമുകൾ ഉൾപ്പെട്ട യൂറോപ്പ് റീജൻ ഫൈനലിലൂടെ യോഗ്യത നേടിയ ഇറ്റലിയുടെ ആദ്യ ട്വന്റി20 ലോകകപ്പ് മത്സരമായിരുന്നു ഇത്. യോഗ്യതാ റൗണ്ടിൽ സ്കോട്‌ലൻഡിനെ തോൽപ്പിച്ചതാണ് ലോകകപ്പ് പ്രവേശനത്തിൽ ഇറ്റലിക്കു നിർണായകമായത്. അന്ന് ഇറ്റലിക്കു പുറമെ ജഴ്സിയോടും തോറ്റ സ്കോട്‌ലൻഡ് പുറത്താകുകയായിരുന്നു. പിന്നീട് ബംഗ്ലദേശിനെ ലോകകപ്പിൽനിന്ന് ഐസിസി പുറത്താക്കിയതോടെയാണ് അവർക്ക് അവസരം ലഭിച്ചത്. യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ലോകകപ്പ് സാധ്യതകൾ ഇല്ലാതാക്കിയ ഇറ്റലിക്കെതിരായ ജയം സ്കോട്‌ലൻഡിന് മധുരപ്രതികാരമായി. നെതർലൻഡ്സാണ് മേഖലയിൽനിന്ന് യോഗ്യത നേടിയ മറ്റൊരു ടീം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ, നെതർലൻഡ്സ് വിറപ്പിച്ചിരുന്നു.
English Summary:







English (US) ·