Published: August 16, 2026 09:07 AM IST
2 minute Read
ഗോൾ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചറിക്കു പിന്നാലെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ദേവ്ദത്ത് ഇന്ത്യയുടെ അനുഗ്രഹമാണെന്ന് മഞ്ജരേക്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘സ്പിൻ ബോളർമാരെ നേരിടാൻ ഇന്ത്യയ്ക്കു ലഭിച്ച അനുഗ്രഹമാണ് ദേവ്ദത്ത് പടിക്കൽ. പ്രതിരോധത്തിലും ആക്രമണത്തിലും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്.’’– മഞ്ജരേക്കർ വ്യക്തമാക്കി. സായ് സുദർശനു പരുക്കേറ്റതിനാൽ മൂന്നാം നമ്പരിൽ അവസരം ലഭിച്ച ദേവ്ദത്ത് പടിക്കൽ, ഗോളിൽ കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ചറിയാണു സ്വന്തമാക്കിയത്.
What you should work next
‘‘ഇന്ത്യയ്ക്കുണ്ടായ മികച്ച മാറ്റമാണ് ദേവ്ദത്ത് പടിക്കൽ. ദേവ്ദത്ത് പടിക്കൽ സ്പിന്നർമാരെ നേരിടുന്നതു കാണുമ്പോഴാണ് അദ്ദേഹത്തിന്റെ സിലക്ഷൻ എത്ര മികച്ചതാണെന്നു മനസ്സിലാകുന്നത്. സ്പിന്നിനെതിരെ പ്രതിരോധിച്ചു കളിക്കുന്നതും അറ്റാക്കിങ് ഷോട്ടുകൾക്കു ശ്രമിക്കുന്നതും അത്രയും മനോഹരമായാണ്. സായ് സുദർശന്‍ തിരികെ വന്നാലും ദേവ്ദത്ത് പടിക്കലിനെ തന്നെ ഇന്ത്യ മൂന്നാം നമ്പരിൽ കളിപ്പിക്കണം. കാരണം സ്പിന്നർമാരെ അത്രയും ആധിപത്യത്തോടെയാണ് ദേവ്ദത്ത് നേരിടുന്നത്.’’– മഞ്ജരേക്കർ വ്യക്തമാക്കി.
കന്നി രാജ്യാന്തര സെഞ്ചറിയുമായി (131 നോട്ടൗട്ട്) പടനയിച്ച ദേവ്ദത്ത് പടിക്കലിന്റെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ അവസാനിപ്പിച്ചത് 2ന് 288 എന്ന സ്കോറിലാണ്. 27 റൺസുമായി ഋഷഭ് പന്താണ് ദേവ്ദത്തിനൊപ്പം ക്രീസിൽ. 32 റൺസ് നേടിയ യശസ്വി ജയ്സ്വാളിനെയും 16 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയുമാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. സെഞ്ചറിയിലേക്ക് കുതിച്ച കെ.എൽ.രാഹുൽ (77 നോട്ടൗട്ട്) പേശിവലിവിനെ തുടർന്ന് റിട്ടയേഡ് ഹർട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മഴമൂലം 73 ഓവർ മാത്രമാണ് ആദ്യ ദിനം കളി നടന്നത്.
What you should work next
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ച്, ഓപ്പണർമാരായ യശസ്വി ജയ്സ്വാളും കെ.എൽ.രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ആക്രമിച്ചു കളിച്ച ജയ്സ്വാൾ സ്കോറിങ്ങിന് വേഗം നൽകാനാണ് ശ്രമിച്ചത്. 5 ഫോറുകളുമായി ജയ്സ്വാൾ ആക്രമണം നയിച്ചപ്പോൾ രാഹുൽ ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ചു. എന്നാൽ 11–ാം ഓവറിൽ സിംഗിൾ എടുക്കാനുള്ള ശ്രമത്തിനിടെ ജയ്സ്വാൾ (32) റണ്ണൗട്ടായി. മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.
രണ്ടാം സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി മഴ വില്ലനായെത്തി. ഒന്നരമണിക്കൂറോളം മത്സരം തടസ്സപ്പെട്ടു. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ സ്കോറിങ്ങിന്റെ വേഗം കുറച്ച് ശ്രദ്ധയോടെ ബാറ്റ് വീശിയ ദേവ്ദത്ത്, രാഹുലുമായി ചേർന്ന് 150 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. അതിൽ 84 റൺസും ദേവ്ദത്തിന്റെ ബാറ്റിൽനിന്നായിരുന്നു. മറുവശത്ത് ക്ഷമയോടെ ബാറ്റ് വീശിയ രാഹുൽ 127 പന്തിലാണ് അർധ സെഞ്ചറി കുറിച്ചത്. ഇതിനിടെ പേശീവലിവ് അനുഭവപ്പെട്ട രാഹുൽ റിട്ടയേഡ് ഹർട്ടായി മടങ്ങി. പിന്നാലെ ശുഭ്മൻ ഗില്ലുമായി (16) ചേർന്ന് ദേവ്ദത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 62–ാം ഓവറിൽ ലങ്കൻ സ്പിന്നർ പ്രഭാത് ജയസൂര്യയുടെ പന്തിൽ ബൗണ്ടറി നേടാൻ ശ്രമിച്ച ഗില്ലിന് പിഴച്ചു. ടൈമിങ് തെറ്റിയ ഷോട്ട് അവസാനിച്ചത് ലഹിരു ഉദാരയുടെ കയ്യിൽ. തുടർന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേർന്നാണ് ദേവ്ദത്ത് ഇന്ത്യൻ സ്കോർ 288ൽ എത്തിച്ചത്.
സ്പിന്നിനെതിരെ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം മോശമാണെന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു ആദ്യ ദിനം ഗോളിൽ കണ്ടത്. സ്പിൻ കരുത്തിൽ വിശ്വാസമർപ്പിച്ച് കളിക്കാനിറങ്ങിയ ലങ്കയ്ക്ക് ആദ്യ ദിനം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇടംകൈ ബാറ്ററായ പടിക്കലിനെ വീഴ്ത്താൻ ഓഫ്സ്പിന്നർ കേശര നുവന്തയെ ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ലങ്കയുടെ തുറുപ്പുചീട്ടായ പ്രഭാത് ജയസൂര്യയെയും നിലയുറപ്പിക്കാൻ ദേവ്ദത്ത് അനുവദിച്ചില്ല. കൗണ്ടർ അറ്റാക്കിലൂടെ സ്പിന്നർമാർക്കു മേൽ ദേവ്ദത്ത് തുടക്കത്തിലേ നേടിയെടുത്ത ആധിപത്യം ആദ്യ ദിനം ഇന്ത്യയുടെ മേൽക്കൈ ഉറപ്പാക്കി.
English Summary:
Devdutt Padikkal's Maiden International Century Praised by Sanjay Manjrekar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·