Published: September 17, 2026 01:02 PM IST Updated: September 17, 2026 04:42 PM IST
1 minute Read
ശരിക്കും ആ വഴക്കിൽ അവനു വിഷമമുണ്ടായിരുന്നു. പങ്കാളിയുമായി പിണങ്ങുമ്പോൾ ഒറ്റയ്ക്കിരിക്കുകയും ‘ശെടാ, അതു വേണ്ടായിരുന്നു’ എന്നു ചിന്തിക്കുകയും ചെയ്യുന്നത് ആരും ചെയ്യുന്ന കാര്യമല്ലേ. അത്രയല്ലേ താനും ചെയ്തുള്ളൂ. അതിനാണ് ചിലർ അതു വിഡിയോയെടുത്തു നാടു മുഴുവൻ പ്രചരിപ്പിച്ചത്!
പറഞ്ഞു വന്നത് ഒറ്റ വിഡിയോയിലൂടെ ലോക പ്രശസ്തനായ ഗൊറില്ല കിയോമാസയെ കുറിച്ചാണ്. നാഗോയയിലെ ഹിഗാഷിയാമ മൃഗശാലയിൽ പങ്കാളിയുമായുള്ള വഴക്കിനു പിന്നാലെ ഒറ്റയ്ക്കിരുന്നു ‘ചിന്തിക്കുന്ന’ കിയോമാസ എന്ന ഗൊറില്ലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.
പലരും ഇന്റർനെറ്റിൽ അവന്റെ വിഡിയോ പലവട്ടം തിരഞ്ഞു. ഇതു വായിച്ച ശേഷം ഉറപ്പായും നിങ്ങളും തിരയും. കിയോമാസ ഒരു പ്രതിഭാസമാകുന്നതിനു മുൻപേ ലോകം ആരാധിച്ചത് അവന്റെ പിതാവിനെയാണ്– ശബാനി. നെതർലൻഡ്സിൽ ജനിച്ച്, ഓസ്ട്രേലിയയിൽ വളർന്ന ഗൊറില്ലയാണ് ശബാനി. ഇപ്പോൾ താമസം ജപ്പാനിൽ.
ശബാനിയെയും മകൻ കിയോമാസയെയും കാണാനാണ് ഹിഗാഷിയാമ മൃഗശാലയിലെത്തിയത്. വിശാലമായ എസി മുറിയിലാണു ഗൊറില്ലകളുടെ താമസം. ഗൊറില്ലകൾക്കു ചാടി മറിയാനും ഉയരങ്ങളിലേക്കു കയറാനുമൊക്കെയായി കയറുകളും ഊഞ്ഞാലുകളുമെല്ലാം ഇഷ്ടംപോലെ.
ഞങ്ങളെത്തുമ്പോൾ ഗൊറില്ലകൾക്കു ഭക്ഷണം നൽകാനുള്ള തയാറെടുപ്പിലായിരുന്നു മൃഗശാലയിലെ ജീവനക്കാർ. എത്തിയപ്പോൾ തന്നെ കിയോമാസയെക്കുറിച്ചു ചോദിച്ചു; ഉത്തരം ഞെട്ടിച്ചു– ‘കിയോമാസ ഇന്ന് അവധിയിലാണ്. ചെറിയൊരു ആരോഗ്യ പ്രശ്നം. അതുകൊണ്ടു വിശ്രമം. കിയോമാസയ്ക്കു പകരം അവന്റെ പിതാവിനെ കണ്ടാൽ പോരേ... ദാ വരുന്നു, ശബാനി’.
മൃഗശാലയിൽ വലിച്ചുകെട്ടിയ കയറിനു മുകളിലൂടെ ബാലൻസ് ചെയ്തു നടക്കുകയാണ് ശബാനി. ഒരുകാലത്ത് ജപ്പാൻകാരുടെ ഹീറോയായിരുന്നു ശബാനി. 2015ൽ ഏറ്റവും ‘സുന്ദരനായായ’ ഗൊറില്ലയെന്ന വിശേഷണം ലഭിച്ചതോടെ ശബാനിയെ കാണാൻ മൃഗശാലയിലേക്ക് സന്ദർശകരുടെ ഒഴുക്കായിരുന്നത്രേ.
ആ വഴിക്ക് ഒരു ടെലിവിഷൻ ഷോയിലും കക്ഷി മുഖം കാണിച്ചു. പിന്നീട് പല പരസ്യങ്ങളിലും ശബാനി പ്രത്യക്ഷപ്പെട്ടു. 2016ൽ നാഗോയ സിറ്റി ഭരണകൂടം നടത്തിയ റിക്രൂട്മെന്റ് ഡ്രൈവിന്റെ പ്രചാരണത്തിലും ശബാനിയായിരുന്നു താരം. അങ്ങനെയിരിക്കെയാണു വൈറൽ വിഡിയോയിലൂടെ പിതാവിന്റെ വഴിയെ മകൻ കിയോമാസയും ആരാധക മനസ്സിലേക്കു കടന്നത്.
ഹിഗാഷിയാമ മൃഗശാലയിലേക്കു വരുന്ന ആരും ആദ്യം ചോദിക്കുന്നത് ഗൊറില്ലകളുടെ വാസകേന്ദ്രത്തെക്കുറിച്ചാണ്. കുട്ടികളുമായി വരുന്നവർ മണിക്കൂറുകൾ കഴിഞ്ഞാണു ഗൊറില്ലകളുടെ സ്ഥലത്തു നിന്നും മടങ്ങുന്നതും. കൂട്ടമായാണു ഗൊറില്ലകളുടെ താമസം. അതിശക്തനായ ഒരു ആൺകുരങ്ങാണ് ആ കൂട്ടത്തെ നയിക്കുന്നത്; ഹിഗാഷിയാമ മൃഗശാലയിൽ ശബാനിയെപ്പോലെ.
English Summary:






English (US) ·