മുല്ലൻപുർ ∙ ബാറ്റിങ് ഓർഡറിലെ പൊളിച്ചെഴുത്തുകളും ബാറ്റിങ്ങിലെ ‘ചെറിയ’ പരിശ്രമങ്ങളും മാത്രം മതിയായിരുന്നില്ല ആ കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ. നന്നായി പൊരുതിയെങ്കിലും പഞ്ചാബ് ഉയർത്തിയ റൺമലയ്ക്ക് 54 റൺസ് അകലെ ലക്നൗ വീണു. 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവിന്റെ ഇന്നിങ്സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു. ഐപിഎൽ സീസണിൽ അപരാജിത കുതിപ്പ് തുടരുന്ന പഞ്ചാബിന് അഞ്ചാം ജയം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയ ലക്നൗ, എട്ടാം സ്ഥാനത്താണ്. ക്യാപ്റ്റൻ ഋഷഭ് പന്ത് (23 പന്തിൽ 43), മിച്ചൽ മാർഷ് (28 പന്തിൽ 40), ആയുഷ് ബദോനി (21 പന്തിൽ 35), എയ്ഡൻ മാർക്രം (22 പന്തിൽ 42) മുകുൾ ചൗധരി (17 പന്തിൽ 21*) എന്നിവരുടെ ബാറ്റിങ്ങിലൂടെ ലക്നൗ തിരിച്ചെടിക്കു ശ്രമിച്ചെങ്കിലും ജയത്തിലെത്താനായില്ല
ഓപ്പണിങ് സഖ്യത്തിന് മാറ്റം വരുത്തിയാണ് ലക്നൗ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ്. എയ്ഡൻ മാർക്രത്തിനു പകരം മിച്ചൽ മാർഷിനൊപ്പം ക്രീസിലെത്തിയത് ആയുഷ് ബദോനി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ലക്നൗവിനു നൽകിയത്. പവർപ്ലേയിലെ അവസാന പന്തിൽ ബദോനി പുറത്താകുമ്പോൾ പഞ്ചാബിനെ സ്കോർബോർഡിൽ 61 റൺസുണ്ടായിരുന്നു. വിജയകുമാർ വൈശാഖാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്തും അടിച്ചുകളിച്ചതോടെ ലക്നൗ സ്കോർ അതിവേഗം ചലിച്ചു. 12–ാം ഓവറിൽ മാർഷിനെ പുറത്താക്കി യുസ്‌വേന്ദ്ര ചെഹലാണ് പഞ്ചാബിന് അടുത്ത ബ്രേക്ത്രൂ നൽകിയത്. തൊട്ടടുത്ത ഓവറിൽ ഋഷഭ് പന്തിനെ അർഷ്ദീപ് സിങ്ങും മടക്കിയതോടെ ജയിക്കാനുള്ള ലക്നൗവിന്റെ ശ്രമം ദുഷ്കരമായി.
നാലാമനായി ഇറങ്ങിയ നിക്കോളാസ് പുരാന് (9) ഈ മത്സരത്തിലും തിളങ്ങാനായില്ല. അഞ്ചാമനായി ഇറങ്ങിയ എയ്ഡൻ മാർക്രം ലക്നൗവിലെ പുത്തൻ ഹീറോ മുകുൾ ചൗധരി എന്നിവർക്ക് പരാജയമാർജിൻ കുറയ്ക്കാനെ സാധിച്ചുള്ളൂ. മാർക്കോ യാൻസൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ്, വിജയകുമാർ വൈശാഖ്, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
∙ പ്രിയ പ്രിയാംശ്, സൂപ്പർ കൂപ്പർആദ്യ ഓവറിലെ മൂന്നാം പന്തിൽ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിന്റെ (0) വിക്കറ്റ് വീണതു മാത്രമേ ലക്നൗ ബോളർമാർക്ക് ഓർമയുള്ളൂ. പിന്നീടങ്ങോട്ട് വെടിക്കെട്ടിന് തിരികൊളുത്തിയ അവസ്ഥയായിരുന്നു. ഒരുവശത്ത് പ്രിയാംശ് ആര്യയും (37 പന്തിൽ 92) മറുവശത്ത് കൂപ്പർ കാനലിയും (46 പന്തിൽ 87) തലങ്ങുംവിലങ്ങും പ്രഹരിച്ചതോടെ ലക്നൗവിന്റെ ‘വെടി’ തീർന്നു. സെഞ്ചറി കയ്യകലെ ഇരുവർക്കും നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ വെറും 80 പന്തിൽ ഇവർ കൂട്ടിച്ചേർത്തത് 182 റൺസ്. ഐപിഎലിൽ 19 വർഷത്തിനിടെ മൂന്നാം തവണ മാത്രമാണ് പഞ്ചാബ് ഇന്നിങ്സിൽ ഒരു കൂട്ടുകെട്ടിൽ 180 റൺസിനു മുകളിൽ പിറക്കുന്നത്. ഇരുവരുടെയും ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ് നേടിയത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ്. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. ചെന്നൈയ്ക്കെതിരെ ആർസിബി നേടിയ 250/3 ആയിരുന്നു ഇതുവരെയുള്ള ഉയർന്ന ടോട്ടൽ.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു മുഹമ്മദ് ഷമിയുടെ ആദ്യ ഓവർ. മൂന്നാം പന്തിൽ തന്നെ ഉഗ്രൻ ഫോമിലുള്ള ഓപ്പണർ പ്രഭ്സിമ്രൻ സിങ് ഗോൾഡൻ ഡക്കായി പുറത്തായി. എന്നാൽ തൊട്ടടുത്ത ഓവർ മുതൽ ലക്നൗവിനു പാളി തുടങ്ങി. ആദ്യ പന്തിൽ തന്നെ മൊഹ്സിൻ ഖാനെ പ്രിയാംശ് ആര്യ സിക്സറിനു തൂക്കി. പിന്നീടങ്ങോട് എട്ടു സിക്സുകൾ കൂടി ആ ബാറ്റിൽനിന്നു പിറന്നു. ആകെ അടിച്ചു കൂട്ടിയത് 9 സിക്സും 4 ഫോറും. 19 പന്തിൽ അർധസെഞ്ചറി.
മറുവശത്ത് കൂപ്പർ കാനലി ആദ്യം ഒന്നു ‘മടിച്ചു’ നിന്നെങ്കിലും പിന്നീട് ട്രാക്കിലായി. ഏഴു സിക്സും എട്ടു ഫോറുമാണ് കാനലിയുടെ ബാറ്റിൽനിന്നു പിറന്നത്. പവർപ്ലേയിൽ 1ന് 63 എന്ന നിലയിലായിരുന്ന പഞ്ചാബ്, പത്ത് ഓവറായപ്പോൾ 110ലും 13 ഓവറായപ്പോൾ 179 റൺസിലുമെത്തി. എയ്‍ഡൻ മാർക്രം എറിഞ്ഞ 13–ാം ഓവറിൽ അഞ്ച് സിക്സ് സഹിതം 32 റൺസാണ് കാനലിയും പ്രിയാംശും ചേർന്ന് അടിച്ചകൂട്ടിയത്. 14–ാം ഓവറിൽ കാനലിയെ വീഴ്ത്തി പ്രിൻസ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ മണിമാരൻ സിദ്ധാർഥിന്റെ പന്തിൽ മിച്ചൽ മാർച്ചിന്റെ വെടിക്കെട്ട് ക്യാച്ചിൽ പ്രിയാംശും വീണു. സെഞ്ചറിക്കരികെ ഇരുവരും വീണെങ്കിലും അപ്പോഴേയ്ക്കും പഞ്ചാബ് സ്കോർ 187ൽ എത്തിയിരുന്നു.
16–ാം ഓവറിൽ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരെ (6 പന്തിൽ 5) മൊഹ്സിൻ ഖാൻ കൂടി പുറത്തായതോടെ അൽപനേരം പഞ്ചാബിനെ ‘പിടിച്ചുകെട്ടാൻ’ ലക്നൗവിനായി. എന്നാൽ അഞ്ചാമനായി ഇറങ്ങിയ മാർക്കസ് സ്റ്റോയിനിസ് (16 പന്തിൽ 29) സ്കോർ 250 കടത്തുകയായിരുന്നു. നേഹൽ വധേര (7 പന്തിൽ 13), ശശാങ്ക് സിങ് (6 പന്തിൽ 17) എന്നിവർ ചെറിയ ‘സംഭാവനകളുമായി’ പുറത്തായപ്പോൾ അവസാന ഓവറിൽ ക്രീസീലെത്തിയ മാർക്കോ യാൻസൻ (1 പന്തിൽ 1*) പുറത്താകാതെ നിന്നു. ലക്നൗവിനായി പ്രിൻസ് യാദവ്, മണിമാരൻ സിദ്ധാർഥ് എന്നിവർ രണ്ടു വീതം വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമി, മൊഹ്സിൻ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
English Summary:







English (US) ·