പഞ്ചാബിന് എന്തുപറ്റി? തുടർച്ചയായ അഞ്ചാം തോൽവി, മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: May 14, 2026 09:40 PM IST Updated: May 14, 2026 11:35 PM IST

2 minute Read

tilak-varma
മുംബൈ താരം തിലക് വർമയുടെ ബാറ്റിങ്. Photo: IPL

ധരംശാല∙ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ പഞ്ചാബ് കിങ്സിന് തുടർച്ചയായ അഞ്ചാം തോൽവി. നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആറു വിക്കറ്റ് വിജയമാണു നേടിയത്. പഞ്ചാബ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ നാലാം സ്ഥാനത്താണ്. അതേസമയം സീസണിലെ നാലാം വിജയം സ്വന്തമാക്കിയ മുംബൈ ഒൻപതാമതാണ്. അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന തിലക് വർമയുടെ ഇന്നിങ്സാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. 33 പന്തുകൾ നേരിട്ട തിലക് വർമ ആറു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 75 റൺസുമായി പുറത്താകാതെനിന്നു.‌‌റയാൻ റിക്കിൾട്ടൻ (23 പന്തിൽ 48), വിൽ ജാക്സ് (10 പന്തില്‍ 25), രോഹിത് ശർമ (26 പന്തിൽ 25) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ.

ഓപ്പണിങ് വിക്കറ്റിൽ 61 റൺസാണ് രോഹിത് ശർമയും റയാൻ റിക്കിള്‍ട്ടനും ചേർന്നു മുംബൈയ്ക്കായി കൂട്ടിച്ചേർത്തത്. പവർപ്ലേയ്ക്കു പിന്നാലെ അസ്മത്തുല്ല ഒമർസായിയുടെ പന്തിൽ റയാൻ റിക്കിൾട്ടൻ പുറത്തായി. നാലു വീതം സിക്സുകളും ഫോറുകളുമാണ് റിക്കിൾട്ടൻ ബൗണ്ടറി കടത്തിയത്. പിന്നാലെയെത്തിയ നമൻ ധീറിന് തിളങ്ങാൻ സാധിച്ചില്ല. മാർകോ യാൻസന്റെ പന്തിൽ അർഷ്ദീപ് സിങ് ക്യാച്ചെടുത്താണ് നമൻ ധീറിനെ പുറത്താക്കിയത്. സ്കോർ 88 ൽ നിൽക്കെ യുസ്‍വേന്ദ്ര ചെഹലിന്റെ പന്തിൽ ബോൾഡായി രോഹിത് ശർമയും മടങ്ങി.

25 പന്തുകളിൽനിന്നാണ് തിലക് വർമ അർധ സെഞ്ചറി തികച്ചത്. 20 റൺസെടുത്ത ഷെർഫെയ്ൻ റുഥർഫോഡിനെ അസ്മത്തുല്ല ഒമർസായി, സേവ്യർ ബാർട്‍ലെറ്റിന്റെ കൈകളിലെത്തിച്ചു. അവസാന ആറു പന്തിൽ 15 റൺസാണ് മുംബൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. സേവ്യർ ബാർട്‍ലെറ്റിന്റെ ആദ്യ പന്തു തന്നെ വിൽ ജാക്സ് സിക്സർ പറത്തി. ബാര്‍ട്‍ലെറ്റിന്റെ നാലും അഞ്ചും പന്തുകൾ സിക്സർ പറത്തിയ തിലക് വർമ ഒരു പന്തു ബാക്കി നിൽക്കെ മുംബൈയെ വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്, 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 200 റൺസടിച്ചു. അര്‍ധ സെഞ്ചറി നേടിയ ഓപ്പണർ പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട പ്രബ്സിമ്രൻ 57 റൺസാണു നേടിയത്. അസ്മത്തുല്ല ഒമർസായി (17 പന്തിൽ 38), പ്രിയൻഷ് ആര്യ (17 പന്തില്‍ 22), കൂപർ കോണോലി (22 പന്തിൽ 21) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്കോറർമാർ.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുൾപ്പടെയുള്ള മധ്യനിര താരങ്ങൾ നിരാശപ്പെടുത്തിയതോടെ ചെറിയ സ്കോറിലേക്കു വീഴുമായിരുന്ന പഞ്ചാബിനെ, അവസാന ഓവറുകളിലെ പോരാട്ടത്തിലൂടെ മലയാളി താരം വിഷ്ണു വിനോദും സേവ്യർ ബാർട്‍ലെറ്റും ചേർന്നാണ് 200 ൽ എത്തിച്ചത്. എട്ടു പന്തുകൾ നേരിട്ട വിഷ്ണു ഒരു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തി 15 റൺസെടുത്തു പുറത്താകാതെനിന്നു. പഞ്ചാബ് ജഴ്സിയിൽ വിഷ്ണുവിന്റെ ആദ്യ മത്സരമാണിത്. ഏഴു പന്തുകൾ നേരിട്ട സേവ്യർ ബാർട്‌‍ലെറ്റ് 18 റൺസടിച്ചു. ശ്രേയസ് അയ്യർ (നാലു റൺസ്), സൂര്യാൻഷ് ഷെഡ്ഗെ (എട്ട്), ശശാങ്ക് സിങ് (രണ്ട്), മാർകോ യാൻസൻ (രണ്ട്) എന്നിവരാണ് ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയത്.

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം PBKS എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

വിഷ്ണു വിനോദിന്റെ ബാറ്റിങ്.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം PBKS എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ പഞ്ചാബിനു സാധിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി 50 റൺസിന്റെ കൂട്ടുകെട്ടാണ് ഓപ്പണർമാർ നൽകിയത്. 11 ഓവറിൽ സ്കോർ 100 പിന്നിട്ടു. 107ന് രണ്ട് എന്ന നിലയിൽനിന്ന്, 140 ന് ഏഴ് എന്ന നിലയിലേക്ക് അതിവേഗത്തിലായിരുന്നു പഞ്ചാബിന്റെ വീഴ്ച്ച. മുംബൈയ്ക്കായി നാലോവറുകൾ പന്തെറിഞ്ഞ ഷാർദൂൽ ഠാക്കൂർ 39 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചാഹർ രണ്ടും കോർബിൻ ബോഷ്, രാജ് ബാവ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

English Summary:

Indian Premier League, Punjab Kings vs Mumbai Indians Match Updates

Read Entire Article