Published: April 28, 2026 09:25 PM IST Updated: April 28, 2026 11:12 PM IST
2 minute Read
ന്യൂ ചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പിന് അവസാനം. രാജസ്ഥാൻ റോയൽസാണ് പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ആറു വിക്കറ്റ് വിജയമാണ് റോയൽസ് സ്വന്തമാക്കിയത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ആറാം വിജയം സ്വന്തമാക്കിയ രാജസ്ഥാൻ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
മറുപടി ബാറ്റിങ്ങിൽ ഡോനോവൻ ഫെരേരയും യശസ്വി ജയ്സ്വാളും രാജസ്ഥാനു വേണ്ടി അർധ സെഞ്ചറികൾ സ്വന്തമാക്കി. 26 പന്തുകളിൽനിന്ന് ഡോനോവൻ ഫെരേര 52 റൺസും 27 പന്തുകളിൽ ജയ്സ്വാൾ 51 റൺസും സ്കോർ ചെയ്തു. വൈഭവ് സൂര്യവംശി (16 പന്തിൽ 43), ശുഭം ദുബെ (12 പന്തിൽ 31) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ക്യാപ്റ്റൻ റിയാൻ പരാഗ് 29 റൺസടിച്ചു പുറത്തായി.
പതിവു പോലെ വെടിക്കെട്ട് തുടക്കമാണ് വൈഭവ് സൂര്യവംശി രാജസ്ഥാനു നൽകിയത്. 16 പന്തുകളിൽ അഞ്ച് സിക്സും മൂന്നു ഫോറുകളും ഉൾപ്പടെ 43 റൺസ് താരം അടിച്ചുകൂട്ടി. അർഷ്ദീപ് സിങ്ങെറിഞ്ഞ നാലാം ഓവറിലെ രണ്ടാം പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് വൈഭവിനെ മടക്കി. വൈഭവിന്റെ കരുത്തിൽ പവർപ്ലേയിൽ 84 റൺസടിച്ച രാജസ്ഥാന്‍ ഒൻപത് ഓവറിൽ 100 പിന്നിട്ടു. സ്കോർ 105ല്‍ നിൽക്കെ ധ്രുവ് ജുറേലിനെ ചെഹൽ മാർകോ യാൻസന്റെ കൈകളിലെത്തിച്ചു. 123 ൽ യശസ്വി ജയ്സ്വാളിനെയും 151 ൽ പരാഗിനെയും ചെഹൽ വീഴ്ത്തിയതോടെ പഞ്ചാബിന് പ്രതീക്ഷയായി. എന്നാൽ മധ്യനിരയിൽ ഡോനോവന്‍ ഫെരേരയും ശുഭം ദുബെയും തകർത്തടിച്ചതോടെ രാജസ്ഥാൻ വിജയത്തിലെത്തി. ഇരുവരും ചേർന്ന് 77 റൺസാണു കൂട്ടിച്ചേർത്തത്. പഞ്ചാബിനു വേണ്ടി യുസ്‍വേന്ദ്ര ചെഹൽ മൂന്നും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കുകയായിരുന്നു. 22 പന്തിൽ 62 റൺസടിച്ച മധ്യനിര താരം മാർകസ് സ്റ്റോയ്നിസാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ആറു സിക്സുകളും നാലു ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. 44 പന്തുകളിൽ 59 റൺസടിച്ച ഓപ്പണർ പ്രബ്സിമ്രൻ സിങ്ങും അർധ സെഞ്ചറി തികച്ചു.
പഞ്ചാബിനായി ബാറ്റിങ്ങിനിറങ്ങിയവരെല്ലാം തിളങ്ങി. കൂപ്പർ കോണോലി (14 പന്തിൽ 30), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (27 പന്തിൽ 30), പ്രിയൻഷ് ആര്യ (11 പന്തിൽ 29) എന്നിവരും തകർത്തടിച്ചു. ഓപ്പണിങ് കൂട്ടുകെട്ടിൽ 37 റൺസാണ് പ്രബ്സിമ്രൻ സിങ്ങും പ്രിയൻഷ് ആര്യയും കൂട്ടിച്ചേർത്തത്. ജോഫ്ര ആർച്ചറുടെ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ നാന്ദ്രെ ബർഗർ ക്യാച്ചെടുത്ത് പ്രിയൻഷ് ആര്യയെ പുറത്താക്കി.
പവർപ്ലേയിൽ 65 റൺസാണ് പഞ്ചാബ് അടിച്ചത്. സ്കോർ 97ൽ നിൽക്കെ കൂപർ കോണോലിയെ യഷ് രാജ് പുഞ്ച വീഴ്ത്തി. പ്രബ്സിമ്രൻ സിങ്ങിനെയും പുഞ്ച പുറത്താക്കിയെങ്കിലും ശ്രേയസ് അയ്യരും, പിന്നാലെ വന്ന മാർകസ് സ്റ്റോയ്സിനും തകർത്തടിച്ചതോടെ പഞ്ചാബ് സ്കോർ 200 പിന്നിട്ടു. ബ്രിജേഷ് ശർമയെറിഞ്ഞ 20–ാം ഓവറിൽ മൂന്നു ഫോറുകളും രണ്ടു സിക്സുകളുമുൾപ്പടെ 24 റൺസാണ് സ്റ്റോയ്നിസ് ബൗണ്ടറി കടത്തിയത്.
English Summary:







English (US) ·