അസമിലെ ദിബ്രുഗഡിൽനിന്ന് തോമസ് ജേക്കബ്
Published: February 05, 2026 08:35 AM IST Updated: February 05, 2026 09:37 AM IST
1 minute Read
ബ്രഹ്മപുത്രയുടെ തീരങ്ങളിലെ പുൽമേടുകളിൽ സ്വതന്ത്രരായി മേയുന്ന കുതിരകളെ കാണാം. അവയെ മെരുക്കാൻ നാട്ടുകാർ ശ്രമിക്കാറില്ല. എന്നാൽ സന്തോഷ് ട്രോഫി കിരീടത്തിലേക്കുള്ള കേരളത്തിന്റെ അശ്വമേധമാർഗം മുടക്കാൻ പഞ്ചാബ് ഇന്നു കച്ചകെട്ടും! കിരീടം മാത്രം ലക്ഷ്യമിട്ട് അസമിലേക്കു വണ്ടികയറിയ കേരളത്തിനു മുന്നോട്ടു പോയേ തീരൂവെന്നതിനാൽ മൈതാനത്തു തീപാറുമെന്നുറപ്പ്. ക്വാർട്ടറിൽ അസമിനെ 3–0ന് തോൽപിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലുള്ള കേരളം ഇന്ന് സെമിഫൈനലിൽ ശക്തരായ പഞ്ചാബിനെ നേരിടും. ഉയരവും കരുത്തുമുള്ള എതിരാളികളെ നേരിടാൻ മൈതാനത്തിലെ ഒത്തിണക്കമാണ് കേരളത്തിന്റെ മറുപടി. കേരള ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. ഹോട്ടലിനുള്ളിൽ വ്യായാമം മാത്രമാണ് ഉണ്ടായിരുന്നത്. ധാക്കുവാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. ഫിഫ പ്ലസിൽ തത്സമയം.
തളരാത്ത കേരളംനിലവിൽ താമസിക്കുന്ന ഹോട്ടലിനിന്നും താമസം മാറണമെന്ന് അറിയിപ്പ് ലഭിച്ചതിന്റെ ആശയക്കുഴപ്പത്തിലായിരുന്നു ഇന്നലെ രാവിലെ കേരള ടീം. ആശങ്കകൾക്കിടയിലും താരങ്ങൾ ഐസ് ബാത്ത് നടത്തി. ഉച്ചഭക്ഷണത്തിനു ശേഷം പുതിയ ഹോട്ടലിൽ എത്തിയശേഷമാണ് മറ്റു തയാറെടുപ്പുകൾ തുടങ്ങിയത്. ക്വാർട്ടർ ഫൈനലിൽ അസമിനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരങ്ങളിൽ നേരിട്ട വെല്ലുവിളികൾ ടീം അതിജീവിച്ചതായാണ് വിലയിരുത്തൽ. മൈതാനവുമായി ഇണങ്ങിക്കളിക്കാൻ താരങ്ങൾക്കു കഴിയുന്നുണ്ട്. ക്രിയാത്മകമായ പാസുകളിലൂടെ കളിമെനയാനാണ് ശ്രമം.
പഞ്ചാബിനെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപിച്ചത് മത്സരത്തെ നിസ്സാരമായി കാണാനുള്ള കാരണമല്ല. ലക്ഷ്യമാണ് പ്രധാനം. ഹോട്ടൽ മാറ്റം തയാറെടുപ്പുകളെ ബാധിച്ചിട്ടില്ല
പ്രതിരോധത്തിലെ കണിശതയും മധ്യനിരയിലെ ഒത്തിണക്കവും ക്വാർട്ടറിൽ കണ്ടു. മധ്യനിരയിൽ വി.അർജുനും എം.എം.അർജുനും ഒപ്പം ഒ.എം.ആസിഫും ഫോമിലേക്കുയർന്നതോടെ ആക്രമണങ്ങൾക്ക് മൂർച്ച കൂടും. ഗോൾകീപ്പർ എസ്.ഹജ്മലിന്റെ മിന്നും ഫോമും പ്രതീക്ഷയാണ്. കഴിഞ്ഞ കളിയിൽ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ക്യാപ്റ്റൻ ജി.സഞ്ജു ഇന്നിറങ്ങാനാണ് സാധ്യത. മുന്നേറ്റ താരം ടി.ഷിജിനു പനി പിടിച്ചതിനാൽ കളിക്കാൻ സാധ്യതയില്ല. പഞ്ചാബിന്റെ കാൽപന്ത് കളി മൈതാനത്തിലെ കവിതയല്ല. ഗോൾ നേടി, കളി ജയിക്കൽ മാത്രമാണ് അവരുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോൽപിച്ചിരുന്നു.
ലോങ് ബോളുകളിലൂടെ മുന്നേറാൻ ശ്രമിക്കുന്ന ടീമാണ് പഞ്ചാബ്. ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാനും മിടുക്കർ. ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള ഹിമാൻഷു ജങ്റയാണ് തുറുപ്പുചീട്ട്. 9 ഗോളുകളാണ് താരം ഇതുവരെ നേടിയത്. ഗോൾ നേടുമ്പോഴും പ്രതിരോധത്തിലെ ചെറിയ പിഴവുകൾ വെല്ലുവിളിയാണ്.
റെയിൽവേസ് – സർവീസസ്ടൂർണമെന്റിൽ ഒരേനിലവാരത്തിൽ കളിക്കുന്ന രണ്ടു ടീമുകളാണ് സർവീസസും റെയിൽവേസും. ജയത്തേക്കാളേറെ സമനിലകൾ. എന്നാൽ, നോക്കൗട്ട് മത്സരങ്ങളിൽ അപ്രതീക്ഷിത പ്രകടനങ്ങൾക്കു ശേഷിയുള്ളവർ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 1–1 സമനിലയായിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ ശക്തരായ സർവീസസ് പ്രതീക്ഷിച്ച പ്രകടനം നടത്താനാകാതെ വിഷമിച്ചു. തുടർച്ചയായ 3 സമനിലകൾക്കും പഞ്ചാബിനോടേറ്റ തോൽവിക്കും ശേഷം കേരളത്തിനെ 1–0ന് തോൽപ്പിച്ചാണ് സർവീസസ് ക്വാർട്ടറിൽ എത്തിയത്. ക്വാർട്ടറിൽ ചാംപ്യൻമാരായ ബംഗാളിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് സെമിയിലേക്ക് കടന്നു. റെയിൽവേസ് ഗ്രൂപ്പ് ഘട്ടത്തിൽ 4 സമനിലകളും ഒരു വിജയവുമായാണ് ക്വാർട്ടറിനു യോഗ്യത നേടിയത്. ക്വാർട്ടറിൽ രാജസ്ഥാനെ 2–0ന് തോൽപിച്ച് സെമിയിലേക്ക് മുന്നേറി. സിലാപത്തർ സ്റ്റേഡിയത്തിൽ രാവിലെ 11നാണ് മത്സരം.
English Summary:







English (US) ·