പണം അടച്ചില്ല, പാക്ക് താരങ്ങൾക്ക് ഓസ്ട്രേലിയയിൽ മുറിയില്ല; പാത്രം കഴുകിയ ശേഷം കളിക്കാൻ ഇറങ്ങി!

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: February 19, 2026 01:09 PM IST

1 minute Read

 R. SATISH BABU / AFP
പാക്കിസ്ഥാൻ ഹോക്കിതാരങ്ങൾ. Photo: R. SATISH BABU / AFP

ലഹോർ∙ പാക്കിസ്ഥാൻ ഹോക്കി ഫെ‍ഡറേഷനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ ദേശീയ ടീം ക്യാപ്റ്റൻ ഷക്കീൽ അഹമ്മദ് ബട്ട്. ഓസ്ട്രേലിയയിൽ മത്സരങ്ങൾക്കായി പോയപ്പോൾ താമസ സൗകര്യം പോലും ലഭിച്ചില്ലെന്നും തെരുവുകളിൽ അലയുകയായിരുന്നെന്നും ഷക്കീൽ ആഞ്ഞടിച്ചു. ഭക്ഷണം കഴിച്ചശേഷം അടുക്കള വൃത്തിയാക്കിയ ശേഷമാണു താരങ്ങൾ മത്സരങ്ങൾക്കു പോകേണ്ടിവന്നതെന്നും ഷക്കീൽ ലഹോർ വിമാനത്താവളത്തിൽവച്ച് മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ദേശീയ ടീമിന്റെ ഓസ്ട്രേലിയയിലെ ചെലവുകൾക്കായി 10 മില്യൻ പാക്കിസ്ഥാനി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് പാക്ക് സ്പോർട്സ് ബോർഡ് പറയുന്നത്. എന്നാൽ ഇത് പാക്കിസ്ഥാൻ ഹോക്കി ഫെഡറേഷൻ ഉപയോഗിച്ചില്ലെന്നാണു പരാതി. പ്രോ ലീഗ് ഹോക്കി മത്സരങ്ങള്‍ക്കായി സിഡ്നി വിമാനത്താവളത്തിലെത്തിയ പാക്കിസ്ഥാനി താരങ്ങൾ താമസ സൗകര്യം ലഭിക്കാതെ 14 മണിക്കൂർ വഴിയോരത്ത് കാത്തുനിര്‍ത്തിയെന്ന ഗുരുതരമായ പരാതിയാണ് വിവാദമായത്. തുടർന്ന് ഹോട്ടലിലെത്തിയപ്പോൾ പാക്ക് താരങ്ങൾക്ക് മുറിയില്ലെന്നും അഡ്വാൻസ് തുക അടച്ചിട്ടില്ലെന്നുമായിരുന്നു മറുപടി.

താമസ സൗകര്യം കിട്ടാതായതോടെ പാക്ക് താരങ്ങൾ മണിക്കൂറുകളോളം റോഡരികിയിൽ ‘പോസ്റ്റായി’. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിന് തലേ ദിവസമായിരുന്നു സംഭവം. മത്സരത്തിൽ ഓസ്ട്രേലിയയോടും ജര്‍മനിയോടും പാക്കിസ്ഥാൻ തോൽവി വഴങ്ങിയിരുന്നു. ‘‘13 ദിവസമായിരുന്നു ഞങ്ങൾ ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നത്. എന്നാൽ 10 ദിവസത്തെ താമസ സൗകര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ മൂന്നു ദിവസത്തേക്കു വേണ്ടി ഞങ്ങൾ ഒരു വിലകുറഞ്ഞ സ്ഥലത്തേക്കു മാറി. തുണി അലക്കിയും ശുചിമുറി വൃത്തിയാക്കിയുമാണു താരങ്ങൾ കളിക്കാൻ ഇറങ്ങുന്നത്. പരിശീലനത്തിന് സമയം പോലുംകിട്ടിയില്ല’’- ഷക്കീൽ ബട്ട് ആരോപിച്ചു.

സംഭവത്തിൽ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം മാധ്യമങ്ങളോടു സംസാരിച്ചാൽ താരങ്ങൾക്കെതിരെ അച്ചടക്ക നടപടി വരുമെന്ന് ഹോക്കി ഫെഡറേഷൻ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.

English Summary:

Pakistan Hockey Captain Slams Federation Over Australia Tour Mishaps

Read Entire Article